Advertisement

കോഴിക്കോട് യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്ക്

August 1, 2022
Google News 2 minutes Read
kozhikode kidnap gold smuggling

കോഴിക്കോട് പെരുവണ്ണാമൂഴി പന്തിരിക്കരയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്കും. വിദേശത്തുള്ള സ്വർണ്ണക്കടത്ത് സംഘം കൊട്ടേഷൻ സംഘം വഴിയാണ് ഇർഷാദിനെ തട്ടി കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. (kozhikode kidnap gold smuggling)

കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിനിയിൽ നിന്നും ചില നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം തുടരുകയാണ്. യുവതിയെ കോഴിക്കോട് വെള്ളിമാടുകുന്നിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി സ്വാലിഹിനെതിരെ പീഡനക്കുറ്റം കൂടി ചുമത്തി കേസ് എടുത്തിരുന്നു. ഇർഷാദിനെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തതിനാൽ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹെബിയസ് കോർപ്പസ് ഹർജി നൽകും.

Read Also: കോഴിക്കോട് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; മുഖ്യപ്രതിക്കെതിരെ പീഡനക്കേസ്

പന്തിരിക്കര സൂപ്പിക്കട സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോന്നി സ്വദേശിയായ യുവതിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. യുവതിയിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. സ്വർണകടത്ത് സംഘത്തിലെ പ്രധാനിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സ്വാലിഹ് പല തവണ പീഡിപ്പിച്ചതായാണ് യുവതിയുടെ മൊഴി. ഇവരുടെ ഭര്‍ത്താവാണ് ഇര്‍ഷാദിനെ സ്വാലിഹിന്‍റെ നേതൃത്വത്തിലുളള സ്വര്‍ണ കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയത്. എന്നാല്‍ സംഘം നല്‍കിയ സ്വര്‍ണം ഇര്ഷാദ് കൈമാറിയില്ല. തുടർന്നാണ് സംഘം യുവതിയുടെ ഭര്‍ത്താവിനെ വിദേശത്ത് തടങ്കലിലാക്കിയത്. പിന്നീട് യുവതിയെ ഉപയോഗിച്ച് സ്വര്‍ണം വീണ്ടെടുക്കാനായി ശ്രമം.

സ്വർണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ യുവതി ഇർഷാദിന്റെ വീട്ടിൽ എത്തിയിരുന്നു. യുവതിക്കും ഭര്‍ത്താവിനും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം വ്യക്തമായതിനെത്തുര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടയിലാണ് സ്വാലിഹിനെതിരെ യുവതി മൊഴി നൽകിയത്. സ്വാലിഹ് ഇപ്പോള്‍ വിദേശത്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് സംഘത്തിലെ പ്രധാന പ്രതികളിൽ പലരും വിദേശത്താണ്. എന്നാൽ ഇര്‍ഷാദ് എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിനായിട്ടില്ല. അന്വേഷണ സംഘം വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വയനാട് മലപ്പുറം ജില്ലകളിലും പരിശോധന നടത്തുകയാണ്. ഇർഷാദിന്റെ സഹോദരന് ലഭിച്ച ശബ്ദ സന്ദേശം പൊലീസ് പരിശോധിച്ചിട്ടുണ്ട്.

Story Highlights: kozhikode kidnap gold smuggling investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here