കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയ കായിക ഇനം; അറിയാം ലോൺ ബോൾസിനെ കുറിച്ച്…

കോമൺ വെൽത്ത് മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപ് ഇന്ത്യയുടെ മെഡൽ സാധ്യതയുള്ള മത്സരങ്ങൾ പരിശോധിച്ചപ്പോൾ കടുത്ത കായിക പ്രേമിയുടെ മനസിൽ പോലും വരാത്ത പേരാണ് ‘ലോൺബോൾ’. പ്രതീക്ഷകൾ ഒരുപാടുള്ള ഭാരോധ്വഹനം, ബാഡ്‌മിന്റൺ, ബോക്സിങ്, ടേബിൾ ടെന്നീസ് മത്സരങ്ങളിൽ ഇന്ത്യ വിജയം നേടുമ്പോൾ കായികാസ്വാദകർക്ക് അത്ഭുതമായി ലോൺ ബോളിൽ ഇന്ത്യ സുവർണ്ണ നേട്ടത്തിലെത്തി. ഫൈനൽ പ്രവേശനം പോലും വലിയ നേട്ടമാകുന്നിടത്ത് നിന്ന് ഇന്ത്യ ഫൈനലിൽ ശക്തരായ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറിന് തകർത്തു. ഇന്ത്യയ്ക്ക് വേണ്ടി ലൗലി ചൗബെ, പിങ്കി,നയൻമണി രൂപറാണി എന്നിവരാണ് മത്സരിച്ചത്. കോമൺ വെൽത്ത് ഗെയിംസ് സ്വർണ്ണം നേട്ടത്തിനൊപ്പം മാത്രമാണ് നമ്മളിൽ പലരും ലോൺ ബോൾ എന്ന മത്സരത്തെ കുറിച്ചറിയുന്നത്.
എന്താണ് ലോൺ ബോൾ? എങ്ങനെയാണ് മത്സരം നടക്കുന്നത്?
സാധാരണ സിംഗിൾസ്, ഡബിൾസ്, ട്രിപ്പിൾസ്, ഫോർസ് എന്ന രീതിയിൽ നാല് വിഭാഗത്തിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യ വനിതകളുടെ ഫോർസിലാണ്. നാലു പേരാണ് ഒരു ടീമിൽ മത്സരിക്കുന്നത്. സാധാരണ ബോളുകളിൽ നിന്ന് വ്യത്യസ്തമായി ഇരുവശവും ചെറുതായി പരന്നിരിക്കുന്ന തരത്തിലാണ് ലോൺ ബോൾസിലെ ബോളുകൾ. ലോൺ എന്ന് പേരുള്ള മത്സര പ്രതലത്തിൽ ബോളുകൾ ഉരുട്ടി വിടുന്ന രീതിയിലാണ് ലോൺ ബോൾ മത്സരങ്ങൾ. 1500 ഗ്രാമാണ് ഈ ബോളുകളുടെ ഭാരം.
മത്സരം ടോസ്സിലൂടെയാണ് തുടങ്ങുന്നത്. ടോസ് ലഭിക്കുന്ന ടീം ചെറിയ ബോൾ ഉപയോഗിച്ച് ത്രോ ചെയ്ത് ഒരു പോയിന്റ് സെറ്റ് ചെയ്‌തുവെയ്ക്കും. ഇതിനെയാണ് ജാക്ക് എന്ന് വിളിക്കുന്നത്. മത്സരത്തിൽ വലിയ ബോൾ ജാക്കിന്റെ അടുത്ത് ഉരുട്ടിയെത്തിക്കുകയാണ് ചെയ്യേണ്ടത്. ഏത് ടീമിന്റെ ബോൾ ആണോ ജാക്കിന്റെ ഏറ്റവും അടുത്തെത്തുന്നത് അവർക്ക് പോയിന്റ് ലഭിക്കുന്ന രീതിയിലാണ് മത്സരം.
ലോണിനെ ചുറ്റി 15 എൻഡിൽ നിന്നാണ് മത്സരം. ഓരോ എൻഡിലും ഒരു ടീമിന് 8 ത്രോകൾ വീതം ലഭിക്കും. നിലത്ത് കൂടി ഉരുട്ടിവിടുന്ന ബോൾസിൽ എത്രയെണ്ണം എതിർ ടീമിനെക്കാൾ ജാക്കിന്റെ അടുത്തെത്തിച്ചു എന്നത് പരിശോധിച്ച് അത്രയും പോയിന്റുകൾ ലഭിക്കും.
15 എൻഡുകൾ പൂർത്തിയാകുമ്പോൾ ഒരോ എൻഡിലും ലഭിച്ച പോയിന്റ് കണക്കുകൂട്ടി കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീം വിജയിയായി മാറും. കേൾക്കുമ്പോൾ ഈ പന്തുരുട്ടൽ എളുപ്പമായി തോന്നുമെങ്കിലും രണ്ടു വശം പരന്നിരിക്കുന്ന രൂപത്തിലുള്ള പന്തുരുട്ടുമ്പോൾ നേരെ പോകണമെന്നില്ല. പരിശീലത്തിലൂടെ സ്വായത്തമാകുന്ന തന്ത്രങ്ങളാണ് ലോൺ ബോളിൽ ടീമുകളെ വിജയത്തിലെത്തിക്കുന്നത്.
1930 ലെ പ്രഥമ കോമൺ വെൽത്ത് ഗെയിംസ് മുതൽ ലോൺ ബോൾ മത്സരങ്ങൾ ഉണ്ടായിട്ടുണ്ട്. 2022 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യ സ്വർണ്ണം നേടുന്നത് വരെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം കായികാസ്വാധകർക്കും പരിചിതമല്ലാതായിരുന്ന ലോൺ ബോൾ മത്സരം ഇന്ന് കായിക പ്രേമികളുടെ ഇഷ്ട മത്സരങ്ങളുടെ പട്ടികയിൽ ഇടം നേടുകയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here