ഷാരൂഖ് ഖാൻ ചിത്രം ‘ജവാനിൽ’ വില്ലനായി വിജയ് സേതുപതി

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ കിംഗ് ഖാൻ മടങ്ങിവരവ് നടത്തുന്ന ചിത്രമാണ് ‘ജവാൻ’. ഷാരൂഖിനൊപ്പം തെന്നിന്ത്യയിലെ വലിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു വമ്പൻ താരം കൂടി ചിത്രത്തിനൊപ്പം ചേരുന്നു എന്ന വാർത്തയാണ് ലഭിക്കുന്നത്. അറ്റ്ലീ ചിത്രത്തിൽ ഷാരൂഖാൻ്റെ വില്ലനായി വിജയ് സേതുപതി എത്താൻ പോകുന്നുവെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തകൾ വരുന്നത്.
സിനിമാ സ്‌ക്രീനിലേക്കുള്ള കിംഗ് ഖാൻ്റെ തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകർക്ക് ലഭിച്ച ഇരട്ടി മധുരമാണ് ഈ പ്രഖ്യാപനം. ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്നം മൂലം മാറുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി സേതുപതി അടുത്ത ആഴ്ച മുംബൈയിൽ എത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിക്കുന്നു.
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനിൽ ദീപിക പദുക്കോൺ, നയൻതാര, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ തുടങ്ങിയവരും ഷാരൂഖ് ഖാനൊപ്പം വേഷമിടുന്നുണ്ട്. റെഡ് ചില്ലി പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിലാണ് ജവാൻ ഒരുങ്ങുന്നത്. ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്. ഷാരൂഖ് ഖാന്റെ 30 വർഷത്തെ കരിയറിൽ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ഒരു സിനിമ പാൻ ഇന്ത്യ തലത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രം 2023 ജൂൺ 2 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Story Highlights: Shah Rukh Khan to fight Vijay Sethupathi in Jawan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here