Advertisement

ചരിത്ര നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര; അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി

July 24, 2022
Google News 2 minutes Read
Neeraj Chopra wins historic silver medal

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍. ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ആദ്യ ശ്രമത്തില്‍ത്തന്നെ 90.46 മീറ്റര്‍ ദൂരം പിന്നിട്ട നിലവിലെ ചാംപ്യന്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സന്‍ സ്വര്‍ണം നിലനിര്‍ത്തി. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 2019ല്‍ 86.89 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് പീറ്റേഴ്‌സന്‍ സ്വര്‍ണം നേടിയത് ( Neeraj Chopra wins historic silver medal ).

2022 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം കൂടിയാണിത്. അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരമായും ചോപ്ര മാറി. മലയാളിയായ അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡല്‍ ആണിത്.

89.94 ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതു മെച്ചപ്പെടുത്തിയാലേ ചോപ്രയ്ക്ക് സ്വര്‍ണ മെഡല്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. ഫൗളുമായി പോരാട്ടം തുടങ്ങിയ നീരജ് ചോപ്ര, രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍ ദൂരം കണ്ടെത്തി അഞ്ചാം സ്ഥാനത്തായിരുന്നു. മൂന്നാം ശ്രമത്തില്‍ 86.37 മീറ്റര്‍ ദൂരം കണ്ടെത്തി നീരജ് നാലാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന രോഹിത് യാദവ് 10-ാം സ്ഥാനത്തോടെ മെഡല്‍ പോരാട്ടത്തില്‍നിന്ന് പുറത്തായി. 78.72 മീറ്ററാണ് രോഹിത്തിന്റെ മികച്ച ദൂരം. മൂന്നാം ശ്രമത്തിലാണ് രോഹിത് യാദവും തന്റെ മികച്ച ദൂരമായി 78.72 മീറ്റര്‍ കണ്ടെത്തിയത്.

Story Highlights: Neeraj Chopra wins historic silver medal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here