മണിവേലിന് ആകാശമായവളെ..; എക്‌സൈസ് ഇടപെടലിൽ തുന്നിച്ചേർന്ന ഒരു പ്രണയകഥ

‘വെള്ളം’ എന്ന ചിത്രത്തിലെ മുരളിയേയും ഭാര്യയെയും ഓർമയില്ലേ. ചിത്രത്തിലേത് പോലെ രണ്ടുപേരുണ്ട് അട്ടപ്പാടിയിൽ. കദന കഥകൾ കേട്ട് മടുത്ത അട്ടപ്പാടിയിലെ മനസ് കുളിർപ്പിക്കുന്ന ഒരു പ്രണയകഥയാണിത്. ഇടയിൽ അറ്റുപോയ പ്രണയത്തിന്റെ നൂലുകൾ കണ്ണിച്ചേർക്കാൻ എക്സൈസ് വകുപ്പു പങ്ക് വഹിച്ചിട്ടുണ്ട്. ഇത് അട്ടപ്പാടി ചാളയൂരിലെ മണിവേലിന്റേയും പാപ്പയുടേയും കഥയാണ്.മണിവേലിന്റെ കഥ അട്ടപ്പാടിയിലെ പല ജീവിതങ്ങളുടേയും നേർസാക്ഷ്യമാണെന്ന് പറയേണ്ടി വരും. കൃത്യമായ പരിചരണം വഴി ആരേയും മദ്യപാനത്തിൽ നിന്നും അകറ്റാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഇവരുടെ ജീവിതം.
ചാളയൂർ ഊരിലെ മണിവേലിന് 17 വയസ് മുതൽ മദ്യപാനം ശീലമുണ്ട്. ഇപ്പോൾ പ്രായം 42 വയസ്. ഇതിനിടയിൽ പാപ്പ എന്ന സ്ത്രീയുമായി മണിവേൽ പ്രണയത്തിലായി.വിവാഹവും കഴിഞ്ഞു. മണിവേലിനും പാപ്പക്കും രണ്ട് ആൺമക്കളുണ്ടായി.സന്തോഷം നിറഞ്ഞ കുടുംബ ജീവിതത്തിനിടയിൽ ഇവർക്കിടയിൽ മദ്യം വില്ലനായെത്തി. അമിതമായ മദ്യപാനം കുടുംബത്തിൽ പലവിധ പ്രശ്നങ്ങൾക്കും കാരണമായി. മർദ്ദനം സഹിക്കാനാകാതെ പാപ്പയും കുട്ടികളും മറ്റൊരിടത്തേക്ക് താമസം മാറ്റി.സ്ഥിരം നടത്തുന്ന ഊരു സന്ദർശനത്തിനിടയിലാണ് മണിവേലിന്റേയും പാപ്പയുടേയും ജീവിതം കോട്ടത്തറയിലെ ജനമൈത്രി എക്സൈസ് സ്‌ക്വാഡ് അറിയുന്നത്.പിന്നെ ഈ വിഷയം ഏറ്റെടുക്കാൻ അവർ തീരുമാനിച്ചു.
നിരന്തരമായി മണിവേലിനെ സന്ദർശിക്കാൻ തുടങ്ങി. ഏറെ പരിശ്രമങ്ങൾക്കൊടുവിൽ മണിവേലിനെ കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡീ-അഡിക്ഷൻ സെന്ററിലേക്ക് എത്തിച്ചു. കൂട്ടിരിപ്പുകാർ നിർബന്ധമാണെന്നിരിക്കെ ഒരു വർഷം മുമ്പ് പിരിഞ്ഞു പോയ പാപ്പയെ മടക്കിക്കൊണ്ടുവരാൻ ശ്രമങ്ങൾ ആരംഭിച്ചു. നിരന്തര അഭ്യർത്ഥനക്ക് വഴങ്ങി ഒടുവിൽ പാപ്പ എക്സൈസ് സംഘം നിർദ്ദേശിക്കുന്ന വിധം മണിവേലിനെ പരിചരിക്കാമെന്ന് സമ്മതിച്ചു. നീണ്ട 21 ദിവസത്തെ കൃത്യമായ പരിചരണത്തിലൂടെ മണിവേൽ കടന്നുപോയി. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ മണിവേൽ ഇപ്പോൾ കുടുംബത്തൊടൊപ്പം സന്തോഷവാനാണ്. തകർന്നു പോയ തങ്ങളുടെ സ്വപ്നങ്ങൾ ഒരുമിച്ച് നെയ്യുകയാണ് ഇപ്പോൾ പാപ്പയും മണിവേലും.
Read Also: ‘വെള്ളം’ ഒടിടി റിലീസോ? മറുപടിയുമായി സംവിധായകൻ
Story Highlights: The Story of Manivel and Papa Attapadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here