പാസ്‌പോർട്ടിൽ സ്വയം മുദ്രചാർത്തി കുട്ടികൾ; ലഭിച്ചത് അപൂർവ അവസരം

ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് സ്വന്തം പാസ്പോർട്ടിൽ തങ്ങൾക്ക് തന്നെ എൻട്രി സ്റ്റാമ്പ് ചെയ്യാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് രണ്ട് കുട്ടികൾ. രക്ഷിതാക്കൾക്കൊപ്പം ദുബായ് സന്ദർശിക്കാൻ എത്തിയ കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഈ അപൂർവ അവസരം ലഭിച്ചത്.
എമിഗ്രേഷൻ കൗണ്ടറിന് അകത്തുകയറി പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന കുട്ടികളുടെ ചിത്രം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ സാമൂഹിക മാധ്യമങ്ങളാണ് പുറത്തുവിട്ടത്. വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെയാണ് ജി.ഡി.ആർ.എഫ്.എ. മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി എമിഗ്രേഷൻ കൗണ്ടറിലേക്ക് ജിജ്ഞാസയോടെ നോക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്. ഉടൻതന്നെ കുട്ടികളെ കൗണ്ടറിനകത്തേക്ക് സ്നേഹപൂർവം ക്ഷണിച്ചു. തുടർന്ന് സ്വന്തം പാസ്പോർട്ടിൽ അവർക്കുതന്നെ മുദ്രപതിപ്പിക്കാൻ അവസരം നൽകുകയായിരുന്നു. കുട്ടികളുടെ മുഖത്ത് പുഞ്ചിരി സമ്മാനിച്ച ലഫ്റ്റനന്റ് ജനറലിന് രക്ഷിതാവ് നന്ദി പറഞ്ഞു.
Read Also: വെള്ളപ്പൊക്കത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് അപേക്ഷിക്കാം; ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബായിലെത്തുന്ന ഓരോ യാത്രക്കാരെയും മികച്ച രീതിയിലാണ് ഉദ്യോഗസ്ഥർ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നത്. യാത്രക്കാരുടെ സന്തോഷത്തിനാണ് പ്രത്യേക പരിഗണന. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അത്യാധുനിക സ്മാർട്ട് സൗകര്യങ്ങൾ ഒരുക്കി യാത്രക്കാർക്ക് സംതൃപ്തമായ സേവനം നൽകുന്നതെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വ്യക്തമാക്കി.
Story Highlights: Children Stamping Passport at dubai airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here