തെറിച്ചത് പിണറായി സർക്കാരിന്റെ മിഡിൽ സ്റ്റമ്പ്; പരിഹാസവുമായി അഡ്വ. ജെബി മേത്തർ
ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചതോടെ പിണറായി സർക്കാരിനെ പരിഹസിച്ച് അഡ്വ. ജെബി മേത്തർ എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ”തെറിച്ചത് പിണറായി സർക്കാരിന്റെ മിഡിൽ സ്റ്റമ്പ്!” – ഇങ്ങനെയാണ് ജെബി മേത്തർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മിഡിൽ സ്റ്റമ്പ് തെറിക്കുന്ന ഒരു ചിത്രവും അവർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ( Resignation of Saji Cheriyan, Pinarayi Government’s middle stump is gone; Adv. Jebi Mather )
ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നൽകി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു.
മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ധരുടെ അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് രാജി പ്രഖ്യാപനം ഉണ്ടായത്. എകെജി സെന്ററില്‍ ഇന്നലെ രാവിലെ ചേര്‍ന്ന സിപിഐഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടന്‍ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയില്‍ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സിപിഐഎം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതല്‍ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനമുണ്ടായത്.
മല്ലപ്പള്ളിയില്‍ നൂറിന്റെ നിറവില്‍ എന്ന പരിപാടിയിലാണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നായിരുന്നു പ്രസ്താവന.
‘ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ മനോഹര ഭരണഘടനയെന്ന് ഞാന്‍ പറയും’… ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
Story Highlights: Resignation of Saji Cheriyan, Pinarayi Government’s middle stump is gone; Adv. Jebi Mather
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here