കള്ളാക്കുറിച്ചിയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മൃതദേഹം ഇന്ന് രക്ഷിതാക്കൾ ഏറ്റുവാങ്ങും

തമിഴ് നാട് കള്ളാക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മൃതദേഹം രക്ഷിതാക്കൾ ഇന്ന് ഏറ്റുവാങ്ങും. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രാവിലെ ഏഴുമണിയ്ക്ക് മുൻപായി മൃതദേഹം ഏറ്റുവാങ്ങി, കടലൂർ പെരിയ നെസലൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. പുറത്തു നിന്നുള്ളവരെയോ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളവരെയോ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിയ്ക്കില്ലെന്ന് പൊലിസ് അറിയിച്ചു. വൈകുന്നേരത്തിനുള്ളിൽ സംസ്കാരം നടക്കും.
അതേസമയം പെൺകുട്ടി താഴേക്കുചാടി ജീവനൊടുക്കിയ സ്കൂൾ ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പടക്കം സിബിസിഐഡി നടത്തി. കുട്ടിയുടെ ശരീരത്തിലെ പരിക്കുകളും ഡമ്മിക്കുണ്ടായ കേടുപാടും തമ്മിൽ സാമ്യമുണ്ടെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിന്‍റെ ഫോറൻസിക്, കയ്യക്ഷര പരിശോധനകളും നടത്തി. പ്രതിഷേധത്തിനിടെ ആസൂത്രിത ആക്രമണം നടന്നതിനെപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘവും സ്കൂളിലും പരിസരത്തുമെത്തി തെളിവെടുത്തു. സംഘർഷ സാധ്യത നിലനിൽക്കുന്ന കള്ളക്കുറിച്ചിയിൽ നിരോധനാജ്ഞ തുടരുകയാണ്.
Read Also: തമിഴ്നാട് കള്ളകുറിച്ചിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ മൃതദേഹം ബന്ധുക്കൾ ഇന്ന് ഏറ്റുവാങ്ങിയേക്കും
തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനി കഴിഞ്ഞ ആഴ്ചയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. കെമിസ്ട്രി, കണക്ക് അധ്യാപകർ തന്നെ വല്ലാതെ മാനസിക സംഘർഷത്തിൽ ആക്കുന്നുവെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഇംഗ്ലീഷ് ലിപിയിലെഴുതിയ തമിഴിലാണ് കുറിപ്പ്. താൻ പഠിക്കാത്ത കുട്ടിയാണെന്ന് അധ്യാപകർ എല്ലാവരോടും പറയുന്നു. രസതന്ത്രത്തിലെ സമവാക്യങ്ങൾ ഓർമയിൽ നിൽക്കുന്നില്ല. എല്ലാവരും കളിയാക്കുന്നു. തന്നെ മാത്രമല്ല, മറ്റ് കുട്ടികളേയും കണക്ക് ടീച്ചർ ഈ വിധം വഴക്കുപറയാറുണ്ട്. എന്നിങ്ങനെയാണ് കുട്ടി എഴുതിയിരിക്കുന്നത്. സ്കൂൾ ഫീസ് തന്‍റെ അമ്മയ്ക്ക് തിരികെ നൽകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
Story Highlights: Kallakurichi student death Parents to collect body today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here