Advertisement

സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു: കെ.സുരേന്ദ്രന്‍

July 30, 2022
Google News 2 minutes Read
strangling local bodies: K. Surendran

തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെക്കി കൊല്ലുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഒരു പദ്ധതിയും നടപ്പാക്കാനാവാത്തതരത്തിലുള്ള ഭരണസ്തംഭനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും കോവളത്ത് സംസ്ഥാനത്തെ ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു ( strangling local bodies: K. Surendran ).

വികസനകാര്യത്തിന് വേണ്ടി സംസ്ഥാന വിഹിതം നീക്കിവെക്കാന്‍ പോലും കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. കൊവിഡ് കാലത്ത് എല്ലാ കാര്യങ്ങളും തദ്ദേശ ജനപ്രതിനിധികളുടെ തലയിലിടുകയാണ് സംസ്ഥാനം ചെയ്തത്. സര്‍ക്കാര്‍ ഒരു സഹായം പോലും ജനപ്രതിനിധികള്‍ക്ക് നല്‍കിയില്ല. തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വ്യാപകമായ കൊള്ളയാണ് സിപിഐഎം നടത്തുന്നത്. പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് എല്ലാ കോര്‍പ്പറേഷനിലും നടക്കുന്നുണ്ട്. വ്യാജരേഖകള്‍ ചമച്ച് ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കുകയാണ് സിപിഐഎം നേതാക്കള്‍. ഭീകരമായ കൊള്ളയ്ക്കുള്ള വേദിയാക്കി തദ്ദേശസ്ഥാപനങ്ങളെ മാറ്റുകയാണിവരെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

നേമം കോച്ചിംഗ് ടെര്‍മിനല്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നുവെന്ന പ്രചാരണത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കിയെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നേമം ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ആലി നാദാപുരത്ത് പോയ പോലെയാണ് സംസ്ഥാന മന്ത്രിമാര്‍ ഡല്‍ഹിക്ക് പോയത്. രാഷ്ട്രീയ പ്രേരിതമായ നാടകത്തിനാണ് മന്ത്രിമാര്‍ ഖജനാവിലെ പണം ഉപയോഗിക്കുന്നത്.

Read Also: എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍; ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി

കെ റെയില്‍ പദ്ധതിയെ തടയാന്‍ യുഡിഎഫ് ഒന്നും ചെയ്തിട്ടില്ല. കേരളത്തിനെ നശിപ്പിക്കുന്ന വലിയ അഴിമതിക്ക് വേണ്ടിയുള്ള ഈ ഗൂഢാലോചന തടഞ്ഞത് ബിജെപിയാണ്. കേന്ദ്രത്തില്‍ കേരള ബിജെപി നടത്തിയ ഫലപ്രദമായ ഇടപെടല്‍ കാരണമാണ് സില്‍വര്‍ലൈന്‍ പദ്ധതി ഇല്ലാതായത്. എന്നാല്‍ ഇതിന്റെയൊക്കെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും ഈ സര്‍ക്കാര്‍ വെള്ളംകുടിക്കുക തന്നെ ചെയ്യും. ഭരണഘടനയെ അവഹേളിച്ച് പുറത്തായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ മറ്റു മന്ത്രിമാരുടെ സ്റ്റാഫുകളിലായി പുനരധിവസിക്കപ്പെട്ടു. സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഇതിനെ ചോദ്യം ചെയ്യാനുള്ള ധാര്‍മ്മികത യുഡിഎഫിനില്ല. പ്രതിപക്ഷ നേതാവിന് അതിലധികം സ്റ്റാഫാണുള്ളതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

സഹകരണ ബാങ്ക് കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്. ഈ പ്രശ്‌നം ആദ്യമായി ആര്‍ബിഐക്ക് മുമ്പില്‍ കൊണ്ടുവന്നത് ബിജെപിയാണ്. കെവൈസി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ബിജെപിയാണ്. ഈ കൊള്ളക്കെതിരെ കോണ്‍ഗ്രസിന് മിണ്ടാന്‍ പറ്റുമോ? കേരളത്തില്‍ ആയിരക്കണക്കിന് ബാങ്കുകളില്‍ കൊള്ള നടക്കുന്നുണ്ട്. അവിടെയെല്ലാം നിക്ഷേപകരെ സംഘടിപ്പിച്ച് ബിജെപി സമരം ചെയ്യും. ആയിരക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ലീഗ് നേതാക്കള്‍ മലപ്പുറത്തെ സിപിഐഎം നിയന്ത്രിക്കുന്ന സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. സഹകരണ ബാങ്കുകളിലെ അഴിമതിയുടെ കാര്യത്തിലും ഇരുമുന്നണികളും സഹകരണത്തിലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights: State government is strangling local bodies: K. Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here