അമർനാഥ് മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി; 40 പേരെ കാണാനില്ല

അമർനാഥ് ഗുഹയ്ക്ക് സമീപമുണ്ടായ മേഘസ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 65ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 45ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. രാവിലെ മുതൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനം വേഗത്തിലാക്കി. ഐടിബിപി, എൻഡിആർഎഫ് ടീമുകൾ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു.
വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററുകൾ ശ്രീനഗറിൽ നിന്ന് അമർനാഥിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രാവിലെ മുതൽ വിമാനം സ്റ്റാൻഡ് ബൈയിലായിരുന്നെങ്കിലും, ശ്രീനഗറിലും സമീപ പ്രദേശങ്ങളിലും മോശം കാലാവസ്ഥ കാരണം പറന്നുയരാൻ സാധിച്ചില്ലെന്ന് ഐഎഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. മേഘവിസ്ഫോടനത്തെത്തുടർന്ന് ഇതുവരെ 15,000 ത്തോളം പേരെ സുരക്ഷിതമായി മാറ്റിയതായി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ശനിയാഴ്ച അറിയിച്ചു.
ഗുഹയ്ക്ക് സമീപം കുടുങ്ങിയ ഭൂരിഭാഗം യാത്രികരെയും പഞ്ജതർണിയിലേക്ക് മാറ്റിയതായി ഐടിബിപി പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം വെള്ളപ്പൊക്കത്തിൽ നിരവധി പേർ ഒലിച്ചുപോകുമെന്ന ആശങ്കയുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് കല്ലുകൾ നീക്കി ആളുകൾക്കായി തെരച്ചിൽ നടത്തുന്നത്. രക്ഷാപ്രവർത്തനത്തിന് നായ്ക്കളെയും ഉപയോഗിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.
Story Highlights: Amarnath cloudburst: Death toll rises to 16
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here