‘അസംഘടിതര്‍’ ഒഴിവാക്കിയ സംഭവം; കുഞ്ഞിലക്ക് പിന്തുണയുമായി ഡോ.ബിജു

അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ തന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ കനത്ത പ്രതിഷേധമറിയിച്ച കുഞ്ഞില മാസ്സിലാമണിക്ക് പിന്തുണയുമായി സംവിധായകന്‍ ഡോ.ബിജു. ചലച്ചിത്ര മേളയിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും അക്കാദമിയുടെ വെബ്‌സൈറ്റിലോ മറ്റെവിടെയെങ്കിലുമോ അത് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നും ഡോ.ബിജു ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു ഡോ.ബിജുവിന്റെ പ്രതികരണം.(dr biju support kunjila mascillamani)
കുറിപ്പ്;
ചോദ്യങ്ങള്‍ കൃത്യമാണ് ദാ ഇത്രയേ ഉള്ളൂ.
- വനിതാ ചലച്ചിത്ര മേളയിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് . മാനദണ്ഡങ്ങളും നിയമാവലിയും ചലച്ചിത്ര അക്കാദമിയുടെ വെബ്‌സൈറ്റിലോ മറ്റെവിടെയെങ്കിലുമോ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?
- വനിത ചലച്ചിത്ര മേളയിലേക്ക് സിനിമകള്‍ തിരഞ്ഞെടുത്തത് ഏതെങ്കിലും സെലക്ഷന്‍ കമ്മിറ്റി ആണോ? ആണെങ്കില്‍ ആരൊക്കെയാണ് അംഗങ്ങള്‍?
ഈ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അക്കാദമി ബാദ്ധ്യസ്ഥം അല്ലേ ?
ഇന്ന് അക്കാദമിയുടേതായി വന്ന ഒരു വിശദീകരണം വായിച്ചു . അതില്‍ പറയുന്നത് ഓ ടി ടി യില്‍ വന്ന സിനിമകള്‍ ഒഴിവാക്കി പുതിയ സിനിമകള്‍ക്ക് അവസരം നല്‍കി എന്നതാണ് . ഇത് ഔദ്യോഗിക വിശദീകരണം എങ്കില്‍ ഏറെ സ്വാഗതം ചെയ്യുന്ന ഒരു തീരുമാനം ആണ് . അപ്പോള്‍ സ്വാഭാവികം ആയി ഒരു ചോദ്യം കൂടി ഉയര്‍ന്നു വരും.
കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേള ആയ ഐഎഫ്എഫ്‌കെയിലും ഈ നിയമം നടപ്പിലാക്കുമോ? ഐഎഫ്എഫ്‌കെയില്‍ വര്‍ഷങ്ങളായി സ്വതന്ത്ര സംവിധായകര്‍ ആവശ്യപ്പെടുന്ന ഒന്നാണ് തിരഞ്ഞെടുക്കപ്പെടുന്ന മലയാള സിനിമകള്‍ കേരളാ പ്രീമിയര്‍ ആയിരിക്കണം എന്ന നിബന്ധന ഉള്‍പ്പെടുത്തണം എന്നത്. അതായത് ഓ ടി ടി റിലീസോ തിയറ്റര്‍ റിലീസോ ചെയ്യാത്ത പുതിയ സിനിമകള്‍ ആയിരിക്കണം മേളയില്‍ തിരഞ്ഞെടുക്കേണ്ടത് എന്നാണ്.
ലോകത്തെ എല്ലാ പ്രധാന മേളകളിലെയും നിബന്ധന ആണ് മേള നടക്കുന്ന രാജ്യത്ത് ആ ചിത്രം മുന്‍പ് റിലീസ് ചെയ്തത് ആകാന്‍ പാടില്ല എന്നത്. കേരളത്തില്‍ മാത്രം ഈ നിയമം നടപ്പിലാക്കിയിട്ടില്ല. 2018 ല്‍ ഞാന്‍ കൂടി അംഗമായ ഒരു കമ്മിറ്റി ഫെസ്റ്റിവല്‍ നിയമാവലി പുതുക്കിയപ്പോള്‍ ഈ നിര്‍ദേശം മാത്രം അട്ടിമറിക്കപ്പെട്ടു. സ്വതന്ത്ര സിനിമാ സംവിധായകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കേരള പ്രീമിയര്‍ എന്ന നിബന്ധന അക്കാദമി ഏര്‍പ്പെടുത്തിയിട്ടില്ല. ഫലമോ, ഒടിടിയില്‍ റിലീസ് ചെയ്തതും തിയറ്ററില്‍ റിലീസ് ചെയ്തതുമായ സിനിമകള്‍ ഐ എഫ് എഫ് കെ യില്‍ നിരന്തരം തിരഞ്ഞെടുക്കപ്പെട്ടു.
Read Also: കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാൻ; ചലച്ചിത്ര അക്കാദമി
ഇപ്പോള്‍ വനിതാ ചലച്ചിത്ര മേളയില്‍ ഒടിടി റിലീസ് ചെയ്ത സിനിമകള്‍ അക്കാദമി ഒഴിവാക്കിയെങ്കില്‍ , ഏറെ പ്രധാനപ്പെട്ട മേള ആയ ഐഎഫ്എഫ്‌കെയിലും ലോകമെമ്പാടും അനുവര്‍ത്തിക്കുന്ന ഈ നിയമം ഈ വര്‍ഷം എങ്കിലും ഐ എഫ് എഫ് കെ യില്‍ നടപ്പാക്കാന്‍ അക്കാദമി തയ്യാറാകുമോ …അതോ ഇത് വനിതാ ചലച്ചിത്ര മേളയ്ക്ക് മാത്രമായി ഇപ്പോള്‍ പെട്ടന്ന് തയ്യാറാക്കിയ നിയമം മാത്രം ആണോ ?
ഐ എഫ് എഫ് കെ യുടെ അടുത്ത എഡിഷന്റെ നിയമാവലിയില്‍ മലയാള സിനിമയുടെ കേരളാ പ്രീമിയര്‍ എന്ന ഏറെക്കാലത്തെ ആവശ്യം നടപ്പാക്കുമോ ?
അക്കാദമിയെ ഉറ്റു നോക്കുന്നു …
Story Highlights: dr biju support kunjila mascillamani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here