Advertisement

ഐഎൻടിയുസി പയ്യോളി മണ്ഡലം പഠന ക്യാമ്പ് ഉദ്ഘാടനത്തിന് മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയില്ല

July 24, 2022
Google News 2 minutes Read

ഐഎൻടിയുസി പയ്യോളി മണ്ഡലം പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യാൻ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയില്ല. സമാന്തര പരിപാടിയെന്ന വ്യാഖ്യാനം ഒഴിവാക്കാനാണ് പരിപാടിയിൽ നിന്ന് പിന്മാറിയത്.

കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനിൽക്കുകയായിരുന്നു. അതിനിടയിലാണ് ഇന്ന് പയ്യോളിയിൽ ചേർന്ന ഐഎൻടിയുസി പഠന ക്യാമ്പിൽ അദ്ദേഹത്തെ ഉദ്ഘാടകനായി നിശ്ചയിച്ചത്. പരിപാടിക്ക് എത്താമെന്നായിരുന്നു മുല്ലപ്പള്ളി അറിയിച്ചതെങ്കിലും അവസാന നിമിഷം ചിന്തൻ ശിബിര വിവാദം മുൻനിർത്തി പിന്മാറുകയായിരുന്നു. സമാന്തര പരിപാടിയെന്ന വ്യാഖ്യാനം ഒഴിവാക്കാനാണ് പരിപാടിയിൽ നിന്ന് പിന്മാറിയതെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്താക്കുന്നത്.

പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. പങ്കെടുക്കാതിരുന്ന വി.എം.സുധീരനും കെ. മുരളീധരനും അസൗകര്യം അറിയിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. മാറി നില്‍ക്കുന്നവര്‍ സ്വയം ആലോചിക്കട്ടേയെന്നും പങ്കെടുക്കാതിരുന്നാല്‍ പാര്‍ട്ടി അത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് തുടക്കമാകുന്ന കോഴിക്കോട് പ്രഖ്യാപനം ഇന്നുണ്ടാകും. ബിജെപിയെയും സിപിഐഎമ്മിനെയും ഒരുപോലെ എതിര്‍ത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഒപ്പം നിറുത്തണമെന്ന് ചിന്തന്‍ ശിബിരത്തില്‍ നിര്‍ദേശമുയര്‍ന്നു. സംഘടനാ തെരഞ്ഞെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.

മതേതര കാഴ്ചപ്പാട് ഉയര്‍ത്തി പിടിച്ച് ബിജെപിയേയും സിപിഐഎമ്മിനെയും എതിര്‍ക്കണമെന്നാണ് ചിന്തന്‍ ശിബിരത്തിലുയര്‍ന്ന പ്രധാന ആവശ്യം. നഷ്ടമായ ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കാന്‍ ഈ നയം സഹായിക്കും. ആദിവാസി ദളിത് മേഖലയില്‍ ബിജെപി തന്ത്രപരമായി കടന്നു കയറുന്നത് ചെറുക്കണം. തീരദേശ മേഖലയില്‍ ശക്തി തിരിച്ചുപിടിക്കണമെന്നും നിര്‍ദേശമുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കി മുന്നോട്ട് പോകാന്‍ ബൂത്തുതലം മുതല്‍ കെപിസിസി വരെ പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണം. കെഎസ്‌യുവില്‍ വനിതാ വിഭാഗം വേണമെന്നും നിര്‍ദേശമുണ്ട്.

സംഘടന, രാഷ്ട്രീയം, സാമ്പത്തികം, ഔട്ട്‌റീച്ച്, മിഷന്‍ 24 എന്നീ അഞ്ച് വിഷയങ്ങളിലെ ചര്‍ച്ചയ്ക്കാണ് ചിന്തന്‍ ശിബിരം ഇന്നലെ വേദിയായത്. ഈ വിഷയങ്ങളില്‍ അഞ്ച് പാനലുകളായി തിരിഞ്ഞ് അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ കരട് രൂപം ഇന്ന് രാവിലെ അവതരിപ്പിക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ തീരുമാനങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള സമാപന യോഗത്തില്‍ നിര്‍ണായകമായ കോഴിക്കോട് പ്രഖ്യാപനം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തും.

ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്ത മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും എതിരെ വിമര്‍ശനം ഉയരുമോ എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാന്‍ ചിന്തന്‍ ശിബിരത്തിന് കഴിയുമോ എന്നതും കണ്ടറിയണം.

Story Highlights: Mullapally Ramachandran did not attend the inauguration of INTUC study camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here