‘ചതുരം’ സ്നീക്ക് പീക്കിനെതിരെ സദാചാര ആക്രമണം; സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ എന്ന് സ്വാസിക

സദാചാര ആക്രമണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി സ്വാസിക. സ്വാസികയും റോഷൻ മാത്യുവും ഒന്നിക്കുന്ന ‘ചതുരം’ എന്ന സിനിമയുടെ സ്നീക്ക് പീക്ക് വിഡിയോയിൽ വന്ന കമൻ്റുകളോടാണ് നടി പ്രതികരിച്ചത്. തൻ്റെ ഇൻസ്റ്റഗ്രാമിൽ സ്വാസിക തന്നെയാണ് വിഡിയോ പങ്കുവച്ചത്. സ്വാസികയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തി.
ചതുരത്തിലെ ഒരു ഇൻ്റിമേറ്റ് സീനാണ് സ്വാസിക പങ്കുവച്ചത്. ‘ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത്? താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്ന് ഒരു യൂസർ കമൻ്റ് ചെയ്തു. ഇതിനോടായിരുന്നു സ്വാസികയുടെ പ്രതികരണം.
‘അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം.
അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിൻറെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്..
തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.’- സ്വാസിക മറുപടി കമൻ്റായി കുറിച്ചു.
ഈ കമൻ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ വരുന്നുണ്ട്.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. ശാന്തി ബാലചന്ദ്രൻ, അലൻസിയർ ലോപ്പസ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഓഗസ്റ്റിൽ തീയറ്ററുകളിലെത്തും.
Story Highlights: instagram moral policing swasika
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here