Advertisement

കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാവാതെ പൊലീസ് ഉദ്യോഗസ്ഥർ

July 28, 2022
Google News 2 minutes Read
vadakara custody death crime branch

വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് ഉടൻ ലഭിക്കുമെന്നാണ് സൂചന. (vadakara custody death crime branch)

അതേസമയം, സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഇതുവരെ അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായിട്ടില്ല. എസ്.ഐ എം.നിജേഷ്, എഎസ്ഐ അരുൺകുമാർ, സി.പി.ഒ ഗിരീഷ് എന്നിവർക്ക് രണ്ട് തവണ നിർദേശം നൽകിയിട്ടും എത്തിയില്ല. ഇവർ ഒളിവിലാണെന്നാണ് സൂചന. ഇവരുടെ ബന്ധുക്കളിൽ നിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും. പോലീസ് സ്റ്റേഷനിൽ നിന്നും ഹാർഡ് ഡിസ്ക് ഉൾപ്പടെ ഉള്ളവ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് സജീവൻ മരിച്ചിരുന്നുവെന്ന് സജീവനെ ആദ്യം എത്തിച്ച വടകര സഹ. ആശുപത്രിയിലെ ഡോക്ടർ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ സാക്ഷികളുടെ മൊഴി എടുപ്പ് പുരോഗമിക്കുകയാണ്.

Read Also: കസ്റ്റഡിയിലിരിക്കെ യുവാവ് മരണപ്പെട്ട സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഉദ്യോഗസ്ഥരോട് വീണ്ടും നിർദ്ദേശം

വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ മാസം 22ന് രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷൻ വളപ്പിൽ തന്നെയാണ് ഇയാൾ കുഴഞ്ഞുവീണത്. ഇയാൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ സജീവൻ മരിക്കുകയായിരുന്നു.

സജീവന്റെ വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വടകര പൊലീസ് പറഞ്ഞു. എന്നാൽ സജീവനെ ഉടൻ തന്നെ വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് കസ്റ്റഡിയിലെടുത്തയുടൻ തനിക്ക് നെഞ്ചുവേദനയെടുക്കുന്നുവെന്ന് സജീവൻ തന്നെ പൊലീസിനോട് പല പ്രാവശ്യം പറഞ്ഞിരുന്നെന്ന് സജീവനൊപ്പമുണ്ടായിരുന്ന ആളുകൾ പറഞ്ഞു.

യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധു രംഗത്തെത്തിയിരുന്നു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മർദിച്ചെന്നാണ് ബന്ധു പറയുന്നത്. മർദനത്തെ സജീവനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദ്യം ചെയ്തിട്ടും പൊലീസ് മർദനം അവസാനിപ്പിക്കാൻ തയാറായില്ല. നെഞ്ചുവേദനയുണ്ടെന്ന് സജീവൻ ആവർത്തിച്ചിട്ടും പൊലീസ് വൈദ്യസഹായം എത്തിച്ചില്ലെന്നും ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: vadakara custody death crime branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here