ചെങ്ങന്നൂര്‍ ചുവപ്പണിയിച്ച കരുത്തന്‍; രണ്ടാം വിജയം മന്ത്രി സ്ഥാനം സമ്മാനിച്ചു, സജി ചെറിയാന്റെ വളര്‍ച്ചയും തളര്‍ച്ചയും പൊടുന്നനെ

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തെ തുടര്‍ച്ചയായി രണ്ടു തവണ ചുവപ്പിച്ചാണ് സജി ചെറിയാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ തന്റെ ഇടം അരക്കിട്ടുറപ്പിച്ചത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി. എന്നാല്‍ മന്ത്രി എന്ന ജാഗ്രതില്ലാതെ നടത്തിയ ഭരണഘടനാ അവഹേളനം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്ന് രാജിവെക്കുന്ന ആദ്യ മന്ത്രിയെന്ന കുപ്രസിദ്ധിയാണ് സജി ചെറിയാന് നേടികൊടുത്തത്. സംഘടനാ പ്രവര്‍ത്തന രംഗത്ത് സജി ചെറിയാന് പ്രവര്‍ത്തി പരിചയമുണ്ടായിരുന്നെങ്കിലും വളര്‍ച്ച പെട്ടായിരുന്നു ( saji cheriyan profile ).
എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് 2018-ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയാണ് സജി ചെറിയാന്‍ ആദ്യം കേരള നിയമസഭയിലെത്തിയത്. മൂന്ന് വര്‍ഷം കൊണ്ട് ചെങ്ങന്നൂരുകാരുടെ ജനപ്രിയ എംഎല്‍എയായി. മഹാപ്രളയത്തിലും ദുരിതകാലത്തും നാട്ടുകാര്‍ക്കൊപ്പം നിന്ന എംഎല്‍എയെന്ന് ഖ്യാതി നേടിയ സജി ചെറിയാനെ 32,093 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയാണ് 2021 ല്‍ രണ്ടാമതും നാട്ടുകാര്‍ നിയമസഭയിലേക്കയച്ചത്. മന്ത്രിസഭ രൂപീകരണത്തില്‍ ഇടതുപക്ഷം പരിഗണിച്ച സാമൂദായിക സമവാക്യങ്ങള്‍ കൂലി അനുകൂലമായതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഫിഷറീസ്, സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയായി. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലും സജി ചെറിയാന് ഇടം നേടാനായി. 2018ല്‍ തുടങ്ങി പൊടുന്നനെയുള്ള വളര്‍ച്ചയായിരുന്നു ഇക്കാലയളവില്‍ സജി ചെറിയാന്‍ നടത്തിയത്. എന്നാല്‍ അതെ വേഗതയിലുള്ള തളര്‍ച്ചയിലേക്കാണ് സജി ചെറിയാന്‍ പോകുന്നത്.
Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…
റിട്ടേര്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ ടി.ടി. ചെറിയാന്റെയും റിട്ടേര്‍ഡ് പ്രഥമാധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനായി 1965 മെയ് 28ന് ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ ജനിച്ച സജി ചെറിയാന്‍ എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. മാവേലിക്കര ബിഷപ്പ്മൂര്‍ കോളജ്, തിരുവനന്തപുരം ലോ അക്കാദമി, ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സജി ചെറിയാന്‍ 1980 ലാണ് സിപിഐഎം അംഗമായത്. എസ്എഫ്‌ഐ ആലപ്പുഴ ജില്ലാപ്രസിഡന്റ്, ജില്ലാസെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ്, സെക്രട്ടറി, സിഐടിയു ജില്ലാപ്രസിഡന്റ്, ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, ആലപ്പുഴ ജില്ലാസെക്രട്ടറി എന്നിങ്ങനെ പാര്‍ട്ടി ഘടകങ്ങളില്‍ നിരവധി ചുമതല വഹിച്ച സജി ചെറിയാന്‍ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. നിലവില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.
വിവാദ പരാമര്‍ശങ്ങളില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ കുരുക്കിലാകുന്നത് ഇത് ആദ്യമല്ല. അത്തരം വിവാദ വിഷയങ്ങളിലെല്ലാം നിലപാട് തിരുത്തി സജി ചെറിയാന്‍ തലയൂരുന്നതും കേരളം പലതവണ കണ്ടു.
മകനെ തട്ടിയെടുത്ത് ദത്തു നല്‍കിയെന്ന് മാതാപിതാക്കള്‍ക്കെതിരെ പരാതിപ്പെട്ട അനുപമക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം വലിയ ഒച്ചപ്പാടാണ് കേരളത്തിലുണ്ടാക്കിയത്. മന്ത്രി വ്യക്തിഹത്യ നടത്തിയെന്നു കാണിച്ച് പേരൂര്‍ക്കട പൊലീസില്‍ അനുപമ പരാതി നല്‍കുന്നതിലേക്ക് വരെ അന്ന് കാര്യങ്ങളെത്തി.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അധിക്ഷേപിച്ച് സജി ചെറിയാന്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് ഇപ്പോള്‍ സ്വപ്ന പറയുന്നതെന്നും, എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് സജി ചെറിയാന്‍ നടത്തിയ പ്രസ്താവന വന്‍ പ്രതിഷേധമാണ് സിനിമാ രംഗത്തുണ്ടാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിമന്‍ ഇന്‍ സിനിമ കലക്ടീവ് നിരന്തരം ആവശ്യപ്പെടുന്നതിനിടെ, അവരുടെ ഉദ്ദേശം വെറേയാണെന്നായിരുന്നു സജി ചെറിയാന്റെ നിലപാട്.
സില്‍വര്‍ ലൈന്‍ സമരത്തില്‍ തീവ്രവാദ സംഘടന ആളുകളെ ഇളക്കിവിടുകയാണെന്നും സര്‍വേ കല്ല് പിഴുത് മാറ്റിയാല്‍ വിവരം അറിയുമെന്നും മന്ത്രി ഭീഷണി മുഴക്കിയതും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here