Advertisement

യുക്രൈന്‍ യുവതാരം ഇവാന്‍ കലിയൂഷ്‌നി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

July 19, 2022
Google News 3 minutes Read

യുക്രൈനില്‍ നിന്നുള്ള മധ്യനിര താരം ഇവാന്‍ കലിയൂഷ്‌നിയെ ക്ലബിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി. കലിയൂഷ്‌നിയുമായി കരാര്‍ ഒപ്പിട്ട വിവരം ക്ലബ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. എഫ്‌കെ ഒലക്‌സാണ്ട്രിയയില്‍നിന്ന് വായ്പാടിസ്ഥാനത്തിലാണ് യുവ മധ്യനിര താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നത്. ഇരുപത്തിനാലുകാരനായ ഇവാന്‍ യുക്രൈന്‍ ക്ലബ് മെറ്റലിസ്റ്റ് ഖാര്‍കിവിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്.

തുടര്‍ന്ന് യുക്രൈന്‍ ഭീമന്‍മാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത് ലീഗില്‍ പ്രതിനിധീകരിക്കുകയും ചെയ്തു. മെറ്റലിസ്റ്റ് 1925 ഖര്‍കിവുമായി വായ്പാടിസ്ഥാനത്തില്‍ തന്റെ സീനിയര്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം ആദ്യ സീസണില്‍ അവര്‍ക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്. അടുത്ത സീസണില്‍ യുക്രൈന്‍ സംഘമായ റൂഖ് ലിവിനൊവില്‍ വായ്പാടിസ്ഥാനത്തില്‍ കളിച്ച് അദ്ദേഹം കൂടുതല്‍ അനുഭവ സമ്പത്ത് നേടി. 32 കളിയില്‍ രണ്ട് ഗോളുകളടിക്കുകയും ചെയ്തു.

യുക്രൈന്‍ ഫസ്റ്റ് ഡിവിഷനില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ഊര്‍ജസ്വലനും ഓള്‍റൗണ്ട് മധ്യനിരക്കാരനുമായ താരം 2021 ഫെബ്രുവരിയില്‍ എഫ്‌കെ ഒലെക്‌സാണ്ട്രിയയില്‍ എത്തി. ക്ലബിനൊപ്പം തന്റെ മികച്ച ഫോം തുടര്‍ന്ന അദ്ദേഹം 23 മത്സരങ്ങളില്‍ രണ്ട് ഗോളുകളടിക്കുകയും നാല് ഗോളുകള്‍ക്ക് വഴിയൊുക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതിന് മുമ്പ് യുക്രൈന്‍ ലീഗ് റദ്ദാക്കിയതിനാല്‍ കലിയൂഷ്‌നി കുറച്ചുകാലം ഐസ്‌ലന്‍ഡ് ടോപ് ഡിവിഷന്‍ ക്ലബായ കെഫ്‌ളാവിക് ഐഎഫിലും വായ്പാടിസ്ഥാനത്തില്‍ കളിച്ചു.

‘ഞങ്ങളുടെ ക്ലബില്‍ ചേര്‍ന്നതിന് ഇവാനെ അഭിനന്ദിക്കാനും അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതിലുള്ള വലിയ സന്തോഷം പ്രകടിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ മികച്ച കളിക്കാരന്‍ ടീമിന് വലിയ കരുത്ത് നല്‍കും. ഇവാന്‍ ക്ലബുമായി വേഗത്തില്‍ പൊരുത്തപ്പെടുകയും ഇവിടെ മികവ് പുലര്‍ത്തുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ വിദേശ താരവുമായുള്ള കരാറിനെക്കുറിച്ച് സ്‌പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

‘ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബില്‍ ചേരുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്, എന്റെ പുതിയ വെല്ലുവിളിക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രശസ്തമായ മഞ്ഞപ്പടയെ കാണാനും അവര്‍ക്കും ക്ലബിനും വേണ്ടി എന്റെ എല്ലാം നല്‍കാനും എനിക്ക് അതിയായ ആവേശമുണ്ട് ഇവാന്‍ കലിയൂഷ്‌നി പറഞ്ഞു.

കഴിഞ്ഞ ആഴ്ച മുന്നേറ്റ താരം അപ്പോസ്‌തൊലോസ് ജിയാനുവിനെയും, പ്രതിരോധ താരം വിക്ടര്‍ മോംഗിലിനെയും പ്രഖ്യാപിച്ചതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പുവെക്കുന്ന മൂന്നാമത്തെ വിദേശ താരമാണ് ഇവാന്‍ കലിയൂഷ്‌നി. വരാനിരിക്കുന്ന ഹീറോ ഐഎസ്എല്‍ 2022-23 സീസണിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് മധ്യനിരയ്ക്ക് ഇവാന്‍ കലിയുഷ്‌നിയുടെ സാന്നിധ്യം മറ്റൊരു മാനം നല്‍കും.

Story Highlights: A move to strengthen the midfield; Ukrainian youth player Ivan Kaliushny in Kerala Blasters FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here