ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ; രഞ്ജി ജേതാക്കൾക്ക് ലഭിക്കുക 2 കോടി രൂപ

രാജ്യത്തെ ആഭ്യന്തര ടൂർണമെൻ്റുകളുടെ പ്രൈസ് മണി വർധിപ്പിക്കാനൊരുങ്ങി ബിസിസിഐ. രഞ്ജി ട്രോഫി ജേതാക്കൾക്ക് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണത്തിനായി ബിസിസിഐക്ക് ലഭിച്ചത് 48,390 കോടി രൂപയാണ്. ഇത്ര ഭീമമായ തുക ലഭിച്ചതിനെ തുടർന്നാണ് ആഭ്യന്തര ടൂർണമെൻ്റുകൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ( BCCI prize money tournaments )
ലിസ്റ്റ് എ ടൂർണമെൻ്റായ ദിയോധർ ട്രോഫി ആഭ്യന്തര മത്സരങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ബിസിസിഐ യോഗത്തിൽ തീരുമാനമായി. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം രാജ്യത്തെ ആഭ്യന്തര ടൂർണമെൻ്റുകളിൽ പലതും തടസപ്പെട്ടിരുന്നു. എന്നാൽ, പുതിയ സീസണിൽ ദുലീപ് ട്രോഫിയും ഇറാനി കപ്പും അടക്കം എല്ലാ ആഭ്യന്തര ടൂർണമെൻ്റുകളും നടത്താൻ തീരുമാനമായിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ ഡിആർഎസ് ഏർപ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു.
Read Also: ഏഷ്യാ കപ്പ് യുഎഇയിൽ തന്നെ; സ്ഥിരീകരിച്ച് സൗരവ് ഗാംഗുലി
അതേസമയം, ഇക്കൊല്ലത്തെ ഏഷ്യാ കപ്പ് യുഎഇയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചു. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ബാക്കപ്പ് വേദിയായി ബംഗ്ലാദേശും പരിഗണിച്ചിരുന്നെങ്കിലും യുഎഇയിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ യോഗത്തിനു ശേഷമാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്.
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ടൂർണമെൻ്റ് നടത്താമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചതെങ്കിലും രാജ്യത്തെ സാഹചര്യത്തിൽ സുഗമമായി ഏഷ്യാ കപ്പ് നടത്താൻ കഴിയില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിലപാടെടുക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഏഷ്യാ കപ്പ് വേദി ശ്രീലങ്കയിൽ നിന്ന് മാറ്റുന്നത്. സ്റ്റാൻഡ്‌ബൈ വേദിയായി ബംഗ്ലാദേശിനെയും പരിഗണിക്കുന്നുണ്ട്.
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഓഗസ്റ്റ് 28നെന്ന് റിപ്പോർട്ടുണ്ട്. ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാ കപ്പ് ടി-20 ഫോർമാറ്റിലാണ്. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.
Story Highlights: BCCI increase prize money domestic tournaments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here