കടബാധ്യതയിൽ വീട് വിൽക്കാൻ തീരുമാനിച്ചു; ടോക്കൺ വാങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഒരു കോടി രൂപ ലോട്ടറി

സംസ്ഥാന സർക്കാരിൻറെ ഫിഫ്റ്റി – ഫിഫ്റ്റി ഭാഗ്യക്കുറി മാറ്റിമറിച്ചത് കാസർഗോഡ് പാവൂർ സ്വദേശി മുഹമ്മദ് ബാവയുടെ ജീവിതം തന്നെയാണ്. കടബാധ്യത മൂലം വീട് വിൽപ്പനയ്ക്കായി ടോക്കൺ വാങ്ങാൻ നിശ്ചയിച്ചിരുന്ന സമയത്തിന് രണ്ട് മണിക്കൂർ മുൻപാണ് ഭാഗ്യദേവത മുഹമ്മദ് ബാവയെ തേടിയെത്തിയത്. (mohammed bava lottery story)
വീട് നിർമാണത്തിനും, മക്കളുടെ കല്യാണത്തിനുമായി ഉണ്ടാക്കിയ ഭാരിച്ച കട ബാധ്യതയെ തുടർന്ന് നേരത്തെ തന്നെ വീട് വിൽക്കാൻ മുഹമ്മദ് ബാവ തീരുമാനിച്ചിരുന്നു. 45 ലക്ഷം രൂപയായിരുന്നു കടബാധ്യത. 10 ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പയെടുത്തും 20 ലക്ഷം രൂപ ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയുമാണ് വീട് വച്ചത്. ഏറെ വൈകാതെ രണ്ടാമത്തെ മകളുടെ വിവാഹം കൂടി നടത്തിയതോടെ ദമ്പതികൾ മൂക്കറ്റം കടത്തിലായി.
അതിനാൽ വെറും 8 മാസം മുൻപ് പണിത 2000 സ്ക്വയർ ഫീറ്റിൻ്റെ വീട് 45 ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ബാവയുടെ തീരുമാനം. എന്നാൽ, ബ്രോക്കറും വീട് വാങ്ങാനെത്തിയവരും വില താഴ്ത്തി 40 ലക്ഷം രൂപയാക്കി. വീട് വിറ്റ് സ്കൂളിൽ പഠിക്കുന്ന പെണ്മക്കളുമായി വാടകവീട്ടിലേക്ക് മാറാനായിരുന്നു മുഹമ്മദ് ബാവ-ആമിന ദമ്പതികളുടെ പദ്ധതി. ഞായറാഴ്ച ഒരു മണിക്ക് വീട് വാങ്ങാനെത്തുന്നയാളുകളെ കാത്തിരിക്കുന്നതിനിടെ പുറത്തേക്ക് പോയ ബാവ 50-50 ലോട്ടറിയുടെ നാല് ടിക്കറ്റുകൾ വാങ്ങി. മൂന്ന് മണിയോടെ നറുക്കെടുപ്പ്. നറുക്കെടുപ്പിൽ സിനിമാക്കഥ പോലെ നാടകീയാന്ത്യം.
നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ബാവ എടുത്ത ലോട്ടറിയാണ് ജീവിതം തന്നെ മാറ്റി മറിച്ചത്. കടബാധ്യത തീർത്തുകഴിഞ്ഞ് അവശേഷിക്കുന്ന തുക കഷ്ടത അനുഭവിക്കുന്നവർക്ക് കൂടി മാറ്റിവയ്ക്കാനാണ് മുഹമ്മദ് ബാവയുടെ തീരുമാനം. ലക്ഷങ്ങളുടെ കണക്കുകൾ നൽകുന്ന ആലസ്യമില്ലാതെ വരുമാന മാർഗമായി ഉണ്ടായിരുന്ന പെയിൻറിംഗ് ജോലി തുടരണമെന്നും മുഹമ്മദ് ബാവ പറയുന്നു.
അഞ്ച് മക്കളാണ് ദമ്പതികൾക്കുള്ളത്. നാല് പെണ്മക്കളും ഒരു മകനും. മൂന്ന് ആഴ്ചകൾക്കുമുൻപ് മകൻ ഖത്തറിൽ ജോലിക്ക് കയറി. മുതിർന്ന രണ്ട് പെണ്മക്കൾ വിവാഹിതരാണ്.
Story Highlights: mohammed bava lottery story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here