‘INTUC ആശാവർക്കേഴ്‌സിനൊപ്പം, സമിതി എന്ന ആവശ്യം മുന്നോട്ട് വെച്ചത് ഞാനല്ല’; വിശദീകരണം നൽകി ആർ ചന്ദ്രശേഖരൻ

ആശാ സമര വിവാദത്തിൽ വിശദീകരണവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെ നേരിൽ കണ്ടാണ് വിശദീകരണം നൽകിയത്. കെപിസിസി ആസ്ഥാനത്തെത്തിയായിരുന്നു കെ. സുധാകരനുമായുള്ള കൂടിക്കാഴ്ച. പ്രശ്നങ്ങൾ പഠിക്കാൻ സമിതി എന്ന ആവശ്യം മുന്നോട്ടുവച്ചത് താനല്ലെന്ന് ആർ ചന്ദ്രശേഖരൻ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വേതന വർധന വേണ്ടെന്നും പറഞ്ഞിട്ടില്ലെന്ന് ആർ ചന്ദ്രശേഖരൻ വ്യക്തമാക്കി. ആശാവർക്കേഴ്സിനൊപ്പം ആണ് ഐഎൻടിയുസി എന്നും കെപിസിസി അധ്യക്ഷനെ ആർ ചന്ദ്രശേഖരൻ അറിയിച്ചു. ആശാവർക്കേഴ്സിന്റെ ആവശ്യം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ തീരുമാനത്തെയാണ് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ ചന്ദ്രശേഖൻ പിന്തുണച്ചത്.
ആർ ചന്ദ്രശേഖരനെ തള്ളി കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും രംഗത്തെത്തിയിരുന്നു. ആശ വർക്കേഴ്സിന്റെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി വെക്കണം എന്ന നിലപാട് കോൺഗ്രസിനില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. പാർട്ടി നിലപാടിനെതിരെ നിൽക്കുന്ന ആർ.ചന്ദ്രശേഖരനെ താലോലിക്കാനാവില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.
തുടർച്ചയായി ആശ സമരത്തെ തള്ളുന്ന നിലപാടെടുത്തതോടെയാണ് ആർ. ചന്ദ്രശേഖറിനെ വിളിച്ചു വരുത്തി വിശദീകരണം തേടാൻ കെപിസിസി തീരുമാനിച്ചത്. ആശാ വർക്കേഴ്സിന്റെ രാപ്പകൽ ഇന്ന് 55 ആം ദിവസവും നിരാഹാര സമരം പതിനേഴാം ദിവസത്തിലുമാണ്.
Story Highlights : INTUC president R Chandrasekaran explanation on Asha strike controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here