13 ടി-20കൾ തുടർച്ചയായി വിജയിക്കുന്ന ആദ്യ ക്യാപ്റ്റൻ; രോഹിത് ശർമയ്ക്ക് റെക്കോർഡ്

13 ടി-20 മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 വിജയിച്ചതോടെയാണ് രോഹിത് അപൂർവ റെക്കോർഡ് സ്വന്തമാക്കിയത്, ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റനായതിനു ശേഷം ടി-20കളിൽ രോഹിത് തുടരെ നേടുന്ന 10ആം വിജയമാണിത്. വിരാട് കോലി ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റനായിരിക്കെ രോഹിത് താത്കാലിക ക്യാപ്റ്റനായപ്പോൾ തുടരെ 3 ടി-20 മത്സരങ്ങൾ വിജയിച്ചിരുന്നു. 12 തുടർ വിജയങ്ങളുള്ള മുൻ അഫ്ഗാൻ നായകൻ അസ്ഗർ അഫ്ഗാനെയാണ് രോഹിത് മറികടന്നത്. (rohit sharma winning t20 record)
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ 50 റൺസിനു വിജയിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പോരാട്ടം 148 റൺസിൽ അവസാനിച്ചു. ടി-20 ഫോർമാറ്റിലെ തന്റെ ആദ്യ അർദ്ധസെഞ്ച്വറിയും നാലുവിക്കറ്റും സ്വന്തമാക്കിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
Read Also: ‘വീട്ടിലേക്ക് മടങ്ങുന്നു’; പോസ്റ്റ് പങ്കുവച്ച് സഞ്ജു സാംസൺ
സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പന്ത് കൊണ്ടും ബാറ്റുകൊണ്ടും മിന്നുന്ന പ്രകടനമാണ് ഹാർദിക് പാണ്ഡ്യ കാഴ്ചവെച്ചത്. പാണ്ഡ്യ(33 പന്തുകളിൽ 51 റൺസ്), സൂര്യകുമാർ യാദവ്(39), ദീപക് ഹൂഡ(33), രോഹിത് ശർമ്മ(24), അക്സർ പട്ടേൽ(17), ദിനേഷ് കാർത്തിക് (11) എന്നിവരുടെ മികവിലാണ് ഇന്ത്യ 198 എന്ന സ്‌കോറിൽ എത്തിയത്.
ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ, മൊയിൻ അലി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിംഗ്സ് 19.3 ഓവറിൽ അവസാനിച്ചു. 148 റൺസ് ടീം ഓൾ ഔട്ടായി. 36 റൺസ് നേടിയ മൊയിൻ അലി മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചു നിന്നത്. ഹാർദിക്കിന് പുറമേ അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ, എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, ഭുവനേശ്വറിനും ഹർഷലിനും ഓരോ വിക്കറ്റ് ലഭിച്ചു.
Story Highlights: rohit sharma winning streak t20 record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here