ചൈനയിൽ നിന്നുള്ള പതാക ഇറക്കുമതി രാഷ്ട്രപിതാവിനെ നിന്ദിക്കുന്നത്; മുല്ലപ്പള്ളി രാമചന്ദ്രൻ

ചൈനയിൽ നിന്നുള്ള പതാക ഇറക്കുമതി രാഷ്ട്രപിതാവിനെ നിന്ദിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഖാദിയിൽ നിർമ്മിച്ച പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും രാഷ്ട്ര പിതാവിനെയും നിന്ദിക്കുന്ന നടപടിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. (mullappalli ramachandran against flag importing from china)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ചൈനയിൽ നിന്ന് കോടികൾ ചെലവഴിച്ച് ഇറക്കുമതി ചെയ്യുക വഴി മോദിയും ബിജെപിയും സ്വാതന്ത്ര്യ സമരത്തെയും നാടിന് വേണ്ടി ആത്മ സമർപ്പണം നടത്തിയ പതിനായിരങ്ങളെയും അപമാനിച്ചിരിക്കുകയാണ്. സ്വാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രതീകമായിട്ടാണ് ഖദർ വസ്ത്രത്തെ ഗാന്ധിജി കണ്ടതെന്നും മുല്ലപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു. അൽപമെങ്കിലും സ്വാഭിമാനവും രാജ്യ സ്നേഹവുമുണ്ടങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മെയ്ക് ഇൻ ഇന്ത്യയും – പോളിസ്റ്റർ പതാക ഇറക്കുമതിയും …
ഖാദിയിൽ നിർമ്മിച്ച ദേശീയ പതാകയ്ക്ക് പകരമായി ചൈനയിൽ നിർമ്മിക്കുന്ന പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാൻ മോദി സർക്കാർ തീരുമാനിച്ചത്, സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും രാഷ്ട്ര പിതാവിനെയും നിന്ദിക്കാനുള്ള ഏറ്റവും ഒടുവിലത്തെ നടപടിയായെ കാണാൻ കഴിയുകയുള്ളൂ. മഹാത്മാവിന്റെ പവിത്രമായ സ്മരണകൾ പോലും തീവ്ര ഫാസിസ്റ്റുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം ഗാന്ധി പ്രത്രിമകൾ തച്ചുടക്കുകയും ഗാന്ധി നിന്ദ തുടരുകയും ചെയ്യുന്നു. സ്വാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രതീകമായിട്ടാണ് ഖദർ വസ്ത്രത്തെ ഗാന്ധിജി കണ്ടത്. ദാരിദ്രത്തിലും പട്ടിണിയിലും ആണ്ടു കിടന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ ലക്ഷോപലക്ഷം ദരിദ്രനാരായണൻമാർക്ക് തൊഴിലവസരം സൃഷ്ടിക്കാൻ ഖാദിയും കുടിൽ വ്യവസായങ്ങളും ഒരു വലിയ അളവോളം സഹായകമായിരിക്കുമെന്ന് മഹാത്മാവ് ദീർഘദർശനം ചെയ്തു. 1918 ലാണ് ഖാദി പ്രസ്ഥാനത്തിന് ഗാന്ധിജി തുടക്കം കുറിച്ചത്. സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗം കൂടിയായിരുന്നു ഖാദി പ്രചാരണം. ലങ്കാഷെയറിലും മാഞ്ചസ്റ്ററിലും നിർമ്മിച്ച വസ്ത്രങ്ങൾ ബ്രിട്ടീഷുകാർ വ്യാപകമായി ഇറക്കുമതി ചെയ്യുമ്പോൾ അത് നമ്മുടെ തൊഴിലവസരം നഷ്ടമാക്കുന്നുവെന്ന തിരിച്ചറിവു കൂടി ഗാന്ധിജിക്കുണ്ടായിരുന്നു. വിദേശവസ്ത്ര ബഹിഷ്കരണത്തിന്റെ പിന്നിൽ ഗാന്ധിജി കണ്ടെത്തിയ സൂത്രവാക്യം കൂടിയായിരുന്നു ഖാദി .
” Make in India” ആപ്തവാക്യമായി അധരവ്യായാമം നടത്തുന്ന പ്രധാനമന്ത്രി മോദി, ചൈനയിൽ നിന്ന് കോടിക്കണക്കിന് പോളിസ്റ്റർ ത്രിവർണ്ണ പതാക ഇറക്കുമതി ചെയ്യുകയാണ്.
സ്വദേശിയും ‘സ്വാവലംബനും മെയ്ക് ഇൻ ഇന്ത്യ’ യുമെല്ലാം ഒരു ജനതയെ കബളിപ്പിക്കാനുള്ള അർത്ഥശൂന്യമായ പദപ്രയോഗങ്ങൾ മാത്രമാണ് .
ആഗോള മൂലധന ശക്തികളെയും ഇന്ത്യൻ മുതലാളിത്തത്തെയും കണക്കിലേറെ സഹായിക്കുകയും കോർപ്പറേറ്റ് താൽപര്യങ്ങളുടെ സംരക്ഷകൻമാരായി മാറുകയും ചെയ്തിരിക്കുകയാണ് മോദിയും സംഘവും.
സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികം ആസാദി കാ അമൃത് മഹോത്സവ് ആയി മോദി സർക്കാർ ആഘോഷിക്കുകയാണ് . അതിന്റെ ഭാഗമായി ഓരോ വീട്ടിലും ഒരു ചൈനീസ് നിർമിത പോളിസ്റ്റർ ത്രിവർണ്ണ പതാക നല്കാൻ തീരുമാനിച്ച പ്രധാന മന്ത്രി, ഖാദി പതാകകൾ 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിർമ്മിക്കാൻ തീരുമാനിച്ചാൽ എത്ര പതിനായിരങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാമായിരുന്നു.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കെടുക്കാത്തവർക്ക്, സ്വദേശിയെക്കുറിച്ചും സ്വാശ്രയത്തെക്കുറിച്ചും സ്വാഭിമാനത്തെ കുറിച്ചും പറഞ്ഞാൽ എങ്ങിനെ മനസ്സിലാകും.
പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ചൈനയിൽ നിന്ന് കോടികൾ ചെലവഴിച്ച് ഇറക്കുമതി ചെയ്യുക വഴി മോഡിയും ബി .ജെ .പി .യും സ്വാതന്ത്ര്യ സമരത്തെയും നാട്ടിന് വേണ്ടി ആത്മ സമർപ്പണം നടത്തുകയും ചെയ്ത പതിനായിരങ്ങളെ അപമാനിച്ചിരിക്കയാണ്. അൽപമെങ്കിലും സ്വാഭിമാനവും രാജ്യ സ്നേഹവുമുണ്ടങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കുക.
വിവേകം ബഹു : പ്രധാനമന്ത്രിക്ക് വഴികാട്ടിയാകട്ടെ . വെളിച്ചമേ നയിച്ചാലും …..
– മുല്ലപ്പള്ളി രാമചന്ദ്രൻ
Story Highlights: mullappalli ramachandran against flag importing from china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here