കരുവന്നൂർ സർവീസ് സഹകരണബാങ്ക് ക്രമക്കേടിന് ഒരാണ്ട്; ഇനിയും കുറ്റപത്രം നൽകാതെ പൊലീസ്

തൃശൂർ കരുവന്നൂർ സർവീസ് സഹകരണബാങ്ക് ക്രമക്കേടിൽ പൊലീസ് കേസെടുത്ത് ഇന്നേയ്ക്ക് ഒരു വർഷം. 300 കോടി രൂപയുടെ തട്ടിപ്പിൽ ഇനിയും കുറ്റപത്രം നൽകിയിട്ടില്ല. നിക്ഷേപകർക്ക് പണം ലഭ്യമാക്കാനുള്ള നടപടികളും എങ്ങുമെത്താതെ തുടരുകയാണ്. (karuvannur cooperative bank one year)
കരുവന്നൂർ സർവീസ് സഹകരണബാങ്കിലെ 300 കോടി രൂപയിലധികം വരുന്ന സാമ്പത്തിക ക്രമക്കേടിൽ ഇനിയും കുറ്റപത്രം നൽകിയിട്ടില്ല. കേസ് നിലവിൽ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ആണ്. 11 ഭരണസമിതിയംഗങ്ങളെയും ആറ് ഇടനിലക്കാരെയും അറസ്റ്റ് ചെയ്തുവെങ്കിലും ഇതിൽ ഏറെ പേർക്കും ജാമ്യം ലഭിച്ചു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി സസ്പെൻഷനിലായ 16 ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. പക്ഷെ പതിനൊന്നായിരത്തോളം നിക്ഷേപകരുടെ പണം മാത്രം തിരികെ കിട്ടാൻ നടപടികളെങ്ങുമെത്തിയിട്ടില്ല. ജില്ലയിലെ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം ലഭ്യമാക്കാനുള്ള ഇടപെടലുണ്ടാകുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ വാഗ്ദാനം. അതും ഫലം കണ്ടില്ല. പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് വീണ്ടുമിറങ്ങേണ്ട ഗതികേടുണ്ട് നിക്ഷേപകർക്ക്.
Read Also: മതിയായ തെളിവില്ല; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു
സംസ്ഥാന സർക്കാരിൻറെ ഏജൻസികൾക്കു കീഴിലുള്ള അന്വേഷണത്തിൽ നീതിയുണ്ടാകില്ലെന്ന് ആരോപിച്ച് സിബിഐ ഇടപെടൽ തേടിയുള്ള ആക്ഷൻ കൗൺസിലിൻറെ ഹർജി ഹൈകോടതിയുടെ പരിഗണനയിലാണ്. നാല് പതിറ്റാണ്ടിലേറെയായി സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കരുവന്നൂർ സഹകരണബാങ്കിലേത്. ക്രമക്കേടിൽ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു.
ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച സസ്‌പെൻഷൻ നടപടികൾ കഴിഞ്ഞ മാസം പിൻവലിച്ചു.ഇവർക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് വിശദീകരിച്ചാണ് നടപടി. അച്ചടക്കനടപടി നേരിട്ടവർ സർക്കാരിന് നൽകിയ അപ്പീലിൽ വിശദമായ വാദവും അന്വേഷണവും നടത്തിയ ശേഷമാണ് സസ്‌പെൻഷൻ പിൻവലിച്ചിരിക്കുന്നത്.
തൃശൂർ സി.ആർ.പി സെക്ഷൻ ഇൻസ്‌പെക്ടർ കെ.ആർ ബിനു, മുകുന്ദപുരം സീനിയർ ഓഡിറ്റർ ധനൂപ് എം.എസ് ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയാണ് പിൻവലിച്ചത്. കുറ്റാരോപണങ്ങളിൽ മതിയായ തെളിവുകൾ കണ്ടെത്താത്ത സാഹചര്യത്തിൽ സർവീസിൽ തിരികെ പ്രവേശിപ്പിക്കുന്നതായി ഉത്തരവിൽ പറയുന്നു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ പ്രകാരം ഏഴ് പേരുടെ കുടി സസ്‌പെൻഷൻ പിൻവലിച്ച് വ്യവസ്ഥകൾക്ക് വിധേയമായി തൃശൂർ ജില്ലക്ക് പുറത്ത് നിയമനം നൽകാനും ഉത്തരവിൽ പറയുന്നുണ്ട്.. കുറ്റാരോപണത്തിൽ മതിയായ തെളിവുകളില്ലാത്തതിനാൽ ചാലക്കുടി അസി. രജിസ്ട്രാർ കെ. ഒ. ഡേവിസിനെതിരെയുള്ള നടപടിയും അവസാനിപ്പിച്ചു.
Story Highlights: karuvannur cooperative bank one year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here