ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുവെച്ച് ഭക്തര്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് തടയും

ഗുരുവായൂരില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കും. ദേവസ്വം, നഗരസഭാ, പൊലീസ് ഉന്നതതല യോഗത്തിലാണ് തീരുമാനം. ക്ഷേത്ര പരിസരത്തുവെച്ച് ഭക്തര്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് തടയും. തീര്‍ത്ഥാടകര്‍ക്ക് നായ്ക്കളുടെ കടിയേറ്റ പശ്ചാത്തലത്തിലാണ് നടപടി ( Rabies vaccination stray dogs Guruvayur ).
തിങ്കളാഴ്ച ദര്‍ശനത്തിനെത്തിയ എട്ട് പേര്‍ക്കാണ് തെരുവ് നായുടെ കടിയേറ്റത്. മൂന്ന് വര്‍ഷം മുമ്പ് ക്ഷേത്ര പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് എബിസി പദ്ധതിയില്‍ വന്ധ്യംകരിച്ചിരുന്നു. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാല്‍ 2021 ഡിസംബര്‍ 17ലെ ഹൈക്കാടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തെരുവുനായ് പ്രജനന നിയന്ത്രണ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ കുടുംബശ്രീ അധികൃതര്‍ നിര്‍ദേശം നല്‍കി. എബിസി പദ്ധതിക്കായി നഗരസഭ വിഹിതം മാറ്റിവെച്ചിട്ടുണ്ടെങ്കിലും കോടതിയുടെ സ്റ്റേയാണ് തടസമാവുന്നതെന്ന് ചെയര്‍മാന്‍ എം.കൃഷ്ണദാസ് പറഞ്ഞു.
അതേസമയം ദര്‍ശനത്തിനെത്തിയ ഭക്തര്‍ അടക്കമുള്ള എട്ട് പേരെ കടിച്ച നായ്ക്ക് പേ വിഷബാധയെന്ന് സ്ഥിരീകരണം. തിങ്കളാഴ്ച ഉച്ചക്ക് ഭക്തരെ കടിച്ച നായ് പിന്നീട് ചത്തിരുന്നു. ഇതിനെ മണ്ണുത്തി വെറ്റിനറി കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റവര്‍ക്കെല്ലാം വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. പേയിളകിയ നായ് കൂടുതല്‍ നായ്ക്കളെ കടിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കളുടെ സംഘം വിലസുന്നുണ്ട്. തെരുവ് നായുടെ കടിയേറ്റവര്‍ ഉടന്‍ തന്നെ വാക്സിന്‍ എടുക്കണമെന്നും നിര്‍ദേശിക്കുന്ന തുടര്‍ വാക്സിനുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Story Highlights: Rabies vaccination for stray dogs in Guruvayur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here