ശ്രീലങ്കയിലെ ആഭ്യന്തര കലാപം: കേരള- തമിഴ്‌നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

ശ്രീലങ്കന്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കേരള- തമിഴ്‌നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ശ്രീലങ്കയില്‍ നിന്നും അഭയാര്‍ത്ഥികളെത്താന്‍ സാധ്യതയുള്ളതിനാലാണ് കോസ്റ്റല്‍ പൊലീസിന് ജാഗ്രതാ നിര്‍ദേശം. മത്സ്യത്തൊഴിലാളി ജാഗ്രതാ സിമിതികളോട് സംശയാസ്പദമായ സാഹചര്യത്തില്‍ ബോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ( srilanka protest Alert issued on Kerala-Tamil Nadu coasts)
ശ്രീലങ്കയില്‍ നിന്ന് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യതയുണ്ടെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. ശ്രീലങ്കയിലെ തലൈ മാന്നാറില്‍ നിന്നും വരും ദിവസങ്ങളില്‍ ധാരാളം അഭയാര്‍ത്ഥികള്‍ പ്രവഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലും കേരളത്തിലേക്കും ഇവര്‍ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
ആഭ്യന്തര കലാപം ശക്തമാവുകയും പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചിരുന്നു. ശ്രീലങ്കന്‍ ഭരണഘടനയനുസരിച്ച് താത്കാലിക പ്രസിഡന്റായി സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന ചുമതലയേല്‍ക്കും. പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷാ വലയമൊരുക്കാന്‍ പൊലീസിനെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
ദ്വീപില്‍ ആഭ്യന്തര കലാപം ആളിക്കത്തിയ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ നാടുവിട്ടതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതിനെ തള്ളുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. ഗോതബയ രജപക്‌സെ നാവിക സേനയുടെ ഗജബാഹു എന്ന കപ്പലില്‍ തുടരുന്നതായി ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. കപ്പല്‍ നടുക്കടലില്‍ തന്നെ തുടരുന്നതായി നാവിക സേനാ വൃത്തങ്ങള്‍ പറയുന്നു.
Story Highlights: srilanka protest Alert issued on Kerala-Tamil Nadu coasts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here