Advertisement

കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും; ഔദ്യോഗിക പ്രഖ്യാപനമായി

July 25, 2022
Google News 2 minutes Read
kerala blasters womens team

ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വനിതകൾക്ക് ആദരവർപ്പിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ മറ്റൊരു ഐഎസ്എൽ ക്ലബായ ഒഡീഷ എഫ്സിയും വനിതാ ടീം പ്രഖ്യാപിച്ചിരുന്നു. (kerala blasters womens team)

വനിതാ ടീം പ്രഖ്യാപനത്തിൻ്റെ ആദ്യ പടിയായി ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മാസം ടീം ഡയറക്ടറെ പ്രഖ്യാപിച്ചിരുന്നു. ഒഡീഷ എഫ്സിയുടെ സീനിയർ ടീം മാനേജർ റജാഹ് റിസ്‌വാൻ വനിതാ, അക്കാദമി ടീമുകളുടെ ഡയറക്ടറായി സ്ഥാനമേറ്റു എന്ന് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. ഗോകുലം കേരള ഫസ്റ്റ് ടീമിൻ്റെ മുൻ മാനേജർ കൂടിയാണ് റജാഹ് റിസ്‌വാൻ.

Read Also: പ്രീസീസണിനായി ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക്; എതിരാളികൾ കരുത്തർ

അതേസമയം, ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിന് മുന്നോടിയായുള്ള പ്രീസീസണിനായി കേരള ബ്ലാസ്റ്റേഴ്സ് യുഎഇയിലേക്ക് പറക്കും. ഓ​ഗസ്റ്റ് ഒന്നിന് കൊച്ചിയിൽ പ്രീസീസൺ ആരംഭിക്കും. ഓഗസ്റ്റ് 17 മുതലാണ് യുഎഇയിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രീ സീസണു വേണ്ടി ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക് പറക്കുന്നത്.

ഓഗസ്റ്റ് 17 മുതൽ 29 വരെയാണ് യുഎഇയിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ. മൂന്ന് പ്രൊഫഷണൽ ക്ലബുകളാണ് പ്രീസീസണിൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുക. കഴിഞ്ഞ യുഎഇ പ്രോ ലീ​ഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അൽ നാസർ, കഴിഞ്ഞ തവണ രണ്ടാം ഡിവിഷൻ ജേതാക്കളായി ഈ സീസണിൽ പ്രോ ലീ​ഗിലെത്തിയ ദിബ്ബ അൽ ഫുജൈറ, രണ്ടാം ഡിവിഷനിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹട്ട എന്നീ ക്ലബുകളാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. മത്സരങ്ങളെല്ലാം ടിക്കറ്റ് വച്ചാണ് നടത്തുക.

അതേസമയം, ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന് നടക്കും. ഐലീഗ് ക്ലബായ സുദേവ എഫ്സിയാണ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഓഗസ്റ്റ് 23ന് ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിക്കെതിരെ അടുത്ത മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് 27ന് മറ്റൊരു ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഓ​ഗസ്റ്റ് 31ന് ആർമി ​ഗ്രീനിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീ​ഗ് മത്സരം.

Story Highlights: kerala blasters womens team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here