Advertisement

75ആം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ പരിപാടികൾ നടത്തുമെന്ന് ഇപി ജയരാജൻ

July 26, 2022
Google News 2 minutes Read
ep jayarajan independence day

75ആം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ പരിപാടികൾ നടത്തുമെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. ഓഗസ്റ്റ് 11 മുതൽ 14 വരെ സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. 15ന് കേരളം മുഴുവൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. (ep jayarajan independence day)

“സ്വാതന്ത്ര്യ ദിനത്തിൻ്റെ 75ആം വാർഷികത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വലിയ ആഘോഷ പരിപാടിക്ക് രൂപം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇടതുപക്ഷ മുന്നണിയുടെ ജില്ലയിലെ നേതാക്കളെല്ലാം ആ പരിപാടിയിൽ സജീവ സാന്നിധ്യമാവും. അവിടെയും ഒരു സ്വാതന്ത്ര്യ ദിന പ്രതിജ്ഞയെടുക്കും. അതിനനുസരിച്ചുള്ള വിപുലമായ ആഘോഷ പരിപാടികളും നാട്ടിലെല്ലാം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായിട്ട് തന്നെ ഓഗസ്റ്റ് 11ന് കോഴഞ്ചേരി, 12ന് വൈക്കം, 13ന് പയ്യന്നൂർ, 14ന് കോഴിക്കോട് എന്നിവിടങ്ങളിൽ പതാക ഉയർത്തി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. 15ന് കേരളം മുഴുവൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കും.”- ഇപി ജയരാജൻ പറഞ്ഞു.

Read Also: ‘പതാകയുണ്ടാക്കാന്‍ ഖാദി, കൈത്തറി മേഖലകൾ’; സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തും; മുഖ്യമന്ത്രി

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഓഗസ്റ്റ് 10 ന് രാജ്ഭവന് മുന്നിൽ ധർണ്ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിലും ധർണ്ണ നടത്തും. കിഫ്ബിയെ തകർക്കാനാണ് ഇഡിയുടെ നീക്കം. അർഹതപ്പെട്ട പദ്ധതി വിഹിതം വെട്ടിച്ചുരുക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. കുടുംബശ്രീ മുഖേന ദേശീയപതാക നിർമ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.

ആഗസ്റ്റ് 12 നുള്ളിൽ പതാകകൾ സ്‌കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. 15ന് സ്കൂളുകളിൽ പതാക ഉയർത്തിയ ശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. മുഴുവൻ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാവണം. ഘോഷയാത്രയുമാകാം. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഘോഷയാത്ര ആലോചിക്കണം. സ്കൂളുകളിലും സ്ഥാപനങ്ങളിലും ആഗസ്റ്റ് 10നുള്ളിൽ ബാനറുകൾ കെട്ടണം.

Story Highlights: ep jayarajan independence day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here