Advertisement

വധഭീഷണി, റുഷ്ദി ബ്രിട്ടണില്‍ ഒളിവില്‍ കഴിഞ്ഞത് 9 വര്‍ഷം; കള്ളപ്പേര് ജോസഫ് ആന്റണ്‍

August 13, 2022
Google News 3 minutes Read
Salman Rushdie spent 9 years in hiding in Britain

33 വര്‍ഷം മുന്‍പ് ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖുമൈനി റുഷ്ദിയെ വധിക്കാനായി ഫത്‌വ പുറപ്പെടുവിച്ചതോടെ അദ്ദേഹം ബ്രിട്ടനില്‍ ഒളിവില്‍ കഴിഞ്ഞത് 9 വര്‍ഷമാണ്. ബ്രിട്ടിഷ് സർക്കാര്‍ റുഷ്ദിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ജോസഫ് ആന്റണ്‍ എന്ന കള്ളപ്പേരില്‍ ആദ്യത്തെ ആറു മാസത്തിനുള്ളില്‍ 56 സ്ഥലങ്ങളിലാണ് അദ്ദേഹം മാറി മാറി താമസിച്ചത്. വിവാദങ്ങൾ ഏറക്കുറേ കെട്ടടങ്ങിയതിനാൽ 20 വര്‍ഷമായി ന്യൂയോര്‍ക്കിലാണ് റുഷ്ദിയുടെ താമസം. റുഷ്ദി ‘സേറ്റാനിക് വേഴ്‌സസ്’ സമര്‍പ്പിച്ചിരിക്കുന്നത് ഭാര്യ മരിയാനയ്ക്കാണ്. അമേരിക്കന്‍ നോവലിസ്റ്റായ ഭാര്യ മരിയാനെ വിങ്ങിന്‍സുമായി പിരിഞ്ഞതോടെ റുഷ്ദി വല്ലാതെ ഒറ്റപ്പെട്ടിരുന്നു. ( Salman Rushdie spent 9 years in hiding in Britain )

1989 ൽ ഇറാന്റെ റുഹൊല്ലാഹ് ഖൊമെയ്‌നിയാണ് സേറ്റാനിക് വേഴ്‌സസിന്റെ രചയിതാവിനെ കൊല്ലണമെന്ന ഫത്വ ഇറക്കുന്നത്. പുസ്തകം നബിക്കും ഖുറാനുമെതിരാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. ഖൊമെയ്‌നിയുടെ പിൻഗാമി അലി ഖമിനെയ്‌നി പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അക്രമ പരമ്പരകൾ അരങ്ങേറിയത്.

Read Also: ‘സേറ്റാനിക് വേഴ്‌സസ്’; പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം മരണത്തെ മുഖാമുഖം കണ്ടു; അതിൽ നാലാമൻ മാത്രമാണ് റുഷ്ദി

സേറ്റാനിക് വേഴ്‌സസുമായി ബന്ധപ്പെട്ട ആദ്യ ആക്രമണമുണ്ടാകുന്നത് 1991 ലാണ്. സേറ്റാനിക് വേഴ്‌സസിന്റെ ജാപ്പനീസ് ട്രാൻസലേറ്ററായ ഹിതോഷി ഇഗരാഷിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു അക്രമകാരികൾ. കൈയിലും മുഖത്തുമായി നിരവധി തവണയാണ് ഹിതോഷിക്ക് കുത്തേറ്റത്. യൂണിവേഴ്‌സിറ്റി ഓഫ് സുബയിലെ അദ്ദേഹത്തിന്റെ ഓഫിസ് മുറിയിൽ 1991 ജൂലൈ 12 നാണ് ഹിതോഷിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

അതേ വർഷം തന്നെയാണ് പുസ്തകത്തിന്റെ ഇറ്റാലിയൻ ട്രാൻസലേറ്ററായ എറ്റോറി കാപ്രിയോളോയ്‌ക്കെതിരെയും ആക്രമണമുണ്ടാകുന്നത്. ഒരു പുസ്തകം പരിഭാഷപ്പെടുത്തണമെന്ന ആവശ്യവുമായി കാപ്രിയോളോവിനെ സമീപിച്ച അജ്ഞാതനാണ് വീട്ടിലെത്തി അദ്ദേഹത്തെ കത്തികൊണ്ട് ആക്രമിച്ചത്. സൽമാൻ റഷ്ദിയുടെ മേൽവിലാസം ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. രണ്ട് വർഷത്തേക്ക് പിന്നെ ആക്രമണങ്ങളൊന്നും ഉണ്ടായില്ല. എല്ലാ കെട്ടടങ്ങിയെന്ന് ആശ്വസിക്കുന്നതിനിടെയാണ് 1993 ൽ പുസ്തകവുമായി ബന്ധപ്പെട്ട നോർവീജിയൻ പബ്ലിഷർക്കെതിരെയും ആക്രമണമുണ്ടാകുന്നത്.

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1988 ഒക്‌ടോബറില്‍ ‘സേറ്റാനിക് വേഴ്‌സസ്’ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. അന്ന് ഇന്ത്യയ്ക്ക് പുറമേ 19 രാജ്യങ്ങൾ കൂടി സേറ്റാനിക് വേഴ്‌സസ് നിരോധിച്ചിരുന്നു. ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡില്‍ പുസ്തകത്തിന്റെ പകര്‍പ്പുകള്‍ കത്തിക്കുകയും ചെയ്തു.

Story Highlights: Salman Rushdie spent 9 years in hiding in Britain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here