മോദി സച്ചിൻ ഐശ്വര്യയും അടക്കം 300 വെറൈറ്റികൾ: ‘മാംഗോ മാൻ ഓഫ് ഇന്ത്യയെ’ പരിചയപ്പെടാം

ഉത്തർപ്രദേശ് മലിഹാബാദിലെ ഒരു ചെറുപട്ടണം… അവിടെ 300 തരം മാമ്പഴം വിളയുന്ന ഒരു മാവിന്‍ തോട്ടം കാണാം. സൂര്യനുദിക്കും മുമ്പ് എത്തുകയാണെങ്കിൽ വൃദ്ധനായ ഒരു തോട്ടക്കാരൻ അവിടെ ഉണ്ടാകും. അദ്ദേഹം ഓരോ മാവിന്റെയും അടുത്തുപോയി അവയെ തഴുകും, ഇലകളിൽ ഉമ്മവെക്കും. പഴങ്ങൾ പാകമായോ എന്ന് നോക്കും, സന്തോഷത്താൽ അയാളുടെ കണ്ണുകൾ തിളങ്ങും. അദ്ദേഹത്തിന്റെ പേരാണ് കലീം ഉള്ളാ ഖാൻ അഥവാ ‘മാംഗോ മാൻ ഓഫ് ഇന്ത്യ’.
ലക്നൗവിൽ നിന്ന് കിലോമീറ്റര്‍ അകലെയുള്ള കലീം ഉള്ളാ ഖാൻ്റെ മാമ്പഴത്തോട്ടത്തില്‍ മുന്നൂറിലധികം ജനുസ്സില്‍പെട്ട ഫലങ്ങള്‍ വളര്‍ന്ന് പരിലസിക്കുന്നു. അവയില്‍ പലതും ഇദ്ദേഹം സ്വയം വികസിപ്പിച്ചെടുത്തതാണ്. സച്ചിൻ ടെണ്ടുൽക്കർ, അഖിലേഷ് യാദവ്, ഐശ്വര്യറായ് എന്നിവര്‍ അടക്കം പല പേരുകളിലുള്ള പഴങ്ങള്‍ കലീം ഉള്ളായുടെ തോട്ടത്തില്‍ ഒരൊറ്റ ഒട്ടുമാവില്‍ കുലച്ച് നില്‍ക്കുന്നു. “പതിറ്റാണ്ടുകളായി ചുട്ടുപൊള്ളുന്ന വെയിലിൽ കഠിനാധ്വാനം ചെയ്തതിനുള്ള എന്റെ സമ്മാനമാണിത്” – 82 കാരനായ കലീം ഉള്ളാ പറയുന്നു.

നഗ്നനേത്രങ്ങൾക്ക് ഇത് ഒരു മരം മാത്രമാണ്, എന്നാൽ മനസ്സുകൊണ്ട് നോക്കിയാൽ ഇത് ഒരു പൂന്തോട്ടവും ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കോളജുമായി തോന്നിയേക്കാം. ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകം എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. കലീം ഉല്ലാ ഖാൻ എന്ന മനുഷ്യനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുവേള അറിഞ്ഞിരിക്കും. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച സ്വാത്വിക കര്‍ഷകനാണയാള്‍. നരേന്ദ്ര മോദി അധികാരമേറ്റ ഉടന്‍ കലീം ഉള്ളാ ഒരു പ്രത്യേക ഇനം മാമ്പഴം വികസിപ്പിച്ചെടുത്തു. അതിനയാള്‍ കൊടുത്ത പേര് നരേന്ദ്ര മോദി എന്നായിരുന്നു.

സ്കൂൾ വിട്ടശേഷം കലീം ഗ്രാഫ്റ്റിംഗിൽ തന്റെ ആദ്യ പരീക്ഷണം നടത്തി. ആദ്യം ഏഴുതരം പഴങ്ങൾ പിടിക്കുന്ന മാവ് വികസിപ്പിച്ചെങ്കിലും നിർഭാഗ്യവശാൽ അത് കൊടുങ്കാറ്റിൽ ഒടിഞ്ഞുവീണു. പിന്നീട് 1987ൽ വീണ്ടും പരീക്ഷണം നടത്തി. അങ്ങനെയാണ് 120 വർഷം പഴക്കമുള്ള മാതൃക സൃഷ്ടിച്ചത്. 300-ലധികം വ്യത്യസ്ത തരം മാമ്പഴങ്ങളുടെ ഉറവിടം, ഓരോന്നിനും അതിന്റേതായ രുചിയും ഘടനയും നിറവും ആകൃതിയും ഉണ്ട്. ബോളിവുഡ് താരവും 1994-ലെ ലോകസുന്ദരി മത്സര വിജയിയുമായ ഐശ്വര്യ റായ് ബച്ചന്റെ പേരിൽ അദ്ദേഹം “ഐശ്വര്യ” എന്ന് പേരിട്ട ആദ്യകാല ഇനങ്ങളിൽ ഒന്ന്. ഇന്നും അതിനോടാണ് ഏറ്റവും പ്രിയം.

തന്റെ കഴിവുകൾക്ക് ഖാൻ നിരവധി തവണ ആദരിക്കപ്പെട്ടിട്ടുണ്ട്. 2008-ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്ന് ലഭിച്ചു. ഇതിന് പുറമെ ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്നും ക്ഷണങ്ങൾ ലഭിച്ചിട്ടുണ്ട്. മരുഭൂമിയിലും തനിക്ക് മാമ്പഴം വളർത്താൻ കഴിയുമെന്നാണ് ഖാൻ അവകാശപ്പെടുന്നത്.

Story Highlights: India’s Mango Man, Father Of 300 Varieties