Advertisement

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍….! 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ ഇന്ത്യ; സ്വാതന്ത്ര്യം പിറന്ന ചരിത്രത്തെക്കുറിച്ചറിയാം

August 15, 2022
2 minutes Read
How did India gain independence?
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓഗസ്റ്റ് 14ന്റെ അര്‍ത്ഥരാത്രിയിലേക്കുള്ള യാത്ര സുദീര്‍ഘമായിരുന്നു. പല നൂറ്റാണ്ടുകളിലെ സംഭവങ്ങള്‍ പറഞ്ഞാല്‍ മാത്രം പൂര്‍ത്തിയാകുന്ന ചരിത്രം. പത്തു തലമുറകളിലൂടെയെങ്കിലും കടന്നു വന്ന അടിമത്തത്തിന്റെ ചരിത്രമാണ് മാറിയത്. അതിനിടെ സാരേ ജഹാന്‍ സേ അച്ഛാ മുതല്‍ ജനഗണമന വരെയുള്ള ഗാനങ്ങള്‍ പിറന്നു. ത്രിവര്‍ണ പതാകയുടെ ആശയവും നിറങ്ങളും രൂപപ്പെട്ടു വന്നു. സ്വരാജ്യം എന്ന സങ്കല്‍പം പ്രഖ്യാപിക്കപ്പെട്ടു ( How did India gain independence? ).

സാരേ ജഹാന്‍ സേയുടെ പിറവി

സാരേ ജഹാന്‍ സേ അച്ഛാ എന്ന ഗാനം മുഹമ്മദ് ഇഖ്ബാല്‍ ആദ്യം പാടുന്നത് 1905ലാണ്. വൈഎംസിഎയുടെ ഇന്ത്യന്‍ രൂപമായ യങ് മെന്‍സ് ഇന്ത്യന്‍ അസോസിയേഷന്റെ യോഗത്തിലാണ് ആ ഗാനം പിറന്നത്. അന്നേ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു ഇഖ്ബാല്‍. ഇന്ത്യയുടെ ദേശീയതയെക്കുറിച്ചു സംസാരിക്കാനാണ് ഇഖ്ബാലിനെ സംഘാടകര്‍ ക്ഷണിച്ചത്. അന്നു പതിവിനു വിരുദ്ധമായി പ്രസംഗിക്കുന്നില്ല, ഒരു പാട്ടുപാടാം എന്ന് ഇഖ്ബാല്‍ പ്രഖ്യാപിച്ചു. ഏതാനും ദിവസം മുന്‍പ് എഴുതിയ ഗാനം പാടി. സാരേ ജഹാന്‍ സേ അച്ഛാ, യേ ഹിന്ദുസ്ഥാന്‍ ഹമാരാ, ഹിന്ദി ബായിന്‍ ഹം, ഓര്‍ വതന്‍ ഹേ ഹിന്ദുസ്ഥാന്‍… ലോകത്തെ മറ്റേതൊരു നാടിനേക്കാളും ഗംഭീരമാണ് നമ്മുടെ ഈ ഹിന്ദുസ്ഥാന്‍, നമ്മള്‍ ഹിന്ദിന്റെ ആള്‍ക്കാര്‍, നമ്മുടെ രാഷ്ട്രം ഹിന്ദുസ്ഥാന്‍… പല പല നാട്ടുരാജ്യങ്ങളായി നിന്ന നാടിനെ ഇന്ത്യ എന്ന സങ്കല്‍പത്തിലേക്കു കൊണ്ടുവന്ന ഗാനം.

ടാഗോര്‍ സമ്മാനിച്ച ദേശീയ ഗാനം

1911ല്‍ ബംഗാളിയില്‍ എഴുതുമ്പോള്‍ ടാഗോര്‍ നല്‍കിയ തലക്കെട്ട് ഭാരതോ ഭാഗ്യോ വിതാഥാ എന്നായിരുന്നു. അഞ്ചു ഭാഗങ്ങള്‍ ഉള്ള ഗാനത്തിന്റെ 52 സെക്കന്‍ഡ് സമയംകൊണ്ടു പാടേണ്ട ആദ്യഭാഗമാണ് 1950ല്‍ ഭരണഘടനാ അസംബ്ലി ദേശീയ ഗാനമായി എടുത്തുചേര്‍ത്തത്. ആദ്യ രണ്ടുവരിയും അവസാന രണ്ടുവരിയും ഉള്‍പ്പെടുന്ന ഭാഗം 20 സെക്കന്‍ഡുകൊണ്ടു പാടാനും അനുമതി നല്‍കി. 1911 ഡിസംബര്‍ 11ന് രചന പൂര്‍ത്തിയാക്കി. ഡിസംബര്‍ 27ന് കൊല്‍ക്കൊത്തയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആയിരുന്നു ആദ്യ അവതരണം. കാവ്യം തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ ആദി ബ്രഹ്മ സമാജത്തിന്‍രെ ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അതേ വര്‍ഷം തന്നെ ടാഗോറിന്റെ മരുമകള്‍ സരളാ ദേവി ചധുരാണി വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പാടി അവതരിപ്പിച്ചു. പിന്നെ, സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമായി രാജ്യമെങ്ങും അവതരിപ്പിക്കപ്പെട്ടു.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ വന്ദേ മാതരം

ജനഗണ മനയ്ക്കു മുന്‍പേ തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി വന്ദേ മാതരം. 1870ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയതാണ്. പിന്നീട് 1892ല്‍ പ്രസിദ്ധീകരിച്ച ആനന്ദമഠം എന്ന നോവലില്‍ ചേര്‍ക്കുകയായിരുന്നു. ആ ഗാനത്തെ ദേശീയ പ്രസ്ഥാനത്തിലേക്കു കൊണ്ടുവന്നതും ടാഗോറാണ്. 1896ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പാടി അവതരിപ്പിച്ചാണ് സ്വാതന്ത്ര്യ സമരത്തിന്റെ താളവും രാഗവുമാക്കി മാറ്റിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 1937ല്‍ ദേശീയ ഗാനമായി തീരുമാനിച്ചതും വന്ദേമാതരമായിരുന്നു. ഈ ഗാനവും അതടങ്ങിയ നോവലും ബ്രട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചു. എന്നിട്ടും രാജ്യമെങ്ങും അലയടിച്ചുകൊണ്ടിരുന്നു.

ഇന്ത്യയുടെ ത്രിവര്‍ണ പതാക

അനേകം രൂപഭേദങ്ങളിലൂടെയും നിറവ്യത്യാസങ്ങളിലൂടെയും കടന്നുവന്നതാണ് ഇന്ത്യയുടെ ത്രിവര്‍ണ പതാക. പിങ്കാളി വെങ്കയ്യ രൂപകല്‍പന ചെയ്ത സ്വരാജ്യ പതാകയാണ് ദേശീയ പതാകയായി പിന്നീട് മാറിയത്. ഖാദിയില്‍ മാത്രം തുന്നി എടുക്കണം എന്ന നിര്‍ദേശത്തോടെയും മറ്റു നിരവധി കര്‍ശന ഉപാധികളോടെയുമാണ് പതാക ഭരണഘടനയുടെ ഭാഗമായത്.

രാജ്യത്തെ ഓരോ വീട്ടിലും ഇന്നു പാറുന്ന ത്രിവര്‍ണ പതാകയാണ് ഇന്ത്യന്‍ ദേശീയതയുടെ ഏറ്റവും കരുത്തുറ്റ അടയാളം. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയാണ് ആദ്യ ഇന്ത്യന്‍ പതാക രൂപകല്‍പന ചെയ്തത്. അന്നു പക്ഷേ രണ്ടു നിറമായിരുന്നു. ചുവപ്പം മഞ്ഞയും. മധ്യത്തില്‍ മഹാവിഷ്ണുവിന്റെ വജ്രായുധവും ഉണ്ടായിരുന്നു. പതാകയുടെ രണ്ടുവശത്തും വന്ദേമാതരം എന്ന് അന്ന് എഴുതിയിരുന്നു.

തൊട്ടടുത്ത വര്‍ഷം 1906 ഓഗസ്റ്റ് ഏഴിനാണ് ഇന്ത്യയുടെ ദേശീയ പതാക എന്ന വിശേഷണവുമായി മറ്റൊരു പതാക ഉയര്‍ത്തപ്പെടുന്നത്. കൊല്‍ക്കത്ത ഗിരീഷ് പാര്‍ക്കില്‍ ഉയര്‍ത്തിയ ആ പതാകയില്‍ നിറങ്ങള്‍ മൂന്നായിരുന്നു. പച്ചയും മഞ്ഞയും ചുവപ്പും. പച്ചയായിരുന്നു മുകളില്‍. പക്ഷേ, അതില്‍ എട്ട് താമരപ്പൂക്കള്‍ കൂടി വരച്ചു ചേര്‍ത്തിരുന്നു. മധ്യത്തിലുള്ള മഞ്ഞ ചതുരത്തില്‍ വന്ദേ മാതരം എന്നും എഴുതി. താഴെയുള്ള ചുവപ്പു നിറത്തില്‍ ചന്ദ്രക്കലയും സൂര്യനും.

അതേവര്‍ഷം തന്നെ മറ്റൊരു പതാകയും രൂപപ്പെട്ടു. ഭിക്കാജി കാമ, സവര്‍ക്കര്‍, ശ്യാംജി കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നു രൂപപ്പെടുത്തിയത്. കുങ്കുമവും മഞ്ഞയും പച്ചയും ആയിരുന്നു നിറങ്ങള്‍. എട്ടു താമരയ്ക്കു പകരം എട്ടുസൂര്യന്മാരായിരുന്നു മുകളില്‍. മഞ്ഞ ചതുരത്തില്‍ വന്ദേമാതരം എന്ന എഴുത്തിന് മാറ്റമുണ്ടായില്ല. ബര്‍ളിനിലെ സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ ഭിക്കാജി കാമ ഈ പതാക ഉയര്‍ത്തിയതോടെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ അടയാളമായി അന്നു മാറി.

1917ല്‍ ആനി ബസന്റും ബാല്‍ ഗംഗാധര തിലകും ചേര്‍ന്നാണ് അടുത്ത രൂപകല്‍പന നിര്‍വഹിക്കുന്നത്. അഞ്ചു പച്ച ദീര്‍ഘചതുരങ്ങളും നാലു മഞ്ഞ ദീര്‍ഘ ചതുരങ്ങളുമായിരുന്നു ഈ പതാകയില്‍. സപ്തഋഷിമാരും ഹോം ലീഗ് പ്രചാരണത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ ഈ പതാകയില്‍ ചേര്‍ക്കപ്പെട്ടു. പതാകയുടെ ഇടത്തേ മൂലയ്ക്കായി ബ്രിട്ടന്റെ ദേശീയ പതാകയായ യൂണിയന്‍ ജാക്കും ഉണ്ടായിരുന്നു.

1921 ല്‍ വിജയവാഡയിലേക്കുള്ള ഗാന്ധിജിയുടെ യാത്രയാണ് പതാകയുടെ ചരിത്രം മാറ്റിയത്. അവിടെ പിങ്കാളി വെങ്കയ്യ എന്ന സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിജിക്കു മുന്നില്‍ ഒരു പുതിയ പതാക അവതരിപ്പിച്ചു. ചുവപ്പും പച്ചയും നിറങ്ങളിലായിരുന്നു ആ പതാക. രാജ്യത്തെ രണ്ടു വലിയ മതവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നത് എന്നായിരുന്നു സങ്കല്‍പം. മറ്റു മുഴുവന്‍ മതങ്ങളേയും പ്രതിനിധീകരിച്ച് ഈ രണ്ടു നിറങ്ങള്‍ക്കു നടുവിലായി വെള്ളകൂടി ചേര്‍ക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. ആ വെള്ളയില്‍ ചര്‍ക്കയും ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടതും ഗാന്ധിജിയാണ്. ഖാദിയില്‍ നെയ്‌തെടുത്ത ആ പതാക പിന്നെ ദേശീയതയുടെ കരുത്തായി. ചര്‍ക്ക ദേശീയതാ പ്രസ്ഥാനത്തിന്റെ അടയാളവും.

1929 ഡിസംബര്‍ 19ന് ആണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ സ്വരാജ് പ്രഖ്യാപനം. ആ ഡിസംബര്‍ 31ന് രവി നദിയുടെ തീരത്താണ് ദേശീയ പതാക ഉയര്‍ത്തി നെഹ്‌റു സല്യൂട്ട് ചെയ്യുന്നത്. അന്ന് ഉയര്‍ത്തിയ പതാകയില്‍ ചുവപ്പിന് പകരം കുങ്കുമ നിറമായിരുന്നു. തൊട്ടുതാഴെ വെള്ളയില്‍ ചര്‍ക്കയും ഏറ്റവും താഴെ പച്ച നിറവും. കോണ്‍ഗ്രസ് 1931 ജനുവരി 26ലെ സമ്മേളനത്തില്‍ ഇതു ദേശീയ പതാകയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി അഭിപ്രായ വ്യത്യാസമുള്ള കാലത്തു പോലും സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയും ഈ പതാക തന്നെയാണ് ഉപയോഗിച്ചത്.

1947 ജൂലൈ 22ന് ആണ് ഇപ്പോഴത്തെ പതാക ഭരണഘടനാ അസംബ്ലി അംഗീകരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മൂന്നാഴ്ച മുന്‍പ്. കോണ്‍ഗ്രസിന്റെ ചര്‍ക്കയ്ക്കു പകരം അശോക ചക്രവര്‍ത്തിയുടെ ധര്‍മചക്രം ഉള്‍പ്പെടുത്തി. 24 ആരക്കാലുകളുമായി നാവിക നീലയില്‍ അത് പതാകയുടെ ഭാഗമായി.

രാഷ്ട്രനേതാക്കള്‍ക്ക് അഭിഷേകം

ഗംഗയില്‍ നിന്നുള്ള വെള്ളവുമായി വന്ന് രാഷ്ട്രനേതാക്കള്‍ക്ക് അഭിഷേകം. തലപ്പാവ് അണിയിക്കല്‍, കുങ്കുമം ചാര്‍ത്ത്. ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും അടക്കമുള്ള നേതാക്കളെ ഏറെ വൈകാരികമായാണ് ഓഗസ്റ്റ് 14ന് ജനത ആദരിച്ചത്. രാവിലെ ആറുമണി മുതല്‍ ഡല്‍ഹി സംഭവ ബഹുലമായിരുന്നു. അതിനു മുന്‍പാണ് രാജ്യത്തിന്റെ പട്ടാളത്തെ രണ്ടായി വിഭജിക്കുന്നത്.

രാജ്യം മാത്രമല്ല സൈന്യവും വിഭജിച്ചു

രാജ്യം മാത്രമല്ല സൈന്യവും കൂടി വിഭജിക്കപ്പെടുകയായിരുന്നു ആ ഓഗസ്റ്റില്‍. ഹിന്ദു, സിഖ്, മുസ്ലിം സൈനികര്‍ രണ്ടു രാജ്യത്തായി പിരിഞ്ഞു. കുതിരപ്പട്ടാളം രണ്ടായി. ഹിന്ദു സൈനികരില്‍ ഏറെയും ഇന്ത്യയിലേക്കും മുസ്ലിം സൈനികരില്‍ ഏറെ പാകിസ്താനിലേക്കും എന്നു തീരുമാനിച്ചു. സിഖ് സൈനികര്‍ സ്വന്തം ജന്മനാട് വരുന്ന പ്രദേശം തെരഞ്ഞെടുത്തു. പാകിസ്താന്റെ ഭാഗമായ പഞ്ചാബില്‍ ജനിച്ചവര്‍ പാകിസ്താനും ഇന്ത്യയുടെ ഭാഗമായ പഞ്ചാബില്‍ ജനിച്ചവര്‍ ഇന്ത്യയും തെരഞ്ഞെടുത്തു.

ഓരോ ബാരക്കുകളിലും ഭക്ഷണം വിതരണം ചെയ്തും ഭംഗാ നൃത്തം ചെയ്തും പിരിഞ്ഞുപോകുന്നവരെ യാത്രയാക്കി. ഇന്ത്യയിലെ ബാരക്കുകളില്‍ പാകിസ്താനിലേക്കു പോകുന്നവര്‍ക്കു യാത്രയയപ്പ്. പാകിസ്താനിലെ ബാരക്കുകളില്‍ ഇന്ത്യയിലേക്കു പോകുന്നവര്‍ക്കും. ബഡാഖാനകളുടെ ആ മണിക്കൂറുകള്‍ക്കു ശേഷം വരാന്‍ ഉണ്ടായിരുന്നതു പരസ്പരം പോരാടുന്ന പതിറ്റാണ്ടുകളായിരുന്നു. റാവല്‍പിണ്ടിയില്‍ നിന്ന് ഇന്ത്യയിലേക്കു പോന്ന സൈനികര്‍ സഞ്ചരിച്ച ട്രെയിന്‍ കത്തിച്ചു. അതായിരുന്നു പട്ടാള തലത്തിലെ ഏറ്റുമുട്ടലിന്റെ തുടക്കവും.

ഉപ്പുസമരം മുതല്‍ കിറ്റ് ഇന്ത്യാ സമരം വരെ

ദേശീയ പ്രസ്ഥാനത്തെ വളര്‍ത്തിയ ഒരുപിടി മുന്നേറ്റങ്ങളുണ്ട്. ഉപ്പുസമരം മുതല്‍ കിറ്റ് ഇന്ത്യാ സമരം വരെ. ഇതിനിടെ ഒന്നാം സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും ജാലിയന്‍ വാലാബാഗും പോലുള്ളവ. ഓരോന്നിനും പ്രത്യേക കാരണങ്ങളും ലക്ഷ്യങ്ങളും ഉണ്ടെങ്കിലും എല്ലാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണ് രേഖകളില്‍ ഇടംപിടിച്ചത്.

വൈക്കത്ത് മഹാത്മാഗാന്ധി വന്നത് ബ്രട്ടീഷുകാര്‍ക്കെതിരായ സമരത്തിന്റെ ഭാഗമാണെന്ന് ഇന്ന് പറയുമ്പോള്‍ തര്‍ക്കമുണ്ടാകാം. സമരം ബ്രട്ടീഷുകാര്‍ക്ക് എതിരേ ആയിരുന്നില്ലല്ലോ എന്നു പറയുന്നവരും കുറവല്ല. പക്ഷേ, വൈക്കം സത്യഗ്രഹം കേരളത്തില്‍ ദേശീയത വളര്‍ത്തിയ ആദ്യ നീക്കങ്ങളില്‍ ഒന്നായിരുന്നു. ടി.കെ.മാധവനും കെ.കേളപ്പനും കെ.പി.കേശവമേനോനും എല്ലാം നേതൃത്വം നല്‍കിയ പ്രക്ഷോഭം. ശ്രീനാരായണഗുരുവും മന്നത്തു പത്മനാഭനുമെല്ലാം നല്‍കിയ പിന്തുണ. സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു ഗാന്ധിജി നടത്തിയ സന്ദര്‍ശനം ചരിത്രം തന്നെ മാറ്റി. പെരിയാറിനെപ്പോലുള്ള നേതാക്കളുടെ നായകത്വം ദക്ഷിണേന്ത്യയുടെ ഐക്യത്തിനും വഴിയിട്ടു. പിന്നാലെ ഗുരുവായൂര്‍ സത്യഗ്രഹം. ഇതിനെല്ലാം മുന്‍പു നടന്ന മലബാര്‍ കലാപവും വാഗണ്‍ ദുരന്തവും. കോഴിക്കോട് കടപ്പുറത്ത് ഗാന്ധിജി നടത്തിയ പൊതുയോഗം. പിന്നെ നെഹ്‌റു നടത്തിയ പ്രസംഗങ്ങള്‍. ഇങ്ങനെ ദേശീയ പ്രസ്ഥാനത്തോട് കേരളം ചേര്‍ന്നു നിന്നത് പല ഘട്ടങ്ങളിലായാണ്. ദേശീയ തലത്തില്‍ ഓരോ മുന്നേറ്റവും ഓരോരോ കാരണങ്ങളാല്‍ ഉരുത്തിരിഞ്ഞുവന്നതാണ്.

ഉപ്പുസത്യഗ്രഹത്തിന്റെ പിറവി കത്തില്‍ നിന്ന്

1931ല്‍ വൈസ് റോയി ലോഡ് ഇര്‍വിന് ഗാന്ധിജി നല്‍കിയ ഒരു കത്തില്‍ നിന്നാണ് ഉപ്പുസത്യഗ്രഹത്തിന്റെ പിറവി. ആറ് ആവശ്യങ്ങളാണ് ആ കത്തില്‍ ഉണ്ടായിരുന്നത്. ഭൂ നികുതി പകുതിയാക്കണം, രൂപയുടെ മൂല്യം സ്ഥിരമായി നിശ്ചയിക്കണം, മദ്യം നിരോധിക്കണം, ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കി നിയമം വേണം, ഉപ്പിന്റെ നികുതി എടുത്തുകളയണം. ഈ ആറു കാര്യങ്ങളും ഇര്‍വിന്‍ തള്ളി. പ്രക്ഷോഭം ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ എല്ലാ ജനങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു ആശയം മാത്രം തെരഞ്ഞെടുക്കണം എന്ന് ഗാന്ധിജിയാണ് നിര്‍ദേശിച്ചത്. ആവശ്യങ്ങളില്‍ ആറാമത്തേത് ആയിരുന്നെങ്കിലും ഉപ്പാണ് മുഴുവന്‍ ജനങ്ങളേയും ബാധിക്കുന്ന വിഷയം എന്ന് അങ്ങനെ തീരുമാനമായി. ഉപ്പിന്റെ നികുതി മൊത്തം നികുതി വരുമാനത്തിന്റെ നാലു ശതമാനം മാത്രമായിരുന്നെങ്കിലും ആ വിഷയം തെരഞ്ഞെടുത്ത് ഗാന്ധിജി പറഞ്ഞത് ഇങ്ങനെയാണ്. ‘പട്ടിണിക്കാരേയും രോഗികളേയും നിസ്സഹായരേയും നിരാശ്രയരേയും വരെ ബാധിക്കുന്ന രണ്ടു വിഷയമാണ് ഉള്ളത്. വെള്ളവും ഉപ്പും. ഉപ്പിനു വേണ്ടിയുള്ള സമരത്തില്‍ രാജ്യം മുഴുവന്‍ അണിചേരും.’

ലാലാ ലജ് പത് റായിയുടെ വിടവാങ്ങല്‍

1928 ഫെബ്രുവരി നാലിനാണ് സൈമണ്‍ കമ്മിഷന്‍ മുംബൈയില്‍ എത്തുന്നത്. കരിങ്കൊടിയുമായി നൂറുകണക്കിന് സമര സേനാനികള്‍ പ്രതിഷേധിച്ചു. കമ്മിഷന്‍ പോയ ഇടങ്ങളിലെല്ലാം കരിങ്കൊടി പ്രകടനങ്ങള്‍ നടന്നു. ലാലാ ലജ് പത് റായിയുടെ നേതൃത്വത്തില്‍ ആയിരുന്നു ലാഹോറിലെ പ്രതിഷേധം. അവിടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഗുരുതരമായി പരുക്കേറ്റ റായി ചികിത്സയ്ക്കിടെ അന്തരിച്ചു. ഇതു രാജ്യമെങ്ങും ഏറെ വൈകാരികമായ പ്രതികരണം ഉണ്ടാക്കി.

ഒന്നാം സ്വാതന്ത്ര്യസമരം

1857ല്‍ ബ്രട്ടീഷ് സൈനിക ഉദ്യോഗസ്ഥര്‍ക്കു നേരേ നടന്ന കലാപമാണ് ഒന്നാം സ്വാതന്ത്ര്യസമരമായി കണക്കാക്കുന്നത് എങ്കിലും അതിനു മുന്‍പ് നിരവധി ചെറുകലാപങ്ങള്‍ ഉണ്ടായി. അതിനു ശേഷം കോണ്‍ഗ്രസ് രൂപീകരിക്കപ്പെടുന്നതിനു മുന്‍പും ഉണ്ടായി പല കലാപങ്ങള്‍. ഇരുപതാം നൂറ്റാണ്ടില്‍ രാജ്യമെങ്ങും വലിയ ചലനമുണ്ടാക്കിയതാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. റൗളത്ത് ആക്ടില്‍ പ്രതിഷേധിച്ച് അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ ഒത്തുകൂടിയവരെ വളഞ്ഞ് പട്ടാളം വെടിവച്ചു. 350 മുതല്‍ 1500 പേര്‍ വരെ കൊല്ലപ്പെട്ടിരിക്കാം എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഇതിനു, രണ്ടുവര്‍ഷത്തിനു ശേഷമാണ് മലബാര്‍ കലാപവും വാഗണ്‍ ദുരന്തവും.

ക്വിറ്റ് ഇന്ത്യാ സമരം

1942ല്‍ മുംബൈ അഖിലേന്ത്യ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിക്കുന്നത്. പോരാടുക അല്ലെങ്കില്‍ മരിക്കുക എന്ന ഓഗസ്റ്റ് എട്ടിലെ പ്രഖ്യാപനത്തോടെ സമര രീതി മാറി. ഗാന്ധിജിയും നെഹ്‌റും ഉള്‍പ്പെടെ ജയിലിലായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ തിരിച്ചടികള്‍ കൂടി നേരിട്ട അക്കാലത്ത് ബ്രിട്ടന് പിന്‍വലിയുകയല്ലാതെ മറ്റു വഴി ഉണ്ടായിരുന്നില്ല. അത്ര ശക്തമായിരുന്നു ഓരോ നാട്ടിന്‍ പുറത്തും ഉയര്‍ന്ന ബ്രട്ടീഷ് വിരുദ്ധ വികാരം.

ഇന്ത്യയിലും പാകിസ്താനിലും നടന്നത്

1947 ഓഗസ്റ്റ് 14, 15 തീയതികളിലായി ഇന്ത്യയിലും പാകിസ്താനിലും നടന്ന സംഭവങ്ങളെക്കുറിച്ച് അനേകം വിവരണങ്ങള്‍ ലഭ്യമാണ്. പലതും ഒന്നിനൊന്നു വ്യത്യസ്തവുമാണ്. റോമിലാ ഥാപറും ബിപിന്‍ ചന്ദ്രയും ജോണ്‍കീയും എഴുതിയ ചരിത്ര പുസ്തകങ്ങളില്‍ പോലുമുണ്ട് സംഭവ വിവരണത്തില്‍ വൈവിധ്യം. വി കെ കൃഷ്ണമേനോന്റെ ലേഖനങ്ങള്‍ വേറൊരു കാഴ്ചപ്പാടിലാണ്. ഇത്തരം എഴുത്തുകളില്‍ ഏറെ ജനപ്രിയം ഫ്രീഡം അറ്റ് മിഡ്‌നൈറ്റാണ്. ലാറി കോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്നെഴുതിയ സ്വാതന്ത്ര്യം അര്‍ത്ഥരാത്രിയില്‍ എന്ന പുസ്തകത്തില്‍ ആ ദിവസങ്ങളെ വിവരിക്കുന്നുണ്ട്.

ഓഗസ്റ്റ് 14. രാത്രി പത്തുമണി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള റസിഡന്‍സിയുടെ ടവര്‍. ഇതായിരുന്നു ഒന്നര നൂറ്റാണ്ടായി ബ്രട്ടീഷ് റസിഡന്റിന്റെ ആസ്ഥാനം. വാറന്റ് ഓഫിസര്‍ ജെ.ആര്‍.അയര്‍ലന്‍ഡ് ബ്രിട്ടന്റെ ദേശീയ പതാകയായ യൂണിയന്‍ ജാക്ക് താഴ്ത്തി. ബ്രട്ടീഷ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മഴുവുമായി എത്തി. ഉരുക്കിന്റെ പതാകക്കാല്‍ വെട്ടിവീഴ്ത്തി. മറ്റൊരാള്‍ അടിത്തറയുടെ കോണ്‍ക്രീറ്റ് പൊളിച്ചു. മൂന്നാമതൊരാള്‍ അവിടെ രൂപപ്പെട്ടുവന്ന കുഴി സിമന്റും മണലും കൊണ്ടു മൂടി.

നെഹ്‌റുവിന്റെ പൊട്ടിച്ചിരിയും കഥയും

ഡല്‍ഹി അസംബ്‌ളി ഹാളിനു പുറത്ത് അപ്പോള്‍ മഴ ശമിച്ചിരുന്നു. ജനം ഉല്‍സവാഘോഷത്തിലേക്ക് ഇറങ്ങുകയാണ്. ജവഹര്‍ ലാല്‍ നെഹ്‌റു അവിടേക്ക് എത്തിയതോടെ നൂറുകണക്കിന് ആളുകള്‍ ചുറ്റും ഇരച്ചു കൂടി. മന്ത്രിമാര്‍ നെഹ്‌റുവിന്റെ പിന്നില്‍ ഉണ്ടായിരുന്നു. പൊലീസുകാര്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ തുടങ്ങി. നെഹ്‌റു പെട്ടെന്ന് ചിരിച്ചു. തൊട്ടടുത്തു നിന്ന സഹായിയോട് ഒരു കഥ പറഞ്ഞു.

‘നിങ്ങള്‍ക്കറിയുമോ? പത്തുവര്‍ഷം മുന്‍പ് ലണ്ടനില്‍ വച്ച് ഒരു തര്‍ക്കമുണ്ടായി. പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സ്വതന്ത്രയാകും എന്ന് വൈസ് റോയി ലിന്‍ലിത്‌ഗ്വോയോട് ഞാന്‍ പറഞ്ഞു. അതു നടക്കാന്‍ പോകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെയോ നിങ്ങളുടേയോ ജീവിതകാലത്ത് ഇന്ത്യ സ്വതന്ത്രയാകില്ല എന്നായിരുന്നു വൈസ് റോയി പറഞ്ഞത്. പലരും അങ്ങിനെയാണു കരുതിയത്.’

ആ വിശ്വാസമാണ് ഈ നിമിഷം തിരുത്തപ്പെട്ടത്. ബ്രിട്ടനുമായി ബന്ധപ്പെട്ട കെട്ടിടങ്ങളെല്ലാം അപ്പോള്‍ അടച്ചുകൊണ്ടിരിക്കുകയായിരുന്നു. ബോംബെ യാട്ട് ക്ലബിനു മുന്നില്‍ ക്ലോസ്ഡ് എന്ന ബോര്‍ഡ് വന്നു. കൊല്‍ക്കൊത്തയിലെ ക്ലൈവ് സ്ട്രീറ്റ് ആ രാത്രിതന്നെ സുഭാഷ് റോഡ് എന്ന് പേരുമാറ്റി. സിംലയിലെ മാളില്‍ അതുവരെ ഇന്ത്യന്‍ വേഷത്തില്‍ ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. അവിടെ നൂറുകണക്കിനാളുകള്‍ സാരിയും മുണ്ടും പൈജാമയും ധരിച്ച് ഓടി നടന്നു. മുംബൈയിലെ താജിലും ലഹോറിലെ ഫല്ലേറ്റിയിലും ഇന്ത്യന്‍ വേഷങ്ങളില്‍ നൂറുകണക്കിനാളുകള്‍ കടന്നു കയറി. ജാക്കറ്റുകള്‍ അണിഞ്ഞു മാത്രം പ്രവേശനമുണ്ടായിരുന്ന ആ ഇടങ്ങളിലും സാധാരണക്കാരന്റെ സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു.

കോണട്ട് സര്‍ക്കസ് ദീപങ്ങളാല്‍ നിറഞ്ഞ

ഡല്‍ഹിയിലെ കോണട്ട് സര്‍ക്കസ് ദീപങ്ങളാല്‍ നിറഞ്ഞു. കുങ്കുമവും പച്ചയും വെള്ളയും നിറങ്ങളിലുള്ള ദീപങ്ങളായിരുന്നു എങ്ങും. ക്ഷേത്രങ്ങളും പള്ളികളും ഗുരുദ്വാരകളും ഒരുപോലെ ത്രിവര്‍ണമണിഞ്ഞു. റെഡ് ഫോര്‍ട്ട് ഏറ്റവും തലയെടുപ്പോടെ തിളങ്ങി. ഡല്‍ഹിയില്‍ ശുചീകരണ ജോലി ചെയ്തിരുന്ന, അധ:കൃതര്‍ എന്നു വിളിച്ചു മാറ്റി നിര്‍ത്തിയരുന്ന എന്നും പറയാം, ആളുകളുടെ ചേരികളില്‍ അര്‍ത്ഥരാത്രി വിളക്കു തെളിഞ്ഞതും ആ രാത്രിയാണ്. മെഴുകുതിരികളും മണ്ണെണ്ണയും നല്‍കിയാണ് നേതാക്കള്‍ അവരെ ഒപ്പം കൂട്ടിയത്.

ഇന്ത്യന്‍ യൂണിയന്‍ രൂപീകരണം

നിരവധി നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനിലേക്കു വിജയകരമായി ചേര്‍ത്ത വി.പി.മേനോന്‍ കൗമാരക്കാരിയായ മകള്‍ക്കൊപ്പം സ്വന്തം മുറിയില്‍ ഇരിക്കുകയായിരുന്നു. ശരിക്കുള്ള പോരാട്ടം ഇനി തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്ന് മേനോന്‍ പറയുമ്പോള്‍ പുറത്ത് ആഘോഷങ്ങള്‍ തുടരുകയായിരുന്നു.

നെഹ്‌റുവിന്റെ കവര്‍

പൊടുന്നനെ ഇന്ത്യന്‍ നേതാക്കളുടെ സംഘം മൗണ്ട് ബാറ്റണ്‍ന്റെ മുന്നിലെത്തി. ഭരണഘടനാ അസംബ്‌ളിയുടെ അധ്യക്ഷനായിരുന്ന രാജേന്ദ്ര പ്രസാദ് ഔദ്യോഗികമായി ആ നിര്‍ദേശം മുന്നോട്ടുവച്ചു. വൈസ് റോയി ആയിരുന്ന മൗണ്ട് ബാറ്റണ്‍ ഗവര്‍ണര്‍ ജനറല്‍ ആയി തുടരണം എന്ന സന്ദേശം ആയിരുന്നു അത്. പാകിസ്താന്റെയും ഇന്ത്യയുടേയും ഗവര്‍ണര്‍ ജനറലായി മൗണ്ട് ബാറ്റണ്‍ തുടരണം എന്നായിരുന്നു ആദ്യ തീരുമാനം. പാകിസ്താനില്‍ ജിന്ന സ്വയം ഗവര്‍ണര്‍ ജനറല്‍ പദവിയും ഭരണമേധാവി ചുമതലയും ഏറ്റെടുത്തു. ഇന്ത്യ നേരത്തെ തീരുമാനിച്ചതുപോലെ തന്നെ മൗണ്ട് ബാറ്റണെ അല്‍പകാലത്തേക്കു കൂടി ഗവര്‍ണര്‍ ജനറലായി നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ ജവഹര്‍ലാല്‍ നെഹ്‌റു ഒരു കവര്‍ മൗണ്ട് ബാറ്റണ് നല്‍കി. ആദ്യ സര്‍ക്കാരില്‍ മന്ത്രിമാര്‍ ആകുന്നവരുടെ പട്ടിക ആയിരുന്നു അത്.

ആ കവര്‍ പിന്നീട് ചരിത്രമായി. പേരെഴുതിയ കടലാസ് മുറിയില്‍ വച്ച് നെഹ്‌റു മറന്നുപോയിരുന്നു. തിരക്കിനിടെ ഒന്നും എഴുതാത്ത ഒരു കടലാസ് ആയിരുന്നു ആ കവറില്‍ ഉണ്ടായിരുന്നത്. ഇത്തരം ചെറിയ ആശയക്കുഴപ്പങ്ങള്‍ കൂടി ചേര്‍ന്നതായിരുന്നു സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യ ഉണര്‍ന്ന രാത്രി.

ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ സ്വതന്ത്ര്യത്തിലേക്ക്

ആ രാത്രിയുടെ കഥയില്‍ മാത്രമല്ല ഇനിയുള്ള ഇന്ത്യയുടെ എക്കാലത്തേയും ചരിത്രത്തിലും ഉണ്ടാകും നെഹ്‌റു നടത്തിയ പ്രസംഗം. ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് ഉണര്‍ത്തിയ ആ പ്രസംഗം മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് ഇതേ സമയത്തായിരുന്നു. സ്‌ട്രോക് ഓഫ് ദ മിഡ്‌നൈറ്റ് എന്നാണ് പറഞ്ഞതെങ്കിലും അത് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട, ഏറ്റവും ശുഭകരമായ മുഹൂര്‍ത്തമായി മാറി.

ദീര്‍ഘകാലം മുമ്പ് വിധിയുമായി നാം ഒരു സന്ധിയുണ്ടാക്കി. പൂര്‍ണമായിട്ടോ മുഴുവനായ അളവിലോ അല്ലെങ്കിലും അതിന്റെ സാരാംശം ഉള്‍ക്കൊണ്ടുകൊണ്ട് ആ പ്രതിജ്ഞ നിറവേറ്റാനുള്ള സമയം ഇതാ ആഗതമായിരിക്കുന്നു.
അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നെണീക്കും.
ചരിത്രത്തില്‍ അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം സമാഗതമായിരിക്കുന്നു, നാം പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടുവെയ്ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ശബ്ദം കണ്ടെത്തുകയാണ്…’

എല്ലാവരുടെയും കണ്ണുകളില്‍ നിന്ന് അവസാന തുള്ളി കണ്ണുനീരും തുടച്ചുമാറ്റുകയായിരുന്നും മഹാത്മാക്കളുടെ ലക്ഷ്യം. കണ്ണുനീരും കഷ്ടപ്പാടും അവശേഷിക്കുന്നുണ്ടെങ്കില്‍ നമ്മുടെ പ്രവര്‍ത്തനവും അവസാനിക്കാറായിട്ടില്ല. സ്വപ്‌നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ നിറം പകരാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ആ സ്വപ്‌നങ്ങള്‍ ഇന്ത്യയ്ക്കു വേണ്ടിയുള്ളതാണ്. ഒപ്പം അത് മുഴുവന്‍ ലോകത്തിനും വേണ്ടിയുള്ളത് കൂടിയാണ്, നെഹ്‌റു പറഞ്ഞു.

Story Highlights: How did India gain independence?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement