നാടിന്റെ നന്മയ്ക്കായി വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് ജലീല്‍; നടപടി സിപിഐഎം നിര്‍ദേശപ്രകാരം

ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കശ്മീരുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശം പിന്‍വലിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍. കശ്മീര്‍ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീല്‍ അവ പിന്‍വലിച്ചത്. പരാമര്‍ശങ്ങള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. നാടിന്റെ നന്മയ്ക്കായി പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പറഞ്ഞു. (k t jaleel withdraws controversial Facebook post on kashmir)
സിപിഐഎം നിര്‍ദേശിച്ച പ്രകാരമാണ് ജലീല്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത്. വിവാദ പോസ്റ്റില്‍ ജലീല്‍ രാവിലെ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ജലീല്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്നാണ് ബിജെപിയുടെ ആരോപണം.
ജലീലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം (ആസാദി കാ അമൃത് മഹോല്‍സവ്) നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു.
നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു.
ജയ് ഹിന്ദ്.
Story Highlights: k t jaleel withdraws controversial Facebook post on kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here