വീട് കുത്തിത്തുറന്ന് മോഷണം; പ്രതികളെ പിടികൂടാൻ ബംഗാളിലും ചെന്നൈയിലുമെത്തി കേരളാ പൊലീസ്; കുറ്റാന്വേഷണ മികവിന് കയ്യടി

വീട് കുത്തിത്തുറന്ന് 38 പവൻ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പശ്ചിമബംഗാളിലെത്തി പിടികൂടി കേരള പൊലീസ്. തൃശ്ശൂർ ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. സി ബൈജുവിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വെസ്റ്റ് ബംഗാളിലെത്തി പ്രതികളെ പിടികൂടിയത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വീകരണം നൽകി. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ വിഡിയോ പങ്കുവച്ചു.(kerala police investigation in Bengal and Chennai to find gold thief)
കഴിഞ്ഞ ജൂൺ 16 നാണ് പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപൊളിച്ച് മുപ്പത്തിയെട്ടു പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ ഇതരസംസ്ഥാന തൊഴിലാളികൾ മോഷ്ടിച്ചത്. പ്രതികൾ പശ്ചിമബംഗാൾ സ്വദേശികളാണെന്ന് പൊലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. തുടർന്ന് സബ് ഇൻസ്പെക്ടർ കെ. സി ബൈജുവിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബംഗാളിലേക്ക് യാത്രതിരിച്ചു.
വ്യാജ മേൽവിലാസത്തിൽ സംഘടിപ്പിച്ച സിംകാർഡ് ആണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ദിവസങ്ങളോളം ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന ഗ്രാമങ്ങളിൽ നടത്തിയ തെരച്ചിലുകളിലാണ് അന്വേഷണ സംഘം പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്.
ഇവരുടെ താമസ്ഥലങ്ങളിൽ തിരഞ്ഞപ്പോൾ പ്രതികളായ രണ്ടുപേരും കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം പുറപ്പെട്ടതായും, ചെന്നൈയിൽ എത്തിയതായും വിവരം ലഭിച്ചു. ഉടൻതന്നെ പൊലീസ് സംഘം ചെന്നൈയിലേക്ക് യാത്ര തിരിച്ചു.
തീവണ്ടിയിൽ സഞ്ചരിച്ചിരുന്ന പ്രതികളെ ചെന്നൈയിലെ എം.ജി.ആർ റെയിൽവേ സ്റ്റേഷനിൽവെച്ച് തീവണ്ടി കമ്പാർട്ടുമെൻറ് വളഞ്ഞാണ് പിടികൂടിയത്.വെസ്റ്റ് ബംഗാൾ ബൊറാംഷക്പൂർ സ്വദേശി ഷെയ്ക് മക് ബുൾ (31), തെങ്കന സ്വദേശി മുഹമ്മദ് കൌഷാർ ഷെയ്ക് (45) എന്നിവരാണ് പ്രതികൾ.
Read Also: പൊതുജനങ്ങൾക്കും തോക്ക് പരിശീലനം നൽകാൻ കേരളാ പൊലീസ്
മോഷ്ടാക്കളെ പിടികൂടാൻ അസിസ്റ്റൻറ് കമ്മീഷണർ വി.കെ രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്ക്കരിച്ചിരുന്നു. സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന 88 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചതിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണം ആസൂത്രണം ചെയ്യുന്നതിന് ഇവർ തൃശ്ശൂരിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നതായും കണ്ടെത്തി.
ടൌൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ. കെ. സി. ബൈജു, സിവിൽ പൊലീസ് ഓഫീസർമാരായ കെ. എസ് അഖിൽ വിഷ്ണു. അഭീഷ് ആൻറണി, സി.എ വിബിൻ, പി.സി. അനിൽകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്ത സംഘാംഗങ്ങൾ. കുറ്റാന്വേഷണ മികവിന് കേരള പൊലീസ് പ്രത്യേകമായി അഭിനന്ദനങ്ങളറിയിച്ചു.
Story Highlights: kerala police investigation in Bengal and Chennai to find gold thief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here