സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കിയെന്ന് ആരോഗ്യവകുപ്പ്; രാജ്യത്ത് ആദ്യം

അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏക മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സര്‍ക്കാര്‍ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. 14 കുട്ടികള്‍ക്ക് ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന മരുന്നുകളാണ് നല്‍കിയത്. 14 യൂണിറ്റ് മരുന്നുകളാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. (gave free medicine to children with spinal muscular atrophy says veena george)
21 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്ന് നല്‍കാന്‍ തീരുമാനിച്ചത്. 2 കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വച്ച് മരുന്ന് നല്‍കിയിരുന്നു. 12 കുട്ടികള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് കോഴിക്കോട് വച്ച് മരുന്ന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഇന്നലെയും ഇന്നുമായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയാണ് ഈ കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായിട്ടാണ് അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് ഇത്തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മരുന്ന് നല്‍കുന്നത്.
അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെയാണ് വിലപിടിപ്പുള്ള മരുന്നുകളും നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: gave free medicine to children with spinal muscular atrophy says veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here