Advertisement

ഇ ഡി അന്വേഷണത്തിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജി: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

August 17, 2022
Google News 3 minutes Read

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെയും സമന്‍സുകളെയും ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം രണ്ടിന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന അഡിഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിന്റെ നടപടി. അടുത്ത മാസം രണ്ട് വരെ തോമസ് ഐസക്കിന് ഇ.ഡി.ക്ക് മുന്നില്‍ ഹാജരാകേണ്ടതില്ല. തല്‍ക്കാലം തോമസ് ഐസക്കിനെ വിളിപ്പിക്കില്ലെന്ന ഇ.ഡി. നിലപാട് തുടരും. സെപ്റ്റംബര്‍ രണ്ടിന് കിഫ്ബിയുടെ ഹര്‍ജിക്കൊപ്പം തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ കോടതി നേരത്തെ ഇ.ഡിയോട് വിശദീകരണം ചോദിച്ചിരുന്നു. (Thomas Isaac’s plea against ED probe HC allows more time to file affidavit)

തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം ആവശ്യപ്പെട്ട ഇ.ഡി. നടപടിയെയാണ് തോമസ് ഐസക് നേരിടുന്നത്. കഴിഞ്ഞതവണ തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ശ്രദ്ധേയമായ നിരീക്ഷണങ്ങളും ചോദ്യങ്ങളും വന്നിരുന്നു. തോമസ് ഐസകിന് സ്വകാര്യതയുണ്ടെന്നും, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വ്യക്തിപരമായ വിവരങ്ങള്‍ തേടുന്നത് എന്തിനെന്നും ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ആരാഞ്ഞിരുന്നു. പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ ആയിരുന്നെങ്കില്‍ നടപടിയില്‍ ന്യായമുണ്ട്. പക്ഷെ ഇതുവരെ പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ അല്ല തോമസ് ഐസക്. ആദ്യ സമന്‍സില്‍ ആവശ്യപ്പെടാത്ത വിവരങ്ങള്‍ പൊടുന്നനെ രണ്ടാം സമന്‍സില്‍ ആവശ്യപ്പെട്ടതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഈ സുപ്രധാന ചോദ്യങ്ങളില്‍ ഇ.ഡി നല്‍കുന്ന മറുപടി നിര്‍ണായകമാകും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളിലാണ് അന്വേഷണമെന്ന് ഇ.ഡി. പറയുമ്പോഴും സമന്‍സുകള്‍ ആ മട്ടില്‍ അല്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. തന്നെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്നും തോമസ് ഐസക് കോടതിയെ അറിയിച്ചിരുന്നു.

Read Also: മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുമായി പ്രണയം; നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു

അതേസമയം മസാല ബോണ്ടിലെ അന്വേഷണത്തിന് സ്റ്റേ വേണമെന്ന കിഫ്ബിയുടെ ആവശ്യം ഇന്നലെ ഹൈക്കോടതി തള്ളി. അന്വേഷണത്തിന് തത്ക്കാലം സ്റ്റേ നല്‍കേണ്ടെന്നാണ് ഹൈക്കോടതി തീരുമാനിച്ചത്. കിഫ്ബി ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ഇ ഡിക്ക് അടുത്തമാസം രണ്ടുവരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. അടുത്ത മാസം രണ്ടിന് കിഫ്ബി ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Story Highlights: Thomas Isaac’s plea against ED probe HC allows more time to file affidavit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here