Mahaveeryar Movie Review| ഫാന്റസിയിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഈ വീരൻമ്മാർ

‘പുതുമ’ അല്ലെങ്കിൽ ‘ഫ്രഷ്‌നെസ്സ്’ എന്ന പദം അന്വർത്ഥമാക്കുന്ന ഒരു ചിത്രം എന്ന് തന്നെ മഹാവീര്യരെ വിശേഷിപ്പിക്കാം. ഫാന്റസി ടൈം ട്രാവൽ നു പുറമെ സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളെ പുറത്തു എടുത്ത് കാണിക്കുന്ന സിനിമയായ ‘മഹാവീര്യർ’ രണ്ട് കാലഘട്ടങ്ങളെ ആണ് അവതരിപ്പിക്കുന്നത്. ചുരുക്കം ചില സിനിമകളിലൂടെ തന്നെ ഒരു സംവിധായകനെന്ന നിലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച എബ്രിഡ് ഷൈൻ
നാഗരികതയുടെ പരിണാമത്തെ ചോദ്യം ചെയ്യുകയാണ് ഈ സിനിമയിലൂടെ. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവർ സത്യം, നീതി, സ്വാതന്ത്ര്യം എന്നിവയുടെ കാര്യത്തിൽ ചിന്തിച്ചുവെച്ചിരുന്ന രീതി, ഇപ്പോൾ നമ്മുടെ ചിന്ത എത്രത്തോളം വികസിച്ചു എന്നിങ്ങനെ ഫാന്റസിയുടെ മറവിൽ ഒളിപ്പിച്ച് ശക്തമായ ആനുകാലിക രാഷ്ട്രീയം അവതരിപ്പിക്കുകയാണ് എബ്രിഡ് ഷൈൻ.
ഫാന്‍റസി ചിത്രങ്ങള്‍ ഇതിന് മുമ്പും മലയാള സിനിമകളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബ്ലാക്ക് ഹ്യൂമറും ഫാന്‍റസിയും ഒരുമിച്ച് കോർത്തിണക്കിയ ചിത്രം
അധികം മലയാളികൾക്ക് പരിചയം ഇല്ലാത്തതാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു കുറ്റകൃത്യത്തെ ചോദ്യം ചെയ്യാൻ അദ്ദേഹം നമ്മുടെ ആധുനിക നിയമവ്യവസ്ഥ ഉപയോഗിക്കുകയാണ് എബ്രിഡ് ഷൈൻ ഈ ചിത്രത്തിലൂടെ. എബ്രിഡ് ഷൈനും നിവിൻ പോളിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം എന്നതിനുപരി ഒരു നീണ്ട ഇടവേളയ്ക്കുശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് മഹാവീര്യർ.

ചിത്രം തുടങ്ങുന്നത് തന്നെ പ്രതാപശാലിയയും കർക്കശക്കാരും ആയ മനോമയ രാജ്യത്തിലെ മഹാരാജാവ് രുദ്രവീരനിലൂടെയാണ്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സംസാരത്തിലും എന്തൊക്കെയോ നിഗൂഢതകൾ ഉണ്ട് എന്ന് തുടക്കത്തിൽ തന്നെ പ്രേക്ഷകർക്ക് ഒരു സൂചന ലഭിക്കുന്നുണ്ട്. ഒരു രാജഭരണത്തെ കാലഘട്ടമാണ് കാണിക്കുന്നതെങ്കിലും നർമ്മം ഒട്ടും ചോരാതെ രാജാവിന് ഇടയ്ക്കിടെ ഉണ്ടാകുന്ന ‘എക്കിൾ’ എടുത്ത് കാണിച്ച് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ പ്രേക്ഷകർക്ക് ഒരു ചിരി സമ്മാനിക്കുകയാണ് എബ്രിഡ് ബ്രില്ലിയൻസ് ഇവിടെ. രുദ്രമഹാവീരന്‍ എന്ന രാജാവായി ലാലും മന്ത്രിയായ വീരഭദ്രന്‍ എന്ന കഥാപാത്രമായി ആസിഫ് അലിയുമാണ് എത്തുന്നത്. രാജാവ് തന്റെ മന്ത്രിയെ വിളിപ്പിച്ച് രാജ്യത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കൊട്ടാരത്തിൽ എത്തിക്കാൻ കല്പിക്കുന്നിടത്ത് കഥ തുടങ്ങുന്നു.

അപൂർണാനന്ദൻ എന്ന മുനിവര്യന്റെ പ്രവേശനമാണ് പിന്നീട് അങ്ങോട്ടുള്ളത്. ഒരു കേസില്‍പ്പെട്ട് കോടതിയിലെത്തുന്ന അപൂര്‍ണാനന്ദ എന്ന യുവസന്യാസിക്ക് മുന്നില്‍ നടക്കുന്ന കാഴ്ചകളാണ് സിനിമ. കാലങ്ങള്‍താണ്ടി ആധുനിക കാലത്തെത്തുന്ന അപൂര്‍ണാനന്ദന്‍ ഇപ്പോഴത്തെ കോടതിവ്യവഹാരങ്ങളിലൂടെ സഞ്ചരിക്കുന്നതിലെ കൗതുകമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഘടകം. ഒരു നാട്ടിന്‍പുറത്തെ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം കളവുപോവുകയും അതുമായി ബന്ധപ്പെട്ട് അപൂര്‍ണാനന്ദമുനിയും നാട്ടുകാരും കോടതിയിലെത്തി വാദങ്ങള്‍ ആരംഭിക്കുകയും അവിടെ നിന്ന് ചില നര്‍മസംഭവങ്ങള്‍ക്കൊപ്പം സിനിമയുടെ പ്രധാന കഥാഭാഗത്തേക്ക് കടക്കുകയും ചെയ്യുന്നു. അപൂര്‍ണാനന്ദമുനിയായി എത്തിയ നിവിൻ പോളി തന്റെ കരിയറിലെ തന്നെ പുതുമയുള്ള വേഷം ആണ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും
ചേർത്തുവെക്കുന്ന കണികയും നിവിന്റെ ഈ മുനി വേഷം തന്നെയാണ്. പ്രേക്ഷകനെ രസംപിടിപ്പിച്ച് കേസ് വിസ്താരം മുന്നേറുന്ന ആദ്യ പകുതി രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

അപൂർണാനന്ദന്റെ കേസ് വിസ്താരം പിന്നീട് ചെന്നെത്തുന്നത് രുദ്രമഹാവീരന്‍ മഹാരാജാവിന്റെ കേസിലേക്കാണ്. ഇവിടെ സാധാരണക്കാരൻ നേരിടുന്ന നീതിനിഷേധം, രാജവാഴ്ച, സ്ത്രീവിരുദ്ധത എന്നിങ്ങനെ ഒട്ടനേകം കാര്യങ്ങളിലേക്കാണ് സംവിധായകൻ പ്രേക്ഷകരെ കൂട്ടികൊണ്ടുപോയിരിക്കുന്നത്. നിയമം പോലും രാജാവിന് അനുകൂലമാവുന്ന അവസ്ഥ. അതായത് ഭരിക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ചായിരിക്കും കോടതിപോലും പെരുമാറുക എന്നൊരു വിമര്‍ശനം കൂടി ഉന്നയിക്കുന്നുണ്ട്. ആദ്യ പകുതിയിൽ നിവിൻ പോളിയും രണ്ടാം പകുതിയിൽ ആസിഫ് അലിയും നിറഞ്ഞുനിൽക്കുകയാണ്. പക്വതയും നീതിബോധവുമുള്ള ന്യായാധിപനായി സിദ്ദിഖും കളം നിറയുമ്പോൾ ഒരു താരസമ്പന്നമായ വേദി തന്നെ ആണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുന്നത്. ലാൽ- സിദ്ദിഖ് കൂട്ടുകെട്ട് എപ്പോഴത്തെയും പോലെ തന്നെ പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.

ചിത്രത്തിന്റെ സാങ്കേതിക മേഖലകൾ മികവുപുലർത്തുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം ഒരു സാധാരണ പ്രേക്ഷകനെ ത്രിപ്തിപെടുത്തുന്നതാണ്. ചിത്രത്തിലെ ‘ആർട്ട്’ വർക്ക് എടുത്തു പറയേണ്ട ഒന്നാണ്. ഒരു പക്ഷെ ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രത്തിലേതു പോലെ തോന്നിപ്പിക്കുന്ന വസ്ത്രാലങ്കാരവും പശ്ചാത്തല ക്രമീകരണങ്ങളും നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. പീരീഡ് കാലഘട്ടത്തെയും ആനുകാലിക കാലഘട്ടത്തെയും കല സംവിധാനത്തിലൂടെ സൂക്ഷ്മമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്നാണ് നിർമാണം. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു. നായിക കഥാപാത്രം തെന്നിന്ത്യൻ നായിക ഷാന്‍വി ശ്രീവാസ്തവയുടെ കൈയിൽ ഭദ്രമായിരുന്നു എന്നത് രണ്ടാം ഭാഗത്തിൽ വളരെ വ്യക്തമാണ്. കൂടെ ചിത്രത്തിലെ പാട്ടുകാരനായ ‘ഗോപി’ കഥാപാത്രവും പ്രേക്ഷകരുടെ പ്രീതിയും സഹതാപവും പിടിച്ചു പറ്റുന്നുണ്ട്.
Read Also: മഹാവീര്യർ ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു; ചിത്രം ഈ വ്യാഴാഴ്ച തീയറ്ററുകളിൽ
ഒരു ലക്ഷ്യത്തിൽ എത്താൻ നല്ല വഴിയും ചീത്ത വഴിയും ഉണ്ട്. എന്നാൽ ചീത്ത വഴി തിരഞ്ഞെടുക്കാതെ വളരെ മിതമായ, ആർക്കും ദോഷമില്ലാത്ത രീതിയിൽ ഓരോ കാര്യങ്ങളെ സമീപിക്കാം എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടെ ആണ് ഈ സിനിമ. ഒരു എന്റർടൈൻമെന്റ് മാത്രമല്ല സിനിമ കണ്ട് കഴിഞ്ഞു ഇറങ്ങുന്നവർക്ക് എന്താണ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയം, എങ്ങനെയൊക്കെ ഭരണം ഉണ്ടാകാം, ഉണ്ടാകാൻ പാടില്ല എന്നൊക്കെയുള്ള ചിന്തകളുടെ വിത്തുകളാണ് സംവിധായകൻ മഹാവീര്യരിലൂടെ പാകിക്കൊടുക്കുന്നത്.
Story Highlights: Mahaveeryar Malayalam Movie Review
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here