കോട്ടണ്‍ ഹില്‍ സ്‌കൂളിലെ റാഗിങ്; സംഭവമറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയെന്ന് വിദ്യാഭ്യാസ മന്ത്രി

കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് കുട്ടികളെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തെകുറിച്ച് മൂന്ന് ദിവസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറെ ചുമതലപ്പെടുത്തി ( cotton hill school ragging ).
സംഭവമറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണ്. പരാതി നേരിട്ടല്ല കിട്ടിയത്. രക്ഷകര്‍ത്താവിന്റെ പരാതി സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചു. നാളെ തന്റെ ചേമ്പറില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂളാണിത്. തലസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ്. അതിനാല്‍ പരാതി അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
ആക്രമിച്ച വിദ്യാര്‍ത്ഥികളെ നാളെ സ്‌കൂളില്‍ പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്തും. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Story Highlights: cotton hill school ragging; Education Minister has asked for a report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here