കൊവിഡ് നെഗറ്റീവായി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പോസിറ്റീവ്; ജോ ബൈഡന്‍ ഐസൊലേഷനിലേക്ക് മടങ്ങി

കൊവിഡ് നെഗറ്റീവായി ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും രോഗബാധിതനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തനിക്ക് കഠിനമായ രോഗലക്ഷണങ്ങളൊന്നും നിലവില്‍ ഇല്ലെങ്കിലും വൈറ്റ് ഹൗസുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും സുരക്ഷയെക്കരുതി വീണ്ടും ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്ന് ജോ ബൈഡന്‍ അറിയിച്ചു. ഐസൊലേഷനില്‍ നിന്നും തിരികെയെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും രോഗബാധിതനാകുന്നത്. ബൈഡന് പ്രത്യേക ചികിത്സയുടെ ആവശ്യമില്ലെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില പൂര്‍ണമായി നിരീക്ഷിച്ചുവരികയാണെന്ന് ബൈഡന്റെ ഫിസിഷ്യന്‍ ഡോ കെവിന്‍ ഒകോനര്‍ പറഞ്ഞു. (joe Biden tests covid positive again)
ചെറിയ കാലയളവിനുള്ളില്‍ പ്രസിഡന്റ് വീണ്ടും രോഗബാധിതനാകാനുള്ള കാരണങ്ങള്‍ കെവിന്‍ ഒകോനര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിച്ചുവരികയാണ്. മുന്‍പ് കൊവിഡ് ബാധിതനായപ്പോള്‍ ബൈഡന്‍ പാക്‌സ്ലോവിഡ് എന്ന ഒരു ആന്റിവൈറല്‍ മരുന്ന് കഴിച്ചിരുന്നു. നെഗറ്റീവായതോടെ മരുന്ന് അവസാനിപ്പിച്ചപ്പോള്‍ ലക്ഷണങ്ങള്‍ തിരിച്ചെത്തിയ ഒരു റീബൗണ്ട് പ്രതിഭാസമാകാമിതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. പാക്‌സ്ലോവിഡ് കഴിച്ചുവരുന്നവര്‍ പെട്ടെന്ന് മരുന്ന് അവസാനിപ്പിക്കുമ്പോള്‍ ചെറിയ ശതമാനം രോഗികളില്‍ ലക്ഷണങ്ങള്‍ നേരിയ തോതില്‍ വീണ്ടും പ്രത്യക്ഷപ്പെടാറുണ്ടെന്ന് വൈറ്റ് ഹൗസിലെ മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു.
79 വയസാണ് ബൈഡന്റെ പ്രായം. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ബൈഡന്‍, രണ്ട് തവണ ബൂസ്റ്റര്‍ വാക്‌സിനും സ്വീകരിച്ചിരുന്നു. ഐസൊലേഷന്‍ സമയത്തും ബൈഡന്‍ ചുമതലകളെല്ലാം തന്നെ നിര്‍വഹിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
Story Highlights: joe Biden tests covid positive again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here