Advertisement

പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആൾക്കൂട്ടത്തിലും ഒറ്റക്കായതുപോലെ തോന്നി: വിരാട് കോലി

August 18, 2022
2 minutes Read
felt alone virat kohli
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിലെ ഫോമില്ലായ്മയിൽ പ്രതികരിച്ച് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലി. പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആൾക്കൂട്ടത്തിലും ഒറ്റക്കായതുപോലെ തോന്നിയെന്ന് കോലി പ്രതികരിച്ചു. ഒരു കായികതാരമെന്ന നിലയിൽ അനുഭവിക്കേണ്ടിവരുന്ന സമ്മർദ്ദം മാനസികാരോഗ്യം തകരാറിലാക്കുമെന്നും കോലി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. (felt alone virat kohli)

“ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം, ആ കളി അയാളിലെ മികച്ച പ്രകടനം പുറത്തുകൊണ്ടുവരും. അതേസമയം തന്നെ നിരന്തരമായി അനുഭവിക്കുന്ന സമ്മർദ്ദം മാനസികാരോഗ്യത്തെ തകരാറിലാക്കുകയും ചെയ്യും. അതൊരു ഗുരുതര പ്രശ്നമാണ്. എല്ലായ്പ്പോഴും കരുത്തനായിരിക്കാൻ ശ്രമിച്ചാലും അതിന് നിങ്ങളെ വലിച്ചുകീറാനാവും. ഒരു മുറി മുഴുവൻ എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾ ഉള്ളപ്പോഴും ഒറ്റക്കായതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയൊരു അവസ്ഥ മറ്റ് പലർക്കും ഉണ്ടായിട്ടുണ്ടാവാം. അതിനാൽ, സമയം കണ്ടെത്തി സ്വയം നിങ്ങളുടെ ഉള്ള് കാണുക. ആ ബന്ധം നഷ്ടപ്പെട്ടാൽ, ചുറ്റുമുള്ളതൊക്കെ തകരാൻ ഏറെ സമയം വേണ്ടിവരില്ല.”- കോലി പറഞ്ഞു.

Read Also: ഇന്ത്യ സിംബാബ്‌വെ ആദ്യ ഏകദിനം ഇന്ന്

അതേസമയം, ഇന്ത്യ-സിംബാബ്‍വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മുതിർന്ന താരങ്ങളും പരിശീലകനുമില്ലാതെയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ ഇറങ്ങുക. നായകൻ കെ.എൽ രാഹുലിനും യുവനിരക്കും പരമ്പര നിർണായകമാണ്. ഹരാരെ സ്പോർട്സ് ക്ലബിൽ ഉച്ചയ്ക്ക് 12.45 ആണ് മത്സരം.

രാഹുൽ ദ്രാവിഡിന് വിശ്രമം നൽകിയതിനാൽ സിംബാബ്‌വെയിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ് ലക്ഷ്‌മണാണ്. കെ.എൽ രാഹുൽ നയിക്കുന്ന സംഘത്തിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ട്. ശിഖർ ധവാനാണ് വൈസ് ക്യാപ്റ്റൻ. ആദ്യ ഇലവനിൽ ഇറക്കാൻ പ്രാപ്തരായ ഇരട്ടിപേർ ഊഴം കാത്തുനിൽക്കുമ്പോൾ, ട്വൻറി20 ലോകകപ്പിലടക്കം അവസരം കിട്ടണമെങ്കിൽ പരമ്പരയിലെ പ്രകടനം നിർണായകമാണ്.

പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. 20, 22 തീയതികളിൽ യഥാക്രമം 2, 3 ഏകദിനങ്ങൾ നടക്കും. ഹരാരെയിലെ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഇരുടീമും 63 ഏകദിനങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 51ലും ജയം ഇന്ത്യക്കായിരുന്നു. രണ്ട് മത്സരങ്ങൾ സമനിലയായതൊഴിച്ച് ബാക്കിയേ സിംബാബ്‌വെയുടെ അക്കൗണ്ടിൽവരുന്നുള്ളൂ. സിംബാബ്‌വെ ക്രിക്കറ്റിനെ സംബന്ധിച്ച് ഇന്ത്യയുമായി നടക്കുന്ന പരമ്പര വലിയ വരുമാനമാർഗം കൂടിയാണ്.

Story Highlights: felt alone in crowd virat kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement