അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; ആശുപത്രിയ്ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവ മാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. നെഫ്രോളജി വകുപ്പ് മേധാവി ചുമതലകളിൽ വീഴ്ച വരുത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പിന് കൈമാറി. (medical college kidney update)
രോഗി മരിച്ച സംഭവത്തിൽ വീഴ്ച ആശുപത്രിയ്ക്ക് തന്നെയാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ഇത്തരത്തിലുള്ള റിപ്പോർട്ടാണ് ആരോഗ്യവകുപ്പിന് നൽകിയിരിക്കുന്നത്. ശസ്ത്രക്രിയ തുടങ്ങാനുള്ള നിർദ്ദേശം നൽകാൻ നെഫ്രോളജി വകുപ്പ് മേധാവി വൈകി. അവയവ മാറ്റ ഏജൻസി കോർഡിനേറ്റർമാർ സ്ഥലത്തുണ്ടായിരുന്നില്ല എന്നതും റിപ്പോർട്ടിലുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്തിരിക്കുകയാണ്. ശസ്ത്രക്രിയ വൈകിയതാണ് രോഗിയുടെ മരണത്തിനു കാരണമായതെന്ന് കണ്ടെത്താനായില്ല എന്നും റിപ്പോർട്ടിലുണ്ട്.
Read Also: അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ഐഎംഎ
എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിനും മറ്റൊരു വൃക്കയും പാൻക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരൾ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടർന്നാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുവദിച്ചത്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചെങ്കിലും രാത്രി 9നു ശേഷമാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സുരേഷ് മരിച്ചത്. വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാര്‍ ഏറ്റുവാങ്ങിയശേഷം വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ഏകോപനത്തില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്‍മാരായ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്.
എന്നാൽ, വിശദമായ അന്വേഷണം നടത്താത ഡോക്ടര്‍മാരെ ബലിയാടുകളാക്കിക്കൊണ്ടുള്ള നടപടികളില്‍ കെജിഎംസിടിഎ ശക്തമായി പ്രതിഷേധിച്ചു. ഈ സംഭവത്തിനെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
Story Highlights: tvm medical college kidney transplantation update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here