Advertisement

നിറപുത്തരി ആഘോഷങ്ങൾക്ക് ശബരിമല നട ഇന്ന് തുറക്കും

August 3, 2022
Google News 2 minutes Read

നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട‌ ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. നാളെ പുലർച്ചെ 5.40നും ആറിനും ഇടയിലാണ് നിറപുത്തരി ചടങ്ങുകൾ. പതിനെട്ടാംപടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയും പരികർമ്മികളും ചേർന്ന് പടി ചവിട്ടി സന്നിധാനത്ത് കിഴക്കേ മണ്ഡപത്തിൽ എത്തിക്കും.

തന്ത്രി കണ്ഠരര് മഹേശ്വരുടെ കാർമ്മികത്വത്തിൽ ദേവീ ചൈതന്യം ആവാഹിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിലിൽ പ്രവേശിക്കും. പൂജിച്ച നെൽക്കതിർ ശ്രീകോവിലിന് മുന്നിലും ഉപദേവതാ ക്ഷേത്രത്തിനു മുന്നിലും കെട്ടിത്തൂക്കിയ ശേഷം പുന്നെല്ല് കൊണ്ടുണ്ടാക്കിയ അവിൽ നിവേദ്യമായി സമർപ്പിക്കും.തുടർന്ന് ഭക്തർക്ക് പ്രസാദമായി നൽകും.

അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാൽ തീർത്ഥാടകർ ഏറെ കരുതൽ സ്വീകരിക്കണം.

മാത്രമല്ല, നദികളിൽ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. അതിനാൽ പമ്പാ സ്‌നാനത്തിന് തീർഥാടകർക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമായിരിക്കും തീർഥാടകരെ കടത്തി വിടുക.

Story Highlights: Sabarimala Nata will be opened today for Niraputri celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here