Advertisement

കോഴിക്കോടന്‍ ഹല്‍വ പോലൊരു ‘കോവില്‍പട്ടി കടലൈമിട്ടായി’

July 25, 2022
Google News 3 minutes Read
kovilpatti kadalai mittai

യു.എം.ബിന്നി

സാക്ഷാല്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ ഉയിര്‍കൊണ്ട നാട്ടില്‍ (ബ്രിട്ടീഷുകാരെ വിറപ്പിച്ച കട്ടബൊമ്മന്‍ കോവില്‍പട്ടി ക്കടുത്ത പാഞ്ചാലങ്കുറിച്ചിക്കാരനാണ്) കപ്പലണ്ടിമിഠായി നിര്‍മ്മാണത്തിന്റെ നീണ്ട പാരമ്പര്യവുമായി ഇന്നും ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. കാലം പുകക്കറയില്‍ ചിത്രങ്ങളെഴുതിയ ചുമരുകളുള്ള ഇടുങ്ങിയ അടുക്കള. മേല്‍ക്കൂരയിലെ സുഷിരങ്ങളിലൂടെ അരിച്ചെത്തുന്ന ഉച്ചസൂര്യന്റെ വെള്ളിവെളിച്ചത്തില്‍, പുകച്ചുരുളുകളില്‍ മുങ്ങിനിന്ന് വിറകടുപ്പിലെ ഇരുമ്പുചട്ടിയിലെ ശര്‍ക്കര ലായനി പാകം വരുത്തുകയാണ് അയ്യക്കുന്നും ചെല്ലയ്യായും ( kovilpatti kadalai mittai ).

ഇത് കോവില്‍പെട്ടി നഗരത്തിലെ ഇടുങ്ങിയ തെരുവിലെ പ്രശസ്തമായ ‘എം.എന്‍.എസ്. ആഞ്ജനേയ’ എന്ന കപ്പലണ്ടിമിട്ടായിക്കട. കോഴിക്കോടന്‍ ഹല്‍വ പോലെ, തിരുപ്പതിക്ക് ലഡു പോലെ കടലൈമിട്ടായിക്ക് പ്രശസ്തമാണ് തമിഴ്നാട്ടിലെ കോവില്‍പട്ടി. എന്തുവിശേഷം വന്നാലും കോവില്‍പട്ടിക്കാര്‍ക്ക് കപ്പലണ്ടിമിഠായി ഒഴിച്ചുകൂടാന്‍ വയ്യാത്ത വിഭവമാണ്. മുമ്പൊക്കെ ഏത് സദ്യയായാലും കപ്പലണ്ടി മിഠായി വിളമ്പുമായിരുന്നു. ഇന്നും രുചിയുടെ രസക്കൂട്ടുകളില്‍ ‘കോവില്‍പട്ടി കടലൈമിട്ടായി’ ജനകീയനായി തന്നെ തിളങ്ങി നില്‍ക്കുന്നു.

‘പൊന്നമ്പലം കടലൈമിട്ടായി’

1930കളില്‍ കോവില്‍പട്ടിയിലെ പലചരക്ക് വ്യാപാരിയായിരുന്ന പൊന്നമ്പല നാടാരായിരുന്നുവത്രെ ഇന്നത്തെ കടലൈമിട്ടായിയുടെ തലതൊട്ടപ്പന്‍. ‘പൊന്നമ്പലം കടലൈമിട്ടായി’ കോവില്‍പട്ടിയിലെ ആദ്യത്തെ ബ്രാന്‍ഡഡ് പേരും.

പൊന്നമ്പലത്തിന്റെ നിര്‍മ്മാണ ട്രിക്കുകള്‍ പകര്‍ന്നുകിട്ടിയ പുതിയ ഒരുനിര ആള്‍ക്കാര്‍ ഇന്നും തലമുറകളായി കപ്പലണ്ടിമിഠായി നിര്‍മ്മാണത്തിലുണ്ട്. നഗരഹൃദയത്തിലെ എം.എന്‍.ആറും, എം.എന്‍എസും ഈ ഗണത്തിലെ എണ്ണം പറഞ്ഞ രണ്ട് ബ്രാന്‍ഡുകളാണ്. ’60ല്‍ കപ്പലണ്ടിമിഠായി നിര്‍മ്മാണം തുടങ്ങിയ നടരാജന്റെ പാരമ്പര്യവുമായി മക്കളായ ഗോകുല്‍റാമും ശക്തിവേലുമാണ് ഈ ബ്രാന്‍ഡുകളെ ഇന്ന് നയിക്കുന്നത്. ഗോകുല്‍റാമിന്റെ എം.എന്‍.എസ് ആഞ്ജനേയ എന്ന പേര്‍ തന്നെ തമിഴകമാകെ ഈ കപ്പലണ്ടി മധുരത്തിന് പകരമാണ്.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

‘വെല്ല’മാണ് മുഖ്യം

ഈ രുചിക്കൂട്ടിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചാല്‍ ഗോകുല്‍റാം പറയും ‘വെല്ലമാണ് മുഖ്യം’. കപ്പലണ്ടി മിഠായിക്ക് കൂട്ടൊരുക്കുന്ന ശര്‍ക്കല ലായനിക്കാണ് വെല്ലമെന്ന് പറയുന്നത്. സേലത്തുനിന്നും ശ്രീവില്ലിപ്പുത്തൂരുനിന്നും വരുന്ന നല്ല ഗുണമേന്മയുള്ള തീരെ അഴുക്കില്ലാത്ത ശര്‍ക്കര ഇനങ്ങളാണ് ഇതിലെ താരം. കൂടുതലും ശങ്കരന്‍കോവിലിലെ വിളക്കൂറുള്ള മണ്ണില്‍ നിന്നാണ് കപ്പലണ്ടി കിട്ടുന്നത്. ഇന്ന് ആന്ധ്രയില്‍ നിന്നും ധാരാളമായി വരുന്നു. എം.എന്‍.എസിന്റെ പീടികയ്ക്ക് തൊട്ട് പുറകിലായാണ് പാരമ്പര്യരീതിയില്‍ മിഠായി തയ്യാറാക്കുന്ന അടുക്കള. അയ്യക്കുന്നും ചെല്ലയ്യായും ആദ്യകാലം മുതല്‍ ഇവിടുത്തെ തൊഴിലാളികള്‍. ഇപ്പോഴും യന്ത്രസഹായമില്ലാതെ പൂര്‍ണ്ണമായും പരമ്പരാഗത രീതിയിലാണ് മിഠായി തയ്യാര്‍ ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.

ആദ്യം കപ്പലണ്ടി ചട്ടിയിലിട്ട് വറുത്ത ശേഷം തോട് കളഞ്ഞ് പിളര്‍ത്തിയെടുക്കും. വിവിധ ശര്‍ക്കരക്കൂട്ടുകളുടെ ലായനി ഇരുമ്പുചട്ടിയില്‍ തിളപ്പിച്ച് ചൂടാറാന്‍ വയ്ക്കും. മൂന്ന് മണിക്കൂറിന് ശേഷം വീണ്ടും തിളപ്പിച്ച് പാനിയാക്കുന്ന ശര്‍ക്കരലായനിയില്‍ പഞ്ചസാര ലായനിയും വാനില എസന്‍സും ചേര്‍ക്കും. അതില്‍ വറുത്ത പരിപ്പിട്ട് വീണ്ടും നന്നായി ഇളക്കിയെടുക്കും. അത് ട്രേയിലേക്കൊഴിക്കുമ്പോള്‍ തണുത്ത് കട്ടിയായി ഷീറ്റ് പോലെയിരിക്കും. ചൂടാറിയ ശേഷം കത്തിവച്ച് അരിഞ്ഞ് ചെറിയ കഷണങ്ങളാക്കിയെടുക്കും. ആറിത്തണുത്താല്‍ സ്വാദിഷ്ടമായ കപ്പലണ്ടി മിഠായി റെഡി.

കോവില്‍പട്ടി ഇപ്പോള്‍ പഴയ നാട്ടുമ്പുറമല്ല

ഒരുകാലത്ത് കോവില്‍പട്ടിയിലും പരിസരപ്രദേശങ്ങളിലും നിലക്കടല കൃഷി വ്യാപകമായിരുന്നു. നിലക്കടലയ്ക്ക് ഏറെ വളക്കൂറുള്ള ഈ മണ്ണില്‍ നൂറുമേനിയായിരുന്നു വിളവ്. ആടിമാസത്തിലാണ് കൂടുതല്‍ വിളവ് കിട്ടിയിരുന്നത്. മഴയുടെ കുറവ് കോവില്‍പട്ടിയിലെ നിലക്കടല കൃഷിയേയും സാരമായി ബാധിച്ചു. ലാഭകരമായ പുതിയ കൃഷികളും വ്യവസായങ്ങളുമൊക്കെ വന്നതോടെ കപ്പലണ്ടികൃഷിയും പരണത്തായി.

കോവില്‍പട്ടി ഇപ്പോള്‍ പഴയ നാട്ടുമ്പുറമല്ല. മുഖ്യവ്യവസായമായ തീപ്പെട്ടിയും വെടിമരുന്നും ഇവിടെ തഴച്ചുവളര്‍ന്നു, നാടിനെ സമ്പന്നമാക്കി. ആദ്യകാലത്ത് തീപ്പെട്ടിയുടെ പ്രധാന നിര്‍മ്മാണ സാമഗ്രിയായിരുന്ന പാഴ്തടികളായ പെരുമരവും മുരുക്കുമൊക്കെ ധാരാളമായി കേരളത്തില്‍ നിന്നാണ് പോയിരുന്നത്.
ഇന്ന് തായ്ലന്റില്‍ നിന്നും ഇന്‍ഡോനേഷ്യയില്‍ നിന്നുമൊക്കെ പടുകൂറ്റന്‍ പോപ്ലാര്‍ തടികളാണ് ആഗോളീകരണത്തിന്റെ ‘കാണാച്ചരടുകളുമായി’ കോവില്‍പട്ടിയിലേക്ക് കപ്പലേറിവരുന്നത്. വെബ്വിലാസം പുറത്തൊട്ടിച്ച് കണ്ടെയ്നറുകളില്‍ ഗമയില്‍ വന്നിറങ്ങുന്ന ഭീമന്‍ തടികള്‍ മറ്റ് മരങ്ങളെയൊക്കെ നാടുകടത്തി. വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഒരുകൂട്ടര്‍ അതിസമ്പന്നരാകുന്നു. കോവില്‍പട്ടിക്കുമായി അതിന്റെ ഗ്ലാമറൊക്കെ.

പുതിയ കാലത്തിന്റെ ശീലങ്ങളായി വര്‍ണ്ണക്കടലാസുകളില്‍ കമനീയമായി പൊതിഞ്ഞ് പരസ്യഘോഷങ്ങളുടെ അകമ്പടിയോടെയെത്തുന്ന ചോക്ലേറ്റുകളും ജെല്ലികളുമൊക്കെ അരങ്ങ് വാഴുമ്പോഴും, അതിനെയൊക്കെ അതിജീവിച്ച് മനസില്‍ രുചികളുടെ ലെഡു പൊട്ടിച്ചുകൊണ്ട്, കോവില്‍പട്ടിക്കാരുടെ സ്വന്തം കപ്പലണ്ടിമിഠായി അനേകംനാവില്‍ ഇന്നും കൊതിനിറയ്ക്കുന്നുണ്ട്.

Story Highlights: kovilpatti kadalai mittai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here