Advertisement

സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിന്നും വീണ്ടും ചന്ദന മരങ്ങൾ മുറിച്ച് കടത്തി

August 15, 2022
Google News 2 minutes Read

ഇടുക്കി തൂക്കുപാലം മേഖലയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിന്നും വീണ്ടും ചന്ദന മരങ്ങൾ മുറിച്ച് കടത്തി. രണ്ട് കൃഷിയിടങ്ങളിൽ നിന്നായ് നാല് ചന്ദന മരങ്ങളാണ് ഇന്നലെ മുറിച്ച് കടത്തിയത്. രണ്ടുമാസത്തിനിടെ തൂക്കുപാലം പ്രദേശത്തു നിന്നും മോഷണം പോയത് 20ലധികം ചന്ദനമരങ്ങളാണ്.

തൂക്കുപാലത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ 53 സെൻ്റീമീറ്റർ വ്യാസവും 6 മീറ്റർ നീളവമുള്ള ചന്ദന തടിക്കഷ്ണം മുറിച്ചിട്ട നിലയിലും, മറ്റൊന്ന് കാതൽ പരിശോധിക്കാനായി പകുതി മുറിച്ച നിലയിലുമായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ചന്ദനമരങ്ങൾ മുറിച്ചു കടത്തി എന്ന് കണ്ടെത്തിയത്. കുരുവിക്കാനത്തും ചന്ദനത്തടി മുറിച്ചിട്ട നിലയിൽ വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ ആറിലധികം ചന്ദനമര മോഷണ കേസുകളാണ് തൂക്കുപാലത്ത് തന്നെ റിപോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം തൂക്കുപാലം അമ്പതേക്കറിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന ചന്ദന മരം മുറിച്ച് കടത്തിയിരുന്നു.

കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി.ഉദയഭാനു, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.എസ് നിഷാദ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി. കുരുവിക്കാനത്തും അന്വേഷണ സംഘം പരിശോധിച്ചു. ചന്ദനമോഷണം വ്യാപകമായ സാഹചര്യത്തിൽ കുമളി റെയിഞ്ച് ഓഫിസർ അനിൽ കുമാർ, പരിശോധനക്കായി പ്രത്യേക സംഘങ്ങളെ കേരള തമിഴ്നാട് അതിർത്തി മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പ് തൂക്കുപാലം ബാലൻപിള്ള സിറ്റിയിൽ നിന്നും ചന്ദന മരങ്ങൾ മോഷണം പോയിരുന്നു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മുറിച്ച് കടത്തിയ ചന്ദന മരത്തിൻ്റെ അവശിഷ്ടം പ്രദേശത്തെ കിണറ്റിൽ നിന്നും കണ്ടെത്തി. എന്നാൽ കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Story Highlights: Sandalwood trees were again cut down from private individuals’ backyards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here