ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളിൽ കേരളവും; ടൈം മാഗസിൻ പുറത്തുവിട്ട വിവരം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

2022ൽ യാത്ര ചെയ്യാവുന്ന ലോകത്തെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടിയെന്ന് വ്യക്തമാക്കി മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 2022 ലെ ആദ്യ പാദ കണക്കുകൾ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് റിപ്പോർട്ട് ചെയ്തത് കേരള ടൂറിസത്തിന് വലിയ ഉണർവായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ( Kerala is among the 50 must-see places in the world; Minister PA Mohammed Riyas )
” ഈ സർക്കാർ അധികാരമേൽക്കുമ്പോൾ കൊവിഡ് പ്രതിസന്ധികൾ കാരണം തകർന്നു കിടക്കുകയായിരുന്നു വിനോദ സഞ്ചാര മേഖല. കേരളത്തിൻ്റെ സമ്പദ്ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന വിനോദ സഞ്ചാര മേഖലയെ പൂർവ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ചുമതലയേറ്റ ശേഷം നടത്തിയത്.
ബയോ ബബിൾ സംവിധാനം, ഇൻ കാർ ഡൈനിംഗ്, കാരവൻ ടൂറിസം എന്നിങ്ങനെ നൂതനമായ ആശങ്ങൾ നടപ്പിലാക്കിയും പ്രത്യേകമായി പ്രചരണം നൽകിയും കേരളത്തിൻ്റെ ടൂറിസം മേഖല പതിയെ വളർച്ച കൈവരിച്ചു തുടങ്ങി. 2022 ലെ ആദ്യ പാദ കണക്കുകൾ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് റിപ്പോർട്ട് ചെയ്തത് കേരള ടൂറിസത്തിന് വലിയ ഉണർവ്വായി. ഇപ്പോൾ ഇതാ മറ്റൊരു നേട്ടം കൂടി കേരളത്തെ തേടി എത്തിയിരിക്കുകയാണ്.
2022ൽ യാത്ര ചെയ്യാവുന്ന ലോകത്തെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടി. ടൈം മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് കേരളത്തെ കുറിച്ച് പ്രത്യേകമായി പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളമെന്നും ബീച്ചുകളും കായലും മലനിരകളും കേരളത്തിൻ്റെ ആകർഷണമാണെന്നും ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു. വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ കാരവൻ ടൂറിസവും വാഗമണ്ണിലെ കാരവൻ പാർക്കും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
ടൈം മാഗസിൻ്റെ ഈ റിപ്പോർട്ട് കേരള വിനോദ സഞ്ചാര വകുപ്പിന് ലഭിച്ച അംഗീകാരമാണ്. ലോകത്തിലെ തന്നെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടത് വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവ്വേകും”. – മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
Story Highlights: Kerala is among the 50 must-see places in the world; Minister PA Mohammed Riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here