1400 കോടിയുടെ ലഹരി വേട്ട; 705 കിലോ എംഡിയുമായി കെമിസ്റ്റ് അറസ്റ്റില്‍

മുംബൈ നാലസോപാറയില്‍ ആന്റി നര്‍ക്കോട്ടിക്‌സ് സെല്‍ നടത്തിയ ലഹരിവേട്ടയിലെ മുഖ്യപ്രതി ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയായ 55 കാരന്‍. 1,400 കോടി രൂപ വിലമതിക്കുന്ന 705 കിലോഗ്രാം മെഫെഡ്രോണാണ് പിടികൂടിയത്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.(55 year old chemist arrested with 705 kg of MD )
ചെറിയ അളവില്‍ മെഫെഡ്രോണ്‍ കൈവശം വച്ചതിന് ഈ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്യലില്‍ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ് ആയ മെഫെഡ്രോണ്‍ നിര്‍മ്മിച്ച് കച്ചവടക്കാര്‍ക്ക് നല്‍കുന്ന 55 കാരനെ കുറിച്ചുള്ള വിവരം നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ സെല്ലിന് ലഭിക്കുന്നത്.
ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം നലസോപാരയില്‍ താമസിക്കുന്ന 55 കാരനായ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരിയായ ഇയാള്‍ നാസിക്കില്‍ വച്ച് സിന്തറ്റിക് മരുന്ന് നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുവരികയായിരുന്നു. 2019 മുതല്‍ ഉത്തേജക മരുന്നുകളുടെ ഉല്‍പ്പാദനത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കെമിക്കല്‍ വ്യവസായങ്ങള്‍ക്ക്, പ്രധാനമായും ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സള്‍ട്ടന്റായി ഫ്രീലാന്‍സ് ചെയ്തിരുന്നതായും എ എന്‍ സി പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ച് 29 ന് ഗോവണ്ടി പ്രദേശത്ത് നിന്ന് 250 ഗ്രാം മെഫെഡ്രോണുമായി ഒരു പെഡലറെ എഎന്‍സിയുടെ വോര്‍ലി യൂണിറ്റ് അറസ്റ്റ് ചെയ്തതോടെയാണ് മയക്കുമരുന്ന് ട്രയല്‍ ആരംഭിച്ചത്.
Read Also: പശ്ചിമ ബംഗാളിൽ വൻ ലഹരി വേട്ട; 1.10 കോടിയുടെ ബ്രൗൺ ഷുഗർ പിടികൂടി
പെഡലറുടെ ചോദ്യം ചെയ്യലില്‍ പേര് പുറത്തുവന്നതിനെത്തുടര്‍ന്ന് ഗോവണ്ടിയില്‍ നിന്നുള്ള മറ്റൊരു മയക്കുമരുന്ന് വിതരണക്കാരനെ എഎന്‍സി യൂണിറ്റ് അറസ്റ്റ് ചെയ്തു. വിതരണക്കാരനില്‍ നിന്ന് 2.8 കിലോഗ്രാം സിന്തറ്റിക്ക് ഡ്രഗ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തില്‍ വിതരണക്കാരായ രണ്ട് പേര്‍ കൂടി പിടിയിലായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നിന്നാണ് മയക്കുമരുന്നിന്റെ ഉറവിടത്തിലേക്ക് അന്വേഷണ സംഘം എത്തുന്നത്.
Story Highlights: 55 year old chemist arrested with 705 kg of MD
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here