‘ബിജെപിയെ വളർത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ശാപമാണ്’: പാർട്ടിക്കെതിരെ സ്വന്തം എംഎൽഎ

മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പാർട്ടി എംഎൽഎ. സർക്കാർ സംവിധാനങ്ങളെ ബിജെപി ദുരുപയോഗം ചെയ്യുന്നതായി മൈഹാർ എംഎൽഎ നാരായൺ ത്രിപാഠി. മൈഹാർ മുനിസിപ്പാലിറ്റി പ്രദേശത്ത് പാർട്ടി മദ്യവും വസ്ത്രങ്ങളും പണവും വിതരണം ചെയ്തു. പരാതി നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
മൈഹാർ മുനിസിപ്പാലിറ്റി മേഖലയിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നീതിയെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ് നാരായൺ ത്രിപാഠി ഉന്നയിച്ചത്. “ഞാൻ ഈ പ്രദേശത്ത് പര്യടനം നടത്തുമ്പോൾ, ചെറിയ ജീവനക്കാർ മുതൽ വലിയ ഉദ്യോഗസ്ഥർ വരെ ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് കണ്ടു. ഞാൻ ബിജെപിയുടെ എംഎൽഎയാണ്, പാർട്ടിക്ക് എതിരല്ല. പക്ഷേ ഈ പ്രവണത നല്ലതല്ല, ഇത് നിർത്തണം…” നാരായണൻ പറയുന്നു.
മൈഹാർ തെരഞ്ഞെടുപ്പിൽ മദ്യവും പണവും സാരിയും വിതരണം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടും നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ല. നിയമവും ശിക്ഷയും പാവപ്പെട്ട സ്ഥാനാർത്ഥികൾക്ക് മാത്രമാണ്. പണക്കാർക്ക് ഇതൊന്നും ബാധകമല്ലെന്നും നാല് തവണ എംഎൽഎയായ നാരായണൻ തുറന്നടിച്ചു. ബിജെപിയെ സഹായിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും ശാപമാണ്. മധ്യപ്രദേശിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പങ്കെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മൈഹാർ എംഎൽഎയുടെ ആരോപണങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും സത്‌ന കളക്ടറും തള്ളി. വിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ പരാതി സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി.
Story Highlights: BJP MLA’s Allegation Against His Own Party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here