‘കള്ളനല്ല പൊലീസാ..’ ചണ്ഡീഗഡിൽ സിഗരറ്റ് മോഷ്ടിക്കുന്ന എസ്ഐയുടെ ദൃശ്യങ്ങൾ വൈറൽ

കുറ്റാന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് സിസിടിവികൾ. മോഷ്ടാക്കളെ പിടിക്കാനും, നിയമലംഘനം കണ്ടെത്തുന്നതിനും ക്യാമറകൾ സ്ഥാപിക്കാൻ പൊലീസ് പലപ്പോഴും നിർദേശിക്കാറുണ്ട്. എന്നാൽ ഇപ്പോൾ, അതേ സിസിടിവി ഒരു പൊലീസ് ഉദ്യോഗസ്ഥന് പണികൊടുത്തിരിക്കുകയാണ്. ചണ്ഡീഗഡ് സബ് ഇൻസ്‌പെക്ടർ കടയിൽ നിന്ന് സിഗരറ്റ് പാക്കറ്റ് മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഹരിയാനയിലെ പഞ്ച്കുല ജില്ലയിലെ സെക്ടർ 17 ലാണ് സംഭവം. തിങ്കളാഴ്ച രാജീവ് കോളനിയിലുള്ള കടയിൽ സാധനം വാങ്ങിക്കാൻ എത്തിയതായിരുന്നു എസ്ഐ. അൽപ്പനേരം കടയുടെ കൗണ്ടറിൽ നിന്ന ശേഷം തിരിച്ചു പോകുകയും ചെയ്തു. പിന്നീട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന സിഗരറ്റ് പാക്കറ്റുകൾ എണ്ണി നോക്കിയപ്പോൾ രണ്ട് പാക്കറ്റുകൾ കുറവാണെന്ന് കണ്ടെത്തി. തുടർന്ന് കടയുടമ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്റെ കരവിരുത് അറിയുന്നത്.
മൗലി ജാഗരൺ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറാണ് മോഷണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ കടയുടമ സ്റ്റേഷനിൽ എത്തി സബ് ഇൻസ്‌പെക്ടറുമായി സംസാരിച്ചു. സിഗരറ്റിനുള്ള പണം നൽകുകയോ അല്ലെങ്കിൽ സിഗരറ്റ് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ഇൻസ്‌പെക്ടർ കടയിൽ എത്തി പണം നൽകുകയും ചെയ്തു. ഈ സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാണ്.
Story Highlights: Police officer caught shoplifting on camera in Chandigarh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here