മന്ത്രി ആർ. ബിന്ദു ഖേദം പ്രകടിപ്പിച്ചു, മാപ്പ് പറഞ്ഞില്ല; ഫിലോമിനയുടെ കുടുംബം

മരിച്ച ഫിലോമിനയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പണം ലഭിച്ചിട്ടില്ലെന്ന കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കുടുംബം 24നോട് പറഞ്ഞു. നേരത്തേ നടത്തിയ പരാമർശങ്ങളുടെ പേരിൽ മന്ത്രി ആർ. ബിന്ദു ഖേദം പ്രകടിപ്പിച്ചെന്നും, എന്നാൽ മാപ്പ് പറഞ്ഞിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. മന്ത്രി വി.എന്‍. വാസവന്‍, എം.എം. വര്‍ഗ്ഗീസ്, കണ്ണൻ തുടങ്ങിയവര്‍ നടത്തിയ പരാമര്‍ശങ്ങൾ തെറ്റാണെന്ന് മന്ത്രിക്ക് തെളിയിച്ചു കൊടുത്തിട്ടുണ്ട്. അന്ന് നടത്തിയ പ്രസ്താവനയിൽ വിഷമമുണ്ടെന്ന് മന്ത്രി അറിയിച്ചു. പണം എന്നുതരും എന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടില്ല. എന്നാൽ മുൻഗണന നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പഴയ പരാമർശത്തിന്റെ കാര്യത്തിൽ മന്ത്രി ഉരുണ്ടു കളിക്കുന്ന സമീപനമാണ് എടുത്തതെന്നും കുടുംബം വെളിപ്പെടുത്തി.
കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ മരിച്ച ഫിലോമിനയുടെ വീട് സന്ദർശിക്കവേയാണ് മന്ത്രി ആർ. ബിന്ദുവിനോട് കുടുംബം അതൃപ്തി അറിയിച്ചത്. ഫിലോമിനയുടെ മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കുടുംബം മന്ത്രിയോട് അവരുടെ അതൃപ്തിയറിയിച്ചു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ചികിത്സാ സഹായം നല്‍കിയെന്ന് മന്ത്രി പറഞ്ഞതായി കേട്ടെന്നും കുടുംബം അറിയിച്ചു. മന്ത്രിയുടേത് അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നു. ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ തുക നൽകിയെന്നാണ് മന്ത്രി നേരത്തേ പറഞ്ഞിരുന്നത്. മരണം ദാരുണമാണെന്നും പക്ഷേ മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി മുൻപ് അഭിപ്രായപ്പെട്ടിരുന്നു.
Read Also: മന്ത്രി ആർ. ബിന്ദു മരിച്ച ഫിലോമിനയുടെ വീട്ടിൽ; കടുത്ത അതൃപ്തി അറിയിച്ച് കുടുംബം
ഫിലോമിനയുടെ കുടുംബവുമായി സംസാരിച്ച ശേഷം പുറത്തേക്കുവന്ന മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. എല്ലാം വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്ന് മാത്രമാണ് മന്ത്രി പ്രതികരിച്ചത്. മറ്റ്ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഖേദ പ്രകടനം നടത്തിയോ എന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകിയില്ല. വി.എന്‍.വാസവന്‍, എം.എം. വര്‍ഗ്ഗീസ് തുടങ്ങിയവര്‍ നടത്തിയ പരാമര്‍ശങ്ങളിലും കുടുംബം അതൃപ്തി അറിയിച്ചു.
ഇതിനിടെ കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകർ ആശങ്കപ്പെടരുതെന്നും മന്ത്രി ആർ ബിന്ദു നേരത്തേ പറഞ്ഞിരുന്നു. നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു.
Story Highlights: Philomena’s family expressed displeasure with Minister r Bindu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here