‘പ്രാണവേദനക്കിടെ വീണവായന’; ശ്രീലങ്ക പ്രസിഡന്റ്സ് ഹൗസിൽ ഫോട്ടോഷൂട്ട്!; ചിത്രങ്ങൾ വൈറൽ

രാഷ്ട്രീയ പ്രതിസന്ധി വരിഞ്ഞുമുറുക്കുന്ന ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുകയാണ്. രാജ്യത്ത് വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡൻ്റ് ഗോതബായ രജപക്‌സെ രാജിവെക്കാതെ രാജ്യം വിട്ടത് കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരിക്കുകയാണ്. രാജ്യത്തെ ജനങ്ങൾ ഭക്ഷ്യക്ഷാമത്തിൽ വലയുകയാണെന്ന് കൊളംബോയിലെത്തിയ ട്വന്റിഫോർ സംഘം റിപ്പോർട്ട് ചെയ്തു. ഇത്രയേറെ അരക്ഷിതാവസ്ഥ നിലനിൽക്കെയാണ് ഇതൊന്നും വകവെക്കാതെ ഒരു മോഡൽ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. കൊളംബോയിലെ പ്രസിഡൻ്റ്സ് ഹൗസിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. (photoshoot srilanka presidents house)

മധുഹൻസി ഹസിന്തര എന്ന മോഡലാണ് പ്രസിഡൻ്റ്സ് ഹൗസിലും പരിസരത്തുമായി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പ്രസിഡൻ്റ്സ് ഹൗസിനുള്ളിലും പുറത്തും വച്ച് ചിത്രങ്ങളെടുത്ത യുവതി ഇവ തൻ്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മിസ് ശ്രീലങ്ക ടോപ്പ് 16 എന്ന് തൻ്റെ ഫേസ്ബുക്ക് പേജിൽ ഇവർ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളികളടക്കം നിരവധി പേരാണ് ഈ ചിത്രങ്ങളിൽ കമൻ്റ് ചെയ്തിരിക്കുന്നത്. യുവതിയ്ക്ക് അഭിനന്ദനം അർപ്പിച്ചാണ് കൂടുതൽ കമൻ്റുകൾ. ഫോട്ടോഷൂട്ട് ഇവിടെ കാണാം.
Read Also: ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു; തത്സമയ വിവരങ്ങളുമായി ട്വന്റിഫോർ സംഘം കൊളംബോയിൽ
ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമാണ്. പാചകവാതക വിതരണം പൊലീസ് ഏറ്റെടുത്തു. പ്രതിഷേധക്കാർ ഇന്നും പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തുടരുകയാണ്. ഗോതബയ രജപക്‌സെ രാജി വയ്ക്കാതെ കൊട്ടാരം വിടില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.
അതേസമയം, ശ്രീലങ്കയിലെ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരുമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു. ഗോതബയ രജപക്സെയെ രാജ്യം വിടാൻ സഹായിച്ചിട്ടില്ലെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി. പ്രസിഡന്റിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഹൈക്കമ്മീഷൻ പ്രതികരിച്ചു.
അതിനിടെ, പ്രസിഡന്റ് ഗോതബയ രജപക്സെ രാജ്യം വിട്ടു. രജപക്സെ നിലവിൽ മാലിദ്വീപിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. മാലിയിൽ വെലാന വിമാനത്താവളത്തിലെത്തിയ രജപക്സെയെ മാലിദ്വീപ് സർക്കാർ പ്രതിനിധികൾ സ്വീകരിച്ചു.
Story Highlights: photoshoot srilanka presidents house viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here