ഡ്യുറൻഡ് കപ്പ്: വേദിയായി മൂന്ന് നഗരങ്ങൾ; എല്ലാ ഐഎസ്എൽ ടീമുകളും പങ്കെടുക്കും

ഡ്യുറൻഡ് കപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പ് വളരെ വിപുലമായി നടത്താൻ തീരുമാനം. മൂന്ന് വേദികളിലായാണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുക. ആകെ 20 ടീമുകൾ ടൂർണമെൻ്റിൽ കളിക്കും. 11 ഐഎസ്എൽ ടീമുകളും ഡ്യുറൻഡ് കപ്പിലുണ്ടാവും. ഒപ്പം അഞ്ച് ഐ-ലീഗ് ടീമുകളും ഇന്ത്യൻ സൈന്യത്തിന്റെ നാല് ടീമുകളും ടൂർണമെൻ്റിൽ മാറ്റുരയ്ക്കും. (durand cup isl teams)
ഓഗസ്റ്റ് 16നാണ് ഡ്യുറൻഡ് കപ്പിന്റെ 131-ാം പതിപ്പിന് തുടക്കമാവുക. പശ്ചിമ ബംഗാളിലെ കൊൽക്കത്ത, അസമിലെ ഗുവാഹത്തി, മണിപ്പൂരിലെ ഇംഫാൽ എന്നീ നഗരങ്ങളാണ് ഡ്യുറൻഡ് കപ്പിന് വേദിയാകുക. 1888ൽ ആരംഭിച്ച ഡ്യുറൻഡ് കപ്പിൽ കഴിഞ്ഞ വർഷമാണ് ഐഎസ്എൽ ടീമുകൾ കളിച്ചുതുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, ബെംഗളൂരു എഫ്സി തുടങ്ങിയ ടീമുകൾ കഴിഞ്ഞ സീസണിൽ കളിച്ചു. എഫ്സി ഗോവ ആയിരുന്നു ചാമ്പ്യന്മാർ.
സീസണിൽ കേരള ബ്ലാസ്റ്റഴ്സിന്റെ ആദ്യ വിദേശ സൈനിങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഗ്രീക്ക് ഓസ്ട്രേലിയൻ ഇന്റർനാഷണൽ മുന്നേറ്റനിരക്കാരൻ അപ്പൊസ്തോലോസ് ജിയാനുവിനെയാണ് ക്ലബ് ടീമിലെത്തിച്ചത്.
Read Also: ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു; ബ്ലാസ്റ്റർസിന്റെ പുതിയ വിദേശ താരമെത്തി
കഴിഞ്ഞ സീസണിൽ ആരാധകരെ ഏറെ സന്തോഷിപ്പിച്ച് ഫൈനലിൽ കടന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ജിയാനുവിന്റെ വരവ് ടീമിന് ഊർജമാകുമെന്നാണ് മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ. ജിയോനുവിന്റെ ജനനം ഗ്രീസിലാണെങ്കിലും ചെറുപ്പത്തിൽ തന്നെ ഓസ്ട്രേലിയയിലേക്ക് ചേക്കേറിയ താരമാണ്.
ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിൽ പ്രധാനമായും പന്ത് തട്ടിയ ജിയോനു 150 ലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. നാൽപതോളം ഗോളുകളും നേടിയിട്ടുണ്ട്. കവാല, പാനിയോനിയൊസ്, ആസ്റ്ററിസ് ട്രിപ്പൊളി തുടങ്ങിയവയാണ് പ്രധാന ടീമുകൾ. ഓസ്ട്രേലിയൻ ലീഗ് ക്ലബ്ബായ മക്കാർത്തർ എഫ് സി നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2023 വരെ കേരള ടീമിനോപ്പം താരം തുടരും.
Story Highlights: durand cup isl teams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here