Advertisement

മംഗളൂരു ഫാസിൽ കൊലപാതകം: മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

July 31, 2022
Google News 2 minutes Read

മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. കൊലപാതക സംഘം എത്തിയ കാർ ഓടിച്ചിരുന്നയാളാണ് പൊലീസ് പിടിയിലായത്. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

സുറത്ത്കല്ലിലെ ഫാസിലിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാളായ മംഗളൂരു സ്വദേശി അജിത്ത് ഡിസോസെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊലപാതക സംഘം എത്തിയ കാർ ഓടിച്ചിരുന്ന ഡ്രൈവറാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് നാല് പേരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്‍റെ കണക്കുകൂട്ടൽ. നിലവിൽ കേസിൽ പതിനാറ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

അതേസമയം ബെല്ലാരയിലെ യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകത്തിൽ അന്വേഷണത്തിനായി എൻ.ഐ.എ സംഘം മംഗളൂരുവിലെത്തി. കർണാടകത്തിലും, കേരളത്തിലുമായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. കൊച്ചിയിൽ നിന്നുള്ള സംഘം കാസർഗോഡ്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായാണ് സൂചന. അതിനിടെ കേന്ദ്രമന്ത്രി ശോഭ കരന്തലാജെ കൊല്ലപ്പെട്ട പ്രവീണിന്‍റെ ബെല്ലാരെയിലെ വീട് സന്ദർശിച്ചു.

പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാല് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ തുടരുകയാണ്. ദക്ഷിണ കന്നഡ ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിൽ കേരള-കർണാടക അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

Read Also: ദക്ഷിണ കന്നഡയിൽ സംഘർഷ സാധ്യത തുടരുന്നു; 8 ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ

വ്യാഴാഴ്ച രാത്രി സൂറത്കല്ലിലെ ഒരു ടെക്‌സ്‌റ്റൈൽ ഷോപ്പിന് പുറത്ത് നിൽക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന അക്രമി സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്‍റെ പിന്നാലെ എത്തിയ സംഘം പിന്തുടർന്ന് ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

Story Highlights: prime accused arrested mangaluru fazil murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here