Advertisement

കെ.കെ രമയ്ക്കെതിരായ പരാമർശം; എം.എം മണിയുടെ കോലം കത്തിച്ച് ആർ.എം.പി.ഐ പ്രതിഷേധം

July 14, 2022
Google News 3 minutes Read
Remarks against KK Rema; RMPI protests by burning MM Mani's effigy

നിയമസഭയിൽ എം.എം മണി കെ.കെ രമയ്ക്കെതിരെ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഓർക്കാട്ടേരിയിൽ എം.എം മണിയുടെ കോലം കത്തിച്ചു. ആർ.എം.പി.ഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എം.എം. മണിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയതിന് ശേഷമാണ് കോലം കത്തിച്ചത്. കെ.കെ. രമയെ ഇല്ലാതാക്കിക്കളയാമെന്ന് സ്വപ്നം കണ്ട് നടക്കണ്ട എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ സംഘടിച്ചത്. ( Remarks against KK Rema; RMPI protests by burning MM Mani’s effigy )

മുൻമന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ.കെ രമ എം.എൽ.എ രം​ഗത്തെത്തി. കൊന്നിട്ടും തീരാത്ത പകയാണ് സിപിഐഎമ്മിനെന്ന് കെ.കെ രമ എം.എൽ.എ നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല ഇവർക്ക്. മുൻമന്ത്രി എം.എം. മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമർശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ വ്യക്തമാക്കി.

കെ.കെ. രമയ്ക്കെതിരെ നിയമസഭയിൽ വിവാദ പരാമര്‍ശം നടത്തിയ എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എം.എം.മണിയുടെ പ്രസംഗത്തിനെതിരെയാണ് നടപടി.
എം.എം. മണിയുടെ പ്രസ്താവന ക്രൂരവും നിന്ദ്യവുമാണെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

Read Also: ‘അയാൾ മുസ്ലീം ലീഗല്ലേ, അതിൻറെ വിവരക്കേടാണ്’, ബഷീറിന് ജനം മറുപടി നൽകുന്നുണ്ട്: എം.എം മണി

പാര്‍ലമെന്ററി സംസ്കാരത്തിന് ചേര്‍ന്നതല്ല ഈ ഇറങ്ങിപ്പോക്കെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ”കെ.കെ. രമയെ അപമാനിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. എം.എം.മണിയുടെ ഭാഗത്ത് തെറ്റില്ല. മഹതി എന്ന് വിളിച്ചത് അപകീര്‍ത്തികരമല്ല. ഇപ്പോള്‍ സഭയിലെ പുതിയ പ്രവണത പ്രസംഗത്തിന് ശേഷം ഇറങ്ങിപ്പോകലാണ്. പാര്‍ലമെന്ററി സംസ്കാരത്തിന് ചേര്‍ന്നതല്ല ഇത്”. മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

എം.എം. മണിയുടെ വിവാദ പരാമർശത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ”അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്”. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം. ഇതിനെതിരായ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ അല്‍പസമയത്തേക്ക് നിര്‍ത്തി വെക്കേണ്ടിവന്നു. പ്രതിപക്ഷബഹളത്തിനിടയിലും മുൻമന്ത്രി എം.എം.മണി പ്രസംഗം തുടരുകയായിരുന്നു.

നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ താനാരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് എം.എം.മണി പറഞ്ഞു. എന്നാൽ പ്രസ്താവന തിരുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. എം.എം.മണിയുടെ വിവാദ പ്രസ്താവന പരിശോധിക്കാമെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന് ഉറപ്പുനൽകി.
മുഖ്യമന്ത്രിക്കെതിരെ രമ സംസാരിച്ചതിന് പിറകെയാണ് എം.എം. മണിയുടെ ആക്ഷേപ വാക്കുകൾ.

നടിയെ ആക്രമിച്ച കേസ് സഭയില്‍ ഉന്നയിച്ചുകൊണ്ടാണ് കെ.കെ. രമ മുഖ്യമന്ത്രിയെ വിമർശിച്ചത്. നിലവില്‍ ആര്‍. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. വിരമിച്ച ശേഷം മുന്‍ ഡി.ജി.പി പ്രതിയെ സഹായിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ സ്ഥിരം പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്ത അവസ്ഥയാണ്. പ്രതിയുടെ അഭിഭാഷകര്‍ തെളിവ് നശിപ്പിച്ചിട്ടും അവര്‍ക്കെതിരെ നടപടിയില്ലെന്നും കെ.കെ. രമ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എം.എം. മണിയുടെ വിവാദ പരാമർശം.

Story Highlights: Remarks against KK Rema; RMPI protests by burning MM Mani’s effigy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here